»   » റിമി ടോമി ആഷിക് അബുവിന്റെ ചിത്രത്തില്‍

റിമി ടോമി ആഷിക് അബുവിന്റെ ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam
Rimi Tomy
റിമി ടോമിയെ ഇഷ്ടമില്ലാത്തവരുണ്ടാകുമോ? റിമിയെ ഇഷ്ടമില്ല, പക്വതയില്ലാത്ത രീതികളാണ് എന്നൊക്കെ കുറ്റം പറയുന്നവര്‍ പോലും ടിവിയില്‍ റിമിയുടെ ശബ്ദം കേട്ടാല്‍ വന്ന് ഒരുവട്ടമെങ്കിലും ഒന്ന് പാളിനോക്കും. ഇതുതന്നെയാണ് റിമിയുടെ വിജയവും, ആളുകളെ തന്നിലേയ്ക്ക് ആകര്‍ഷിയ്ക്കാനും തന്റെ മുന്നില്‍ പിടിച്ചുനിര്‍ത്താനും പാട്ടുകൊണ്ടും വാക്കുകൊണ്ടും തനിയ്ക്ക് കഴിയുമെന്ന് റിമി പലവട്ടം തെളിയിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ റിമി എത്തുന്ന സ്റ്റേജ് ഷോകള്‍ക്ക് വലിയ ജനത്തിരക്കുണ്ടാകാറുമുണ്ട്. ഗാനമേളകള്‍, സ്റ്റാര്‍ നൈറ്റുകള്‍, ചലച്ചിത്രപിന്നണിഗാനം എന്നിവയ്‌ക്കൊപ്പം ടെലവിഷന്‍ അവതാരകയെന്ന റോള്‍ കൂടി വളരെ സുന്ദരമായി ഈ ഗായിക കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോള്‍ റിമിയെക്കുറിച്ചുള്ള പുതിയ വാര്‍ത്ത എന്തെന്നാല്‍, റിമി ബിഗ് സ്‌ക്രീനിലും എത്തുകയാണ്, അതും ഒരു വീട്ടമ്മയുടെ റോളില്‍.

അമല്‍ നീരദിന്റെ നേതൃത്വത്തില്‍ യുവസംവിധായകര്‍ ഒരുക്കുന്ന അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയില്‍ ആഷിക്ക് അബു ഒരുക്കുന്ന ചിത്രത്തിലാണ് റിമി ടോമി അഭിനയിക്കുന്നത്. നടന്‍ ടിനി ടോമിന്റെ ഭാര്യയുടെ വേഷമാണത്രേ റിമിയ്ക്ക് നല്‍കിയിരിക്കുന്നത്. പതിവ് ചുറുചുറുക്കും തമാശ ഡയലോഗുകളും ഒന്നും ആവശ്യമില്ലാത്ത ഒരു മിതഭാഷിയായ വീട്ടമ്മയുടെ റോളിലാണ് റിമിയെത്തുകയെന്നാണ് അറിയുന്നത്. ഇതേ ചിത്രത്തില്‍ ബിജു മേനോനും കാവ്യ മാധവനും ജയസൂര്യയും എല്ലാ വേഷമിടുന്നുണ്ട്.

ആഷിക് അബുവിനെപ്പോലെ ഒരു സംവിധായകന്‍ അഭിനയിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ആ അവസരം തട്ടിമാറ്റാന്‍ തോന്നിയില്ലെന്ന് റിമി പറയുന്നു. പക്ഷേ എത്ര നല്ല അവസരങ്ങളായാലും പാട്ട് ഉപേക്ഷിച്ച് അഭിനയം എന്നൊരു ചോയ്‌സ് തനിയ്ക്കുണ്ടാവില്ലെന്ന് റിമി പറയുന്നു. ഈ ചിത്രത്തിന് ആകെ 20 മിനിറ്റ് ദൈര്‍ഘ്യമേയുള്ളു, ഷൂട്ടിങിന് ഒരു ദിവസം മാത്രം മതി തുടങ്ങിയ പ്ലസ് പോയിന്റുകള്‍ കണ്ടാണ് അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് റിമി പറയുന്നു.

ഇതിന് മുമ്പും റിമിയ്ക്ക് സിനിമയിലേയ്ക്ക് ക്ഷണം വന്നിരുന്നു. 2004ല്‍ ഒരു ചിത്രത്തിനായി റിമി കരാറൊപ്പിടുക വരെ ചെയ്തിരുന്നു, പക്ഷേ പിന്നീട് പിന്‍മാറുകയും ചെയ്തു. മുമ്പ് ബല്‍റാം വേഴ്‌സസ് താരാദാസില്‍ ഒരു ഗാനരംഗത്ത് റിമി അഭിനയിച്ചിരുന്നു. ഇനിയും അഭിനയിക്കുമോയെന്ന് ചോദിച്ചാല്‍ ആദ്യം ഈ ചിത്രം പുറത്തുവരട്ടെ എന്നിട്ടാവാം ഇക്കാര്യത്തിലെ തീരുമാനമെന്നാണ് റിമി പറയുന്നത്.

English summary
Singer, performer and television host Rimi Tomy to make her silver screen debut with Ashiq Abu's film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam