»   » പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും രക്ഷയില്ല

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും രക്ഷയില്ല

Posted By:
Subscribe to Filmibeat Malayalam

മതവികാരങ്ങള്‍ വ്രണപ്പെട്ടേയ്ക്കുമെന്നതിന്റെ പേരില്‍ വീണ്ടുമൊരു ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടു. ദീപേഷ് ഒരുക്കിയ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറായില്ല.

ക്രിസ്തുമതത്തെക്കുറിച്ച് ചിത്രത്തിലുള്ള പരാമര്‍ശങ്ങള്‍ മതവികാരങ്ങള്‍ വ്രണപ്പെടുത്താന്‍ പോന്നവയാണെന്നും ഈ രീതിയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കാണിച്ചാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനനുമതി നിഷേധിച്ചിരിക്കുന്നത്.

Pithavinum Puthranum Parishuddhathmavinum

ചിത്രത്തിലെ ചില രംഗങ്ങള്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗവും പ്രമുഖ സംവിധായകനുമായ ഷാജി എന്‍ കരുണ്‍ ആവശ്യപ്പെട്ടു. ചിത്രം ബോര്‍ഡ് സ്‌ക്രീന്‍ ചെയ്ത സമയത്ത് സംവിധായകന്റെ സാന്നിധ്യമില്ലായിരുന്നുവത്രേ. അതുകൊണ്ടുതന്നെ ഓരോ സീനിനും വ്യക്തത നല്‍കാനും കഴിഞ്ഞില്ല. സംശയങ്ങളും വ്യക്തതക്കുറവും നിലനില്‍ക്കുന്നതിനാല്‍ പ്രദര്‍ശനാനുമതി തടയുകയല്ലാതെ തങ്ങള്‍ക്ക് മറ്റു നിവൃത്തിയില്ലെന്നാണ് ബോര്‍ഡ് അംഗങ്ങള്‍ പറയുന്നത്.

തന്റെ ചിത്രം സ്‌ക്രീന്‍ ചെയ്യുന്ന കാര്യം ബോര്‍ഡ് തന്നെ അറിയിച്ചിരുന്നില്ലെന്നാണ് ദീപേഷ് പറയുന്നത്. കാര്യമറിയാത്തതുകൊണ്ടുതന്നെ സ്‌ക്രീനിങ് സമയത്ത് തന്റെ സാന്നിധ്യം ഉറപ്പാക്കാന്‍ പറ്റിയില്ലെന്നും സംവിധായകന്‍ പറയുന്നു. സാധാരണ നിലയില്‍ ബോര്‍ഡിന് മുന്നിലെത്തിയ ഒരു ചിത്രം സ്‌ക്രീനിങ് ചെയ്യുമ്പോള്‍ നിര്‍മ്മാതാവിനെ അറിയിക്കാറുണ്ട്. എന്നാല്‍ തന്റെ ചിത്രത്തിന്റെ കാര്യത്തില്‍ബോര്‍ഡ് ഇതിന് തയ്യാറായില്ലെന്നാണ് ദീപേഷ് ആരോപിക്കുന്നത്.

കന്യാസ്ത്രീകളെക്കുറിച്ച് മോശമായ തരത്തിലുള്ള പരാമര്‍ശങ്ങളുള്ളതിനാലാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതെന്നാണ് ബോര്‍ഡ് പറയുന്നതെന്ന് ദീപേഷ് പറയുന്നു. എന്നാല്‍ കന്യാസ്ത്രീകളെ തള്ളിപ്പറയാനല്ല ചില സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് വെളിച്ചം വീശാനാണ് താന്‍ ശ്രമിച്ചതെന്നും സംവിധായകന്‍ വിശദീകരിക്കുന്നു.

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് വ്യക്തമായതോടെ ദീപേഷ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. അവിടെയെങ്കിലും തന്റെ ചിത്രത്തിന് രക്ഷകിട്ടുമെന്ന പ്രതീക്ഷയിലാണ് താനെന്നും ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ദീപേഷ് പറഞ്ഞു. സംവിധായകന്‍ വികെ പ്രകാശ്, ഹണി റോസ്, രാജ്ശ്രീ പൊന്നപ്പ, ശാരി തുടങ്ങിയവരെല്ലാം വൈദികന്റെയും കന്യാസ്ത്രീകളുടെയും വേഷത്തില്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
The movie Pithavnum Puthranum Parishudhatmavinum lands in trouble. Directed by Deepesh, the movie failed to get green signal from the Censor Board Of Film Certification

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam