twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒളിമായാത്ത ചിരിയുടെ നിത്യഹരിത ഓര്‍മ്മ -പ്രേംനസീര്‍

    By Ravi Nath
    |

    Prem Nazir
    മലയാളക്കരയുടെ മനസ്സില്‍ മായാത്ത പുഞ്ചിരിയായ് നിറനിലാവിന്റെ ശോഭയോടെ വിരാജിക്കുന്ന പ്രേംനസീറിന്റെ ഇരുപത്തിനാലാമത് ചരമവാര്‍ഷികമാണ് ബുധനാഴ്ച. നക്ഷത്രശോഭയാല്‍ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന അനശ്വരനടന്‍ മണ്ണില്‍ കാലുകുത്തിനിന്ന താരമായിരുന്നു.

    പണ്ട് സിനിമ സാധാരണക്കാരനില്‍ നിന്ന് അകലം പാലിച്ച് നിന്നപ്പോള്‍ പ്രേംനസീര്‍ എന്ന എക്കാലത്തേയും സൂപ്പര്‍താരം ജനഹൃദയങ്ങളോട് ചേര്‍ന്നു നിന്നു തന്റെ ഹൃദ്യമായ ജീവിതത്തിലൂടെ ഇന്ന് സിനിമ പ്രേക്ഷകരോട് അടുത്തുനില്‍ക്കുന്നുവെങ്കിലും താരങ്ങള്‍ വിണ്ണിലാണ് വിരാജിക്കുന്നത്.

    താരതമ്യങ്ങള്‍ ഒരിക്കലും ആവശ്യപ്പെടാത്തവിധം അന്യന്റെ വേദനകളോട് ഹൃദയഭാഷയില്‍ സംവദിച്ച പ്രേംനസീറിനെ താരം എന്നതിലുപരി നല്ല മനുഷ്യസ്‌നേഹി എന്നാണ് സിനിമയ്ക്കകത്തും പുറത്തും വിശേഷിപ്പിക്കാന്‍ സാധിക്കുക. 1950 കളില്‍ താരമായി ഉദിച്ചുയര്‍ന്ന പ്രേംനസീര്‍ 60 കളിലും 70 കളിലും താരസിംഹാസനം ഭദ്രമാക്കി.

    രാഷ്ട്രം പത്മശ്രീയും പത്മഭൂഷണും കൊടുത്ത് ആദരിച്ച ഈ മഹാനടന്റെ സിനിമ ജീവിതം എത്രയോ ആവര്‍ത്തി നമ്മള്‍ പുനര്‍വായനനടത്തിയിരിക്കുന്നു. സാധാരണ മനുഷ്യര്‍ ക്കിടയിലെ പരസ്പര ബന്ധങ്ങളില്‍ പോലും വിട്ടുവീഴ്ചകളും സ്‌നേഹവും കടപ്പാടുമൊന്നും കാണാതാവുന്ന ഇക്കാലത്തും പ്രേംനസീറിന്റെ ഓര്‍മ്മകള്‍ ചെലുത്തുന്ന സ്വാധീനം ആ ചിരിയുതിര്‍ക്കുന്ന ഹൃദ്യത അതു തന്നെയാണ് കാലം മായ്ക്കാത്ത ഏറ്റവും വലിയ ഓര്‍മ്മ.

    അഭിനയിച്ച സിനിമ നിര്‍മ്മാതാവിന് നഷ്ടം വരുത്തിയാല്‍ അടുത്ത ചിത്രത്തിന് പ്രതിഫലം പോലും പറ്റാതെ അയാള്‍ക്ക് ഡേറ്റ് കൊടുക്കുന്ന ഒരു താരം ഇനി മലയാളത്തില്‍ പിറക്കാനിടയില്ല. ഒരു പരിചയം പോലുമില്ലാത്ത എത്രയോ പേര്‍ക്ക് എല്ലാമാസവും തെറ്റാതെ പണമയച്ചുകൊടുത്ത് അന്യന്റെ സങ്കടങ്ങളെ സ്വന്തം സങ്കടങ്ങളാക്കിയ താരവും ഇനിയുണ്ടാവില്ല.

    ആര്‍ക്കും എളുപ്പം കടന്നുചെല്ലാവുന്ന ഇന്നത്തെ സിനിമയില്‍ വലുപ്പചെറുപ്പങ്ങള്‍ വലിയ അളവില്‍ നിലനില്‍ക്കുന്നുണ്ട്. ലൈറ്റ് ബോയിക്കും ജൂനിയര്‍ ആര്‍ട്ടിസ്‌റിനും തന്റെ ദുഃഖങ്ങള്‍ പറയാവുന്ന അരികത്ത് ജീവിച്ച പ്രേംനസീര്‍ എന്ന താരം വിശ്വസിക്കാനാവാത്ത ഒരു പ്രതിഭാസമായി എത്രയോ പേരുടെ സിനിമ അനുഭവങ്ങളില്‍ ഇന്നും ദീപ്തമായി നിലനില്‍ക്കുന്നു. അഭിനയിച്ച സിനിമകളുടെ എണ്ണത്തിലോ ചെയ്ത വേഷങ്ങളുടെ വൈവിധ്യങ്ങള്‍ക്കോ അപ്പുറം പ്രേംനസീര്‍ എന്ന നിത്യഹരിതസാന്നിധ്യം മലയാളത്തിന്റെ എക്കാലത്തേയും നനുത്ത ഓര്‍മ്മയാണ്.

    തിക്കുറിശ്ശി മുതല്‍ മലയാളത്തിലെ നാലാം തലമുറയിലെ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച പ്രേംനസീറിനെ കുറിച്ച് ഒരാള്‍ക്കുപോലും സുന്ദരമല്ലാത്ത ഒരനുഭവവും പങ്കുവെക്കാനില്ല എന്നതാണ് നസീര്‍ എന്ന സിനിമ വ്യക്തിത്വം. മലയാളസിനിമയിലെ അനശ്വരഗാനങ്ങളെ ഇന്നും ഹരിതഗാനങ്ങളായി നിലനിര്‍ത്തുന്നതില്‍ പ്രേംനസീറിനുള്ള സ്ഥാനം വളരെ വലുതാണ്.

    യേശുദാസ് പാടി പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ ഒട്ടു മിക്ക ഗാനങ്ങളും പ്രേംനസീറിന്റെ ചുണ്ടുകളാണ് കാഴ്ചക്കാരന് സമ്മാനിച്ചത്. ആ പാട്ടുകളത്രയും പ്രേംനസീര്‍ പാടിയതാണെന്ന് തന്നെ വിശ്വസിക്കാനാണ് ഒരു കാലഘട്ടം ആഗ്രഹിച്ചത്.

    മലയാളസിനിമയില്‍ പകരം വെക്കാനില്ലാത്ത ഈ പ്രതിഭയെ മരണത്തോടെ ഔദ്യോദികകേരളം മറന്നുപോയിരിക്കുന്നു. പ്രേംനസീര്‍ ഫൗണ്ടേഷന്റെ പുരസ്‌കാരങ്ങള്‍ക്കപ്പുറം ഉചിതമായ തൊന്നും മലയാളം നിത്യഹരിതനായകനുവേണ്ടി ഇനിയും ചെയ്തിട്ടില്ല. ഒരു പ്രേംനസീര്‍ മുഖം കാണാതെ മലയാളക്കരയുടെ വീടകം ഉറങ്ങാത്ത ദിനങ്ങളിലുടെയാണ് നമ്മള്‍ കടന്നുപോകുന്നതെങ്കിലും സിനിമയ്ക്കകത്തും പുറത്തും പ്രേംനസീറിനെ ഇനിയും കൂടുതല്‍ അറിയാനും പഠിക്കാനും ശ്രമിക്കേണ്ടതുണ്ട്.

    English summary
    He was the first superstar in Malayalam cinema. And he still remains its greatest romantic hero. Prem Nazir's legacy lives on.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X