For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മറ്റൊരു ക്യാമറാമാനും സംവിധായകനാകുന്നു

By നിര്‍മല്‍
|

Rajeev Ravi
മറ്റൊരു ക്യാമറാമാന്‍ കൂടി മലയാളത്തില്‍ സംവിധായകന്റെ തൊപ്പിയണിയുന്നു. ബോളിവുഡിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച രാജീവ് രവിയാണ് ഫഹദ് ഫാസിലിനെ നായകനാക്കി അന്നയും റസൂലും എന്ന ചിത്രമൊരുക്കുന്നത്. സന്തോഷ് ഏച്ചിക്കാനത്തിന്റെതാണ് തിരക്കഥ. സംവിധായകന്‍ ആഷിക് അബുവും മുഖ്യവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

ക്യാമറയുടെ പിന്നില്‍ നിന്ന് സംവിധായകന്റെ മേലങ്കിയണിയുന്ന ആദ്യ ആളല്ല രാജീവ് രവി. ഷാജി എന്‍. കരുണ്‍ മുതല്‍ പി.സുകുമാര്‍ വരെ എത്രയോ പേര്‍ ഈ രംഗത്തേക്കു വന്നിട്ടുണ്ട്. എന്നാല്‍ മലയാളത്തിലെ കണക്കെടുക്കുമ്പോള്‍ ക്യാമറാമാനില്‍ നിന്ന് സംവിധായകനിലേക്ക് പകര്‍ന്നാട്ടം നടത്തിയ അപൂര്‍വം പേര്‍ക്കു മാത്രമേ വിജയിക്കാന്‍ സാധിച്ചിട്ടുള്ളൂ.

അരവിന്ദന്റെ സിനിമയിലൂടെയാണ് ഷാജി എന്‍. കരുണ്‍ ക്യാമറാമാന്‍ ആയി മലയാളത്തില്‍ അറിയപ്പെടുന്നത്. കാഞ്ചനസീത മുതല്‍ ഒരിടത്തു വരെ അരവിന്ദന്റെ കാഴ്ചകള്‍ പകര്‍ത്തിയിരുന്നത് ഷാജിയായിരുന്നു. പിന്നീടാണ് സ്വന്തമായി സംവിധാനത്തിലേക്കു വരുന്നത്. ആദ്യചിത്രമായ പിറവിയിലൂടെ തന്നെ ലോകപ്രശസ്തനായി. പിന്നീട് സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ വാനപ്രസ്ഥത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. കുട്ടിസ്രാങ്കില്‍ മമ്മൂട്ടിയും. ഇനി മോഹന്‍ലാലിനെ നായകനാക്കി ടി. പത്മനാഭന്റെ കടല്‍ സിനിമയാക്കാന്‍ പോകുകയാണ് ഷാജി.

വേണുവാണ് ക്യാമറാമാനില്‍ നിന്ന് സംവിധായകനിലേക്കു വളര്‍ന്ന മറ്റൊരു പ്രഗത്ഭന്‍. എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ മഞ്ജുവാര്യര്‍ നായികയായ ദയ എന്ന ചിത്രമാണ് വേണു സംവിധാനം ചെയ്ത ഏക ചിത്രം. ദയ കലാപരമായി മുന്നില്‍ നിന്നിരുന്നെങ്കിലും സാമ്പത്തികമായി വന്‍ പരാജയമായിരുന്നു. അതിനു ശേഷം വേണു ക്യാമറയുടെ പിന്നിലേക്കു തന്നെ പോയി. ക്യാമറാമാന്‍ ദിനേശ് ബാബു കുഞ്ചാക്കോ ബോബനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മഴവില്ല്. ഓസ്‌ട്രേലിയയില്‍ ചിത്രീകരിച്ച മഴവില്ല് പേരുപോലെ ദൃശ്യമനോഹരമായിരുന്നെങ്കിലും സാമ്പത്തികമായി തകര്‍ച്ചയായിരുന്നു. വിനീതും പ്രീതയുമായിരുന്നു മറ്റു പ്രധാന താരങ്ങള്‍.

ദിലീപിനെ നായകനാക്കിയായിരുന്നു ക്യാമറാമാന്‍ വിപിന്‍ മോഹന്‍ സംവിധാനരംഗത്തേക്കിറങ്ങിയത്. പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രം പക്ഷേ വിപിനെ നല്ല സംവിധായകനാക്കിയില്ല. ദിലീപ്-നവ്യ ജോടികള്‍ തിളങ്ങിനില്‍ക്കുന്ന കാലമായിരുന്നു സുന്ദരന്‍ വന്നത്. പക്ഷേ നല്ലൊരു കഥയുടെ പോരായ്മ ചിത്രത്തെ ബാധിച്ചു. ക്യാമറയില്‍ അത്ഭുതങ്ങള്‍ കാണിച്ച പി.സുകുമാറിനും പക്ഷേ സംവിധാകനായി ശോഭിക്കാന്‍ സാധിച്ചില്ല. ദിലീപിനെ നായകനാക്കിയൊരുക്കിയ സ്വന്തം ലേഖകന്‍ കഥയുടെ പോരായ്മകൊണ്ടു മാത്രം പരാജയപ്പെട്ട ചിത്രമായിരുന്നു. കലവൂര്‍ രവികുമാറിന്റെതായിരുന്നു തിരക്കഥ.

ക്യാമറാമാന്‍ ആയി തുടങ്ങി സംവിധായകനായതാണ് അമല്‍ നീരദ്. രഞ്ജിത്തിന്റെ ബ്ലാക്കിന്റെ ക്യാമറ ചലിപ്പിച്ചു തുടങ്ങിയതായിരുന്നു അമല്‍. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി ഒരുക്കി. കോപ്പിയടി ചിത്രങ്ങളുടെ സംവിധായകന്‍ എന്ന ബഌക്ക് ലേബല്‍ നേടാന്‍ മാത്രമേ അമലിനു സാധിച്ചുള്ളൂ. അന്‍വര്‍, ബാച്ചിലര്‍ പാര്‍ട്ടി എന്നീ ചിത്രങ്ങളെല്ലാം വിദേശ ചിത്രങ്ങളുടെ കഥകള്‍ 'അടിച്ചുമാറ്റി' ഒരുക്കിയതായിരുന്നു.

ആഷിക് അബുവിന്റെ ആദ്യചിത്രമായ ഡാഡി കൂളിന്റെ സംവിധായകന്‍ സമീര്‍ താഹിര്‍ മാത്രമാണ് ഇതില്‍ അല്‍പമെങ്കിലും രക്ഷപ്പെട്ടത്. വിനീത് ശ്രീനിവാസന്‍- ഫഹദ് ഫാസില്‍ ഒന്നിച്ച ചാപ്പാകുരിശിന്റെ സംവിധായകന്‍ സമീര്‍ ആയിരുന്നു. സമീറിന്റെ പിന്‍തുടര്‍ച്ചക്കാരനായിട്ടാണ് രാജീവ് രവി എത്തുന്നത്. ബോളിവുഡില്‍ നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച രവി മലയാളത്തില്‍ ഒടുവില്‍ ചെയ്തത് പി. ബാലചന്ദ്രന്റെ ഇവന്‍ മേഘരൂപന്‍ ആണ്. നടി ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവാണ് രാജീവ് രവി. ന്യൂ ജനറേഷന്‍ ചിത്രങ്ങളുടെ കൂട്ടത്തിലേക്കാണ് അന്നയും റസൂലും എത്തുന്നത്.

English summary
Noted cameraman Rajeev Ravi will debut as a director in Mollywood with the new movie titled as 'Annayum Rasoolum'. The movie will have the biggest craze of the new generation, Fahad Fazil doing the male lead. Director Ashiqu Abu will also come up as an important character in this movie,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more