»   » ഇപ്പോഴത്തെ കോമഡി അത്ര പോര: പ്രിയദര്‍ശന്‍

ഇപ്പോഴത്തെ കോമഡി അത്ര പോര: പ്രിയദര്‍ശന്‍

Posted By:
Subscribe to Filmibeat Malayalam
Priyadarshan
ചിത്രം, കിലുക്കം, തേന്‍മാവിന്‍ കൊമ്പത്ത്, ചന്ദ്രലേഖ എന്നീ സൂപ്പര്‍ഹിറ്റ് കോമഡികള്‍ പോലെയൊന്ന് ഇനിയും സംവിധായകന്‍ പ്രിയദര്‍ശനില്‍ നിന്നു പ്രതീക്ഷിക്കാന്‍ പറ്റുമോ? ഇല്ല. കാരണം പ്രിയന്‍ കോമഡി ചിത്രങ്ങളോടു വിടപറയുകയാണ്. ഇനി ഞാന്‍ കോമഡി ചിത്രങ്ങള്‍ ചെയ്യുകയില്ലെന്ന് പ്രിയദര്‍ശന്‍ ഉറപ്പിച്ചു പറഞ്ഞു. കഥയോ ആശയോ ഇല്ലാത്തതുകൊണ്ടല്ല. മലയാളത്തില്‍ കോമഡി അവതരിപ്പിക്കാന്‍ പറ്റിയ താരങ്ങള്‍ ജീവിച്ചിരിക്കുന്നില്ല എന്നതാണ് കോമഡിയോടു വിടപറയാന്‍ പ്രിയനെ പ്രേരിപ്പിച്ചത്.

തിലകന്‍, ശങ്കരാടി, കൊച്ചിന്‍ ഹനീഫ, കുതിരവട്ടം പപ്പു എന്നിങ്ങനെയുള്ള അനുഗൃഹീത കലാകാരന്‍മാര്‍ വിടപറഞ്ഞു. ജഗതി ശ്രീകുമാര്‍ ആണെങ്കില്‍ അപകടത്തില്‍ പരുക്കേറ്റ് തിരിച്ചുവരുമോയെന്നു പോലും പറയാന്‍പറ്റാത്ത സ്ഥിതിയില്‍ നില്‍ക്കുന്നു. ആകെയുള്ളത് മോഹന്‍ലാലും ഇന്നസെന്റും മാമുക്കോയയും മാത്രമാണ്. ബാക്കിയുള്ള താരങ്ങളുടെ കോമഡിയില്‍ അദ്ദേഹത്തിനു താല്‍പര്യവുമില്ല. അതുകൊണ്ട് കോമഡി ചിത്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയാണെന്നാണ് പ്രിയന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

മോഹന്‍ലാലിനെ നായകനാക്കി ഗീതാഞ്ജലി എന്ന ചിത്രം ഒരുക്കാന്‍ പോകുകയാണ് പ്രിയന്‍. മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ച ഡോ. സണ്ണിയാണ് ഈ ചിത്രത്തിലെ നായകന്‍. എന്നാല്‍ കഥയ്ക്ക് മണിചിത്രത്താഴുമായോ അതിന്റെ രണ്ടാംഭാഗവുമായോ ബന്ധമൊന്നുമില്ല. ഡോ. സണ്ണി മാത്രമാണ് അവിടെ നിന്നു വരുന്നത്. ബാക്കിയെല്ലാം പുതിയ കഥാപാത്രങ്ങളാണ്.

അറബീം ഒട്ടകവും മാധവന്‍നായരും ആയിരുന്നു മലയാളത്തില്‍ ഒടുവില്‍ ചെയ്ത ചിത്രം. അതില്‍ ലാലും മുകേഷുമായിരുന്നു പ്രധാന വേഷം ചെയ്തിരുന്നത്. എന്നാല്‍ പ്രിയന്റെ പതിവുചിത്രങ്ങള്‍ക്കു ലഭിക്കുന്ന സ്വീകരണം ഈ ചിത്രത്തിനു ലഭിച്ചിരുന്നില്ല. കോമഡിയെല്ലാം ആവര്‍ത്തന വിരസമായിരുന്നു. ഈ ചിത്രത്തിനേറ്റ പരാജയം കൂടി പ്രിയനെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. മലയാളത്തിലെ കോമഡി ചിത്രങ്ങളെല്ലാം ഹിന്ദിയില്‍ ചെയത് അവിടെയും സൂപ്പര്‍ഹിറ്റാക്കിയിരുന്നു. എന്നാല്‍ അടുത്തിടെ ഹിന്ദിയിലും പ്രിയനു വന്‍ തിരിച്ചടിയാണുണ്ടായത്. തൊട്ടതെല്ലാം പരാജയപ്പെട്ടു. അതോടെയാണ് മലയാളത്തിലേക്കു തിരിച്ചുവരാന്‍ തീരുമാനിച്ചത്. താനിതുവരെ ചെയ്ത ചിത്രത്തില്‍ തമിഴ് ചിത്രമായ കാഞ്ചീവരമാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്നു പറയുന്ന പ്രിയന്‍ ആ ചിത്രം ഇതുവരെ മലയാളത്തില്‍ റിലീസ് ചെയ്തിട്ടില്ല.

English summary
Talented artists not enough, Priyadarshan will not do Malayalam comedy films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam