»   » എല്ലാ ചിത്രങ്ങളിലും രമ്യയ്ക്ക് നെഗറ്റീവ് ടച്ച്

എല്ലാ ചിത്രങ്ങളിലും രമ്യയ്ക്ക് നെഗറ്റീവ് ടച്ച്

Posted By:
Subscribe to Filmibeat Malayalam

ടൈപ്പ് ചെയ്യപ്പെടുകയെന്നതാണ് ഏതൊരു അഭിനേതാവിന്റെയും കരിയറിലെ ഏറ്റവും വലിയ ദുരന്തം. ചിത്രങ്ങളില്ലാതെ വീട്ടിലിരുന്നാലും ടൈപ്പ് കഥാപാത്രങ്ങള്‍ ചെയ്യാനില്ലെന്നതാണ് പല താരങ്ങളുടെയും നിലപാട്. എത്ര ബുദ്ധിപൂര്‍വ്വം നീങ്ങിയാലും ചിലപ്പോഴെല്ലാം പല അഭിനേതാക്കളും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് മലയാളത്തിലെ യുവനടിമാരിലെ മികച്ച നടി രമ്യ നമ്പീശന്‍.

ചാനല്‍ അവതാരകയെന്ന നിലയില്‍ നിന്നും നടിയായി വളര്‍ന്ന രമ്യയുടെ അരങ്ങേറ്റം മലയാളത്തിലായിരുന്നു. പിന്നീട് മികച്ച കഥാപാത്രങ്ങളൊന്നും മലയാളത്തില്‍ ലഭിയ്ക്കാതായതോടെ രമ്യ തമിഴകത്തേയ്ക്ക് ചുവടുമാറ്റി. ഇവിടെ ഗ്ലാമറിന്റെ അതിപ്രസരമായിരുന്നു താരത്തെ കാതിരുന്നത്. പിന്നീട് രമ്യയെന്ന ഒരു നടിയുണ്ടെന്നതുതന്നെ മലയാളം ചലച്ചിത്രലോകം മറന്നിരുന്ന സമയത്താണ് വമ്പന്‍ മേക്ക് ഓവറുമായി രമ്യ വീണ്ടും എംടൗണില്‍ പ്രത്യക്ഷപ്പെട്ടത്.

ട്രാഫിക്ക് എന്ന ഹിറ്റ് ചിത്രത്തിലാണ് മേക്ക് ഓവറുമായി രമ്യ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിലെ ഭര്‍ത്താവിനെ വഞ്ചിയ്ക്കുന്ന ഭാര്യയായി രമ്യ അസാധ്യ പ്രകടനം കാഴ്ചവച്ചു. പിന്നാലെ വന്നത് മലയാളത്തിലെ ആദ്യ ന്യൂജനറേഷന്‍ മൂവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചാപ്പാ കുരിശായിരുന്നു. ഇതിലും അന്നോളം ആരും കാണാത്തൊരു രമ്യയെയാണ് കാണാനായത്. അതിലെ ചുംബനരംഗവും വഞ്ചിക്കപ്പെടുന്ന കാമുകിയുടെ പ്രശ്‌നങ്ങളുമെല്ലാം രമ്യം അതിമനോഹരമായിട്ടാണ് ചെയ്തത്.

ഈ ചിത്രം വലിയൊരു ബ്രേക്കായെങ്കിലും രമ്യയെ സംബന്ധിച്ച് ഇത് വലിയൊരു പാരകൂടിയായി മാറിയിരിക്കുകയാണ്. പിന്നീടങ്ങോട്ട് വന്ന പല ചിത്രങ്ങളിലും വഞ്ചിയ്ക്കപ്പെടുന്ന അല്ലെങ്കില്‍ വഞ്ചിയ്ക്കുന്ന തരത്തിലുള്ള സ്ത്രീകഥാപാത്രങ്ങളെയാണ് രമ്യയ്ക്ക് അവതരിപ്പിക്കേണ്ടിവന്നത്. ചാപ്പാ കുരിശിലെ ചുംബനരംഗത്തിന് ശേഷം അത്തരം രംഗങ്ങളുള്ള പല ചിത്രങ്ങളിലേയ്ക്കും ക്ഷണം ലഭിച്ചിരുന്നുവെന്ന് രമ്യ തന്നെ വെളിപ്പെടുത്തിയിരുന്നു. ബാച്ച്‌ലര്‍ പാര്‍ട്ടി, പിസ, അപ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്, ഇംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം നെഗറ്റീവ് ടച്ചുള്ള, തനി മലയാളി ശൈലിയില്‍ പറഞ്ഞാല്‍ സദാചാരബോധമില്ലാത്ത കഥാപാത്രങ്ങളാണ് രമ്യയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഏറ്റവും പുതിയതായി റിലീസ് ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും ഏതാണ്ട് ഈ ലൈനില്‍ വരുന്ന കഥാപാത്രത്തെയാണ് രമ്യ ചെയ്തിരിക്കുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കഥാപാത്രം ഏറെ പ്രശംസനേടിയെങ്കിലും ഈ രീതിയില്‍ തുടരുന്നത് രമ്യയുടെ കരിയറില്‍ മറ്റൊരു ദുരന്തത്തിന് വഴിവെയ്ക്കാനുള്ള സാധ്യത കൂടുതലാക്കുമെന്നകാര്യത്തില്‍ സംശയമില്ല. എത്ര കാമ്പുള്ള വേഷങ്ങളും വ്യത്യസ്തമായ കഥകളുമാണെങ്കിലും കഥാപാത്രങ്ങളെല്ലാം ഒരു ലൈനിലുള്ളതാകുന്നത് പ്രേക്ഷകരില്‍ മടുപ്പുളവാക്കുമെന്നകാര്യത്തില്‍ സംശയമില്ല.

ഫിലിപ്‌സ് ആന്റ് ദി മങ്കീസ് പെന്‍ എന്ന പുതിയ ചിത്രത്തില്‍ രമ്യ അമ്മ വേഷമാണ് ചെയ്യാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. പത്തുവയസ്സുള്ള കുട്ടിയുടെ അമ്മയായിട്ടാണ് രമ്യഅഭിനയിക്കാന്‍ പോകുന്നത്. എന്തായാലും ഇത്തരത്തിലൊരു കഥാപാത്രത്തെ തിരഞ്ഞെടുക്കാന്‍ രമ്യ കാണിച്ചിരിക്കുന്ന ധൈര്യം അവരുടെ സ്ഥിരം ശൈലി മാറ്റാന്‍ ഉപകരിക്കുമെന്നും കരിയറിന് ഗുണം ചെയ്യുമെന്നുമുള്ള കാര്യത്തില്‍ സംശയമില്ല.

English summary
After Traffic Ramya Nambeesan seems have become typecast for charecters with negativrity.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam