For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ന്യൂജനറേഷന്‍ ട്രെന്‍ഡ് തുടങ്ങിയത് രഞ്ജിത് ശങ്കര്‍

  By Nirmal Balakrishnan
  |

  മലയാളത്തില്‍ ന്യൂജനറേഷന്‍ സിനിമകളുടെ ക്രെഡിറ്റ് മുഴുവന്‍ രഞ്ജിത്ത്, ലാല്‍ജോസ്, ആഷിഖ് അബു, രാജേഷ് പിള്ള എന്നിവര്‍ക്കൊക്കെയാണെങ്കിലും ഇതിനു തുടക്കം കുറിക്കുന്നത് രഞ്ജിത് ശങ്കറായിരുന്നു.

  Director Ranjith Sankar

  പാസഞ്ചര്‍ എന്ന വ്യത്യസ്ത സിനിമയിലൂടെയാണ് ഇത്തരം സിനിമകള്‍ തുടങ്ങുന്നത്. ദിലീപും ശ്രീനിവാസനും മംമ്തയും ജഗതിയുമെല്ലാം പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തില്‍ ഇന്‍സ്റ്റന്റ് ഹിറ്റായിരുന്നു. ആരുടെയും ശിഷ്യനായി സംവിധാനം പഠിക്കാതെ സിനിമാ സെറ്റില്‍ പോയിരുന്ന് കാര്യങ്ങള്‍ മനസ്സിലാക്കിയാണ് സിനിമ സ്വപ്‌നം കണ്ടു നടന്നിരുന്ന രഞ്ജിത് ശങ്കര്‍ സംവിധായകന്റെ തൊപ്പിയണിയുന്നത്.

  മന്ത്രിയടങ്ങുന്ന മാഫിയയ്‌ക്കെതിരെ വക്കീലും അദ്ദേഹത്തിന്റെ ഭാര്യയായ പത്രപ്രവര്‍ത്തകയും നടത്തുന്ന പോരാട്ടവും അവരെ സഹായിക്കാന്‍ പേരുപോലും പറയാത്ത ഒരു സാധാരണക്കാരന്‍ എത്തുന്നതുമായിരുന്നു പാസഞ്ചറിന്റെ കഥ. അവതരണത്തിന്റെ രീതിയായിരുന്നു രഞ്ജിത്തിന്റെ കന്നി ചിത്രത്തെ വന്‍ ഹിറ്റാക്കിയത്. ഈ ചിത്രത്തോടെയാണ് മലയാളത്തില്‍ സംവിധായകര്‍ക്കെല്ലാം പുതിയൊരു കാഴ്ചപ്പാടു വരുന്നതുതന്നെ. ഇതിനു പിന്നാലെയാണ് ട്രാഫികും സാള്‍ട്ട് ആന്‍ഡ് പെപ്പറുമെല്ലാം എത്തുന്നത്.

  എന്നാല്‍ പാസഞ്ചറിന്റെ വിജയം ആവര്‍ത്തിക്കാന്‍ രണ്ടാമത്തെ ചിത്രമായ അര്‍ജുനന്‍ സാക്ഷിക്കു സാധിച്ചില്ല. അതുകൊണ്ടുതന്നെ മലയാളത്തിലെ നവതരംഗക്കാരുടെ ചാര്‍ട്ടില്‍ നിന്ന് രഞ്ജിത് ശങ്കര്‍ പരാമര്‍ശിക്കുക പോലും ചെയ്യപ്പെടാതെപോയി. പൃഥ്വിരാജ് നായകനായ ചിത്രം പ്രമേയത്തില്‍ പുതുമ കൊണ്ടുവന്നെങ്കിലും കഥയിലെ പാളിച്ച തിയറ്ററിലെ കലക്ഷനെ ബാധിച്ചു. ആന്‍ അഗസ്റ്റിന്‍ ആയിരുന്നു നായിക. സിവില്‍ എന്‍ജിനീയറായ ചെറുപ്പക്കാരന്‍ അവിചാരിതമായി കൊച്ചി നഗരത്തിലെ ഭൂമാഫിയയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആളാകുന്നതും ഒടുവില്‍ അവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുന്നതുമായിരുന്നു കഥ. പൃഥ്വിരാജ് വളരെ വ്യത്യസ്തതയോടെ ചെയ്ത ചിത്രമായിരുന്നു അര്‍ജുനന്‍ സാക്ഷി.

  രണ്ടാമത്തെ ചിത്രം ഉണ്ടാക്കിയ പേരുദോഷം തീര്‍ക്കാന്‍ അല്‍പം സമയമെടുത്താണ് രഞ്ജിത് മോളി ആന്റി റോക്ക്‌സുമായി എത്തുന്നത്. ഇതിലും പൃഥ്വി തന്നെയാണു നായകന്‍. മോളി ആന്റിയായി രേവതിയും. ബാങ്ക് ഉദ്യോഗസ്ഥയായ മോളി ആന്റിയും മകന്റെ പ്രായമുള്ള പ്രണവ് റോയിയുമായുള്ള ഈഗോ കഌഷാണ്് ചിത്രത്തിലെ പ്രമേയം.

  നന്ദനത്തില്‍ രേവതിയുമൊത്ത് നല്ലൊരു കോമ്പിനേഷനാണ് പൃഥ്വിക്കുള്ളത്. നന്ദനത്തില്‍ അമ്മയും മകനുമായിട്ടായിരുന്നെങ്കില്‍ ഇവിടെ ഉന്നത ഉദ്യോഗസ്ഥയും കീഴ്ജീവനക്കാരനുമായിട്ടാണ് രണ്ടുപേരും എത്തുന്നത്. ഇന്ത്യന്‍ റുപ്പിയയായിരുന്നു ഇതിനു മുന്‍പ് രണ്ടുപേരും ഒന്നിച്ചഭിനയിച്ച ചിത്രം.

  മാസ്റ്റേഴ്‌സ്, ഹീറോ എന്നിവയുടെ പരാജയത്തെ തുടര്‍ന്ന് പൃഥ്വി ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ പ്രേക്ഷകര്‍ കുറഞ്ഞിരിക്കുകയാണ്. ഫഹദും ദുല്‍ക്കറുമെല്ലാം പെട്ടന്നുതന്നെ നായകനിരയിലേക്കുയര്‍ന്നുവന്നത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് പൃഥ്വിയെയാണ്. അതുകൊണ്ടുതന്നെ മോളി ആന്റി റോക്ക്‌സ് തകര്‍പ്പന്‍ വിജയമായാലേ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ പൃഥ്വിക്കു സാധിക്കുകയുള്ളൂ. കഥയും തിരക്കഥയും രഞ്ജിത് ശങ്കര്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

  English summary
  Director Ranjith Sankar's new film Molly Aunty Rocks, which stars Revathy and Prithviraj in the lead roles, has set sail.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X