മോഹന്‍ലാല്‍ ജനകീയനാണ്, പൃഥ്വിരാജ് ഒറ്റയിരിപ്പിന് ഡബ്ബ് ചെയ്യും, താരങ്ങളെക്കുറിച്ച് സേതു അടൂര്‍
താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമയ്ക്ക് മുന്നില്‍ പ്രവര്‍ത്തിക്കുന്നവരെ മാത്രമാണ് പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയത്. മുന്നണിയില്‍ മാത്രമല്ല പിന്നണിയിലും നിരവധി പേര്‍ പ്രവര്‍ത്തിക്കാറുണ്ട്. പ്രൊഡക്ഷനില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജോലി നിസാരമല്ല. ലൊക്കേഷനിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നവരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍. മലയാള സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാറിലൊരാളായ സേതു അടൂര്‍ പങ്കുവെച്ച വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, പൃഥ്വിരാജ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ചതിനെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. പാഥേയത്തിലൂടെയായിരുന്നു മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ദേഷ്യപ്പെടാറുണ്ടെങ്കിലും പെട്ടെന്ന് തന്നെ അത് മാറാറുണ്ടെന്ന് സേതു പറയുന്നു.
അന്ന് കണ്ടിരുന്ന അതേ ലാല്‍ സാറാണ് ഇപ്പോഴും. അന്നൊന്നും സംസാരിക്കാറുണ്ടായിരുന്നില്ല. ദൂരെ നിന്ന് കാണാറാണ് പതിവ്. പിന്നീട് കുറേ സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നു. യൂണിറ്റ് പിള്ളേരോട് പോലും സോഷ്യലായാണ് അദ്ദേഹം പെരുമാറാറുള്ളത്. ജനകീയനാണ് അദ്ദേഹമെന്നും സേതു പറയുന്നു.

അസിസ്റ്റന്റ് ഡയറക്ടര്‍മാരെ ഒരുപാട് കുഴപ്പിക്കുന്ന ആര്‍ടിസ്റ്റ് കൂടിയാണ് മോഹന്‍ലാല്‍. ഒരു സീന്‍ ഷൂട്ട് ചെയ്ത് അടുത്ത ഷെഡ്യൂള്‍ ഒരുവര്‍ഷം കഴിഞ്ഞാണ് ആരംഭിക്കുന്നതെങ്കിലും ലാല്‍ സാര്‍ ഓര്‍ത്തിരിക്കും. മോനേ ആ ചെയര്‍ അവിടല്ലായിരുന്നുവല്ലോയെന്ന് അദ്ദേഹം ചോദിക്കും. അതിന് ശേഷമായിരിക്കും അവരും ഇത് നോക്കുന്നത്. ലാല്‍ സാര്‍ പറഞ്ഞത് ശരിയായിരിക്കുകയും ചെയ്യും.
ഡബ്ബിംഗിന് കയറിയാല്‍ അത് തീര്‍ത്തേ പൃഥ്വിരാജ് വെള്ളം പോലും കുടിക്കൂ, അത്രയും സ്പീഡാണ് രാജുവിന്. വാക്കുകള്‍ സ്ഫുടതയോടെ പറയുന്നയാളാണ് സുരേഷ് ഗോപി. ചിരിച്ച് കളിച്ച് ആസ്വദിച്ചാണ് മോഹന്‍ലാല്‍ ഡബ്ബ് ചെയ്യാറുള്ളത്. ലാല്‍ സാര്‍ ചെയ്യുന്ന പല കഥാപാത്രങ്ങളും സുരേഷേട്ടന്‍ ചെയ്താല്‍ ശരിയാവില്ല. അ്ത് പോലെ തന്നെയാണ് മമ്മൂക്കയും. ഓരോരുത്തരുടേയും ശരീരഭാഷയ്ക്ക് അനുസരിച്ച കഥാപാത്രങ്ങളുണ്ടെന്നും സേതു അടൂര്‍ പറയുന്നു.


Click it and Unblock the Notifications











