»   » 'മറിമായം രചന'യ്ക്ക് ജയറാം നായകന്‍

'മറിമായം രചന'യ്ക്ക് ജയറാം നായകന്‍

Posted By:
Subscribe to Filmibeat Malayalam
Rachana
മഴവില്‍ മനോരമയിലെ മറിമായം എന്ന ജനപ്രിയ ആക്ഷേപഹാസ്യപരിപാടിയിലെ പ്രധാന
ആകര്‍ഷണമാണ് രചന. രചനയുടെ ജനപ്രിയത സിനിമയിലേക്കുള്ള കവാടം തുറക്കല്‍
എളുപ്പമാക്കി. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍
നിര്‍മ്മിച്ച് ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ലക്കിസ്‌റാറില്‍
ജയറാമിന്റെ നായികയായി രചന സിനിമയിലേക്ക് കടക്കുകയാണ്. ബി.എഡ് കഴിഞ്ഞ്
ടീച്ചറായും എഫ്എമ്മില്‍ റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ച രചനയ്ക്കു
തികഞ്ഞ കലാപാരമ്പര്യം സ്വന്തമായി അവകാശപ്പെടാനുണ്ട്.

ക്‌ളാസിക്കല്‍ ഡാന്‍സ്, ഓട്ടന്‍ തുള്ളല്‍, കഥകളി, കഥാപ്രസംഗം തുടങ്ങി സ്‌ക്കൂള്‍
കലോല്‍സവങ്ങളില്‍ കൈവെക്കാവുന്ന മേഖലകളിലെല്ലാം തിളങ്ങിയ രചന നാലാം
ക്‌ളാസുമുതല്‍ പത്തുവരെ തൃശൂര്‍ ജില്ലാ കലാതിലകപട്ടം അണിഞ്ഞവളാണ്.
യൂണിവേഴ്‌സിറ്റി കലാതിലകമായും കലാമേളയിലെ വളര്‍ച്ച നിലനിര്‍ത്തി. താന്‍
രജനീകാന്തിന്റെ സഹോദരിയാണെന്ന് വീമ്പുപറയുന്ന രചനയ്ക്ക് അതിനൊരു ന്യായം
മുന്നോട്ടുവെക്കാനുണ്ട്. രചനയുടെ സഹോദരന്റെ പേര് രജനീകാന്ത് എന്നാണ്.
രജനീകാന്ത് ഫാനായ അമ്മാവനാണ് അനന്തിരവന് ഈ പേര് നല്‍കി രചനയ്ക്ക്
അഭിമാനിക്കാന്‍ ഇങ്ങനെ ഒരവസരമൊരുക്കിയത്.

സിനിമ രചനയുടെ സ്വപ്നമൊന്നുമായിരുന്നില്ലെങ്കിലും കലാപ്രവര്‍ത്തികളില്‍ അവര്‍ ഏറെ
ഉല്‍സാഹിയായിരുന്നു. ടീച്ചര്‍ ജോലിക്കിടെ യാദൃശ്ചികമായാണ് മറിമായത്തില്‍
വന്നുപെട്ടത്. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഈ ആക്ഷേപഹാസ്യപരിപാടിയില്‍
പെട്ടെന്ന്‌ ശ്രദ്ധിക്കുന്ന നിലയിലേക്ക് വളര്‍ന്ന രചനയ്ക്ക്
സിനിമയിലേക്കും അങ്ങിനെ അവസരം ഒത്തുവന്നു. മറിമായത്തിലെ മിക്കതാരങ്ങളും
ഇന്ന് സിനിമയില്‍ എത്തിക്കൊണ്ടിരിക്കുന്നു. ലക്കിസ്‌ററാറില്‍ രചനയെകൂടാതെ
മറ്റൊരു നായിക കൂടിയുണ്ടാവും അതാരാണെന്ന് തീരുമാനമായിട്ടില്ല. മുകേഷ്
പ്രധാനവേഷത്തില്‍ ചിത്രത്തിലുണ്ട്. ഡിസംബര്‍ രണ്ടാംവാരം
ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ചെന്നൈ,
പെള്ളാച്ചി എന്നിവിടങ്ങളിലാണ്.

English summary
Jayaram and Rachana Narayanan Kutty play the young couple in the movie of Deepu Anthikkad, being produced by Galaxy Films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam