»   » മലയാളത്തിലെ കോടീശ്വരന്മാരില്‍ സുരേഷ് ഗോപിയും

മലയാളത്തിലെ കോടീശ്വരന്മാരില്‍ സുരേഷ് ഗോപിയും

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
കോടീശ്വരന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ നടന്‍ സുരേഷ് ഗോപിയുടെ ചിത്രമാണ് പലരുടെയും മനസിലേയ്ക്ക് വരുക. എന്നും നമ്മുടെ സ്വീകരണമുറിയില്‍ കോടീശ്വരനെന്ന വാക്ക് മുഴക്കുന്ന നടനായി മാറിയിട്ടുണ്ട് സുരേഷ് ഗോപി. നിങ്ങള്‍ക്കുമാകാം കോടിശ്വരന്‍ എന്ന പരിപാടിയിലൂടെ സിനിമയിലെ പൊലീസ് വേഷക്കാരന്റെ മറ്റൊരുമുഖമാണ് മലയാളികള്‍ കണ്ടത്.

എന്തായാലും പരിപാടി സൂപ്പര്‍ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടിയില്‍ മറ്റൊരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. സുരേഷ് ഗോപിയും കോടീശ്വരനായി, പരിപാടിയുടെ അവതാരകന്‍ എങ്ങനെ കോടീശ്വരനാകും എന്നാണ് ചോദിക്കാന്‍ വരുന്നതെങ്കില്‍, അല്ല ടിവി പരിപാടിയിലൂടെയല്ല സുരേഷ് കോടീശ്വരനായിരിക്കുന്നത്.

പുതിയ ചിത്രത്തിന് സുരേഷ് ഗോപിയ്ക്ക് ലഭിച്ചിരിക്കുന്ന പ്രതിഫലമാണ് ഒരു കോടി രൂപ. കുറച്ചുകാലത്തെ ഇടവേള കഴിഞ്ഞാല്‍ സുരേഷ് ഗോപി വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ഈ വരവ് കോടിരൂപ പ്രതിഫലം വാങ്ങി സുരേഷ് വലിയ വാര്‍ത്തയാക്കുകയും ചെയ്തിരിക്കുകയാണ്. ജോഷിയുടെ കശ്മീര്‍ എന്ന ചിത്രത്തിന് സുരേഷിന് ഇത്രയും വലിയ തുക പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. ഒരു സൈനിക ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

മലയാളസിനിമയില്‍ ഇതുവരെ കോടിരൂപ പ്രതിഫലം വാങ്ങിയിട്ടുള്ള താരങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലും മാത്രമാണത്രേ, സംവിധായകരുടെ കണക്കെടുത്താല്‍ സിദ്ദിഖാണ് കോടീശ്വരപ്പട്ടികയിലുള്ളത്.

കോടീശ്വരന്‍ പരിപാടിയുടെ ഉയര്‍ന്ന റേറ്റിങ്ങ് കാരണമാണ് സുരേഷ് ഗോപി പ്രതിഫലത്തുക കൂട്ടിയതെന്നാണ് കേള്‍ക്കുന്നത്. പരസ്യചിത്രങ്ങളിലഭിനയിക്കാനും താരമിപ്പോള്‍ വന്‍തുകവാങ്ങുന്നുണ്ടത്രേ. നേരത്തേ മമ്മൂട്ടിയ്‌ക്കൊപ്പം കിങ് ആന്റ് കമ്മീഷണര്‍ എന്ന ചിത്രത്തില്‍ അഭിനയച്ച സുരേഷ് ഗോപിയെ പിന്നെ മറ്റു ചിത്രങ്ങളിലൊന്നും കണ്ടിട്ടില്ല.

അങ്ങനെയിരിക്കെ അദ്ദേഹം പരസ്യചിത്രങ്ങളില്‍ സജീവമാകുകയും പിന്നീട് കോടീശ്വരന്‍ പരിപാടിയുടെ അവതാരകനാവുകയും ചെയ്തു. താരങ്ങള്‍ ടിവി പരിപാടികളില്‍ പങ്കെടുക്കരുതെന്ന് പ്രൊഡ്യൂസേഴ്‌സ അസോസിയേഷന്റെ നിബന്ധനയുണ്ട്. അതിനാലാണ് സുരേഷ് ഗോപി മറ്റു ചിത്രങ്ങളിലൊന്നും അഭിനയിക്കാതിരുന്നതെന്നാണ് കേള്‍ക്കുന്നത്.

എന്തായാലും ജോഷിയുടെ കശ്മീരിലൂടെ സുരേഷ് ഗോപി വീണ്ടുമെത്തുകയാണ്. ചിത്രത്തില്‍ ജയറാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
Reports says that actor Suresh Gopi received one crore for Joshi's Kashmir.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam