»   » പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച ദിലീപ് ഉള്ളില്‍ കരയുന്നത് കാണാതെ പോവരുതെന്ന് റോബിന്‍ തിരുമല !!

പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച ദിലീപ് ഉള്ളില്‍ കരയുന്നത് കാണാതെ പോവരുതെന്ന് റോബിന്‍ തിരുമല !!

Posted By: Nihara
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമാലോകത്തെ മാത്രമല്ല പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിപ്പിച്ചൊരു സംഭവമായിരുന്നു. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് നടി ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോള്‍ വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. നിര്‍ണ്ണായകമായ വെളിപ്പെടുത്തലാണ് ഓരോ ദിവസവും സംഭവവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. നടന്‍ ദിലീപിന്റെ പേരും ഈ സംഭവത്തോടൊപ്പം ചേര്‍ത്ത് പ്രചരിക്കുന്നുണ്ട്.

അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ദിലീപിന്റെ പേര് സംഭവവുമായി ബന്ധപ്പെടുത്തിയതിനെതിരെ പ്രതികരിച്ച് സിനിമാപ്രവര്‍ത്തകരും ആരാധകരുമൊക്കെ രംഗത്തെത്തിയിരുന്നു. സലീം കുമാര്‍, ലാല്‍ ജോസ്, അജു വര്‍ഗീസ് തുടങ്ങിയവരൊക്കെ ദിലീപിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. കോടതിയോ പോലീസോ കുറ്റക്കാരനാണെന്ന് സ്ഥിരീകരിക്കാത്ത ഒരാളെങ്ങനെ പ്രതിയാവുമെന്നാണ് സംവിധായകന്‍ റോബിന്‍ തിരുമല ചോദിക്കുന്നത്. മലയാളികളെ ഒരുപാട് ചിരിപ്പിച്ച ജനപ്രിയ നായകന്‍ ഉള്ളില്‍ കരയുന്നത് കാണാതെ പോവരുതെന്നും സംവിധായകന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റോബിന്‍ തിരുമല ദിലീപിന് പിന്തുണയുമായി എത്തിയിട്ടുള്ളത്.

വര്‍ഷങ്ങള്‍ക്കു മുന്‍പേയുള്ള പരിചയം

24 വര്‍ഷം മുന്‍പാണ് താന്‍ ദിലീപിനെ പരിചയപ്പെട്ടതെന്ന് സംവിധായകന്‍ പറയുന്നു. ദിലീപ് ആദ്യമായി നായക വേഷത്തിലെത്തിയ മാനത്തെ കൊട്ടാരം മുതലാണ് റോബിന്‍ തിരുമലയും താരവുമായുള്ള സൗഹൃദവും ആരംഭിക്കുന്നത്. ആ സിനിമയ്ക്ക് ശേഷം ആലഞ്ചേരി തമ്പ്രാക്കളിലൂടെ ഇരുവരും വീണ്ടും ഒരുമിച്ചെത്തിയിരുന്നു.

അപൂര്‍വ്വമായി മാത്രമേ കാണാറുള്ളൂ

24 വര്‍ഷത്തെ സൗഹൃദത്തിനിടയില്‍ അപൂര്‍വ്വമായി മാത്രമേ തങ്ങള്‍ കാണാറുള്ളൂവെന്ന് സംവിധായകന്‍ പറയുന്നു. ദിലീപ് ഭായ് എന്നാണ് തന്നെ വിളിക്കാറുള്ളത്. കാണുമ്പോഴൊക്കെ തന്റെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരാളാണ് റോബിന്‍ ഭായിയെന്ന് കൂടെയുള്ളവരോട് പറയാറുമുണ്ട്.

മറ്റുള്ളവരുടെ വിഷമങ്ങള്‍ മനസ്സിലാക്കുന്നു

തികഞ്ഞ ഈശ്വര വിശ്വാസി കൂടിയായ ദിലീപ് മറ്റുള്ളവരുടെ വിഷമങ്ങള്‍ മനസ്സിലാക്കി സഹായിക്കാറുണ്ട്. അങ്ങനെയുള്ള ദിലീപിനെയാണ് തനിക്ക് അറിയാവുന്നതെന്നും സംവിധായകന്‍ പറയുന്നു.

വിവാഹ മോചനത്തോടെ തുടങ്ങിയ അപസ്വരങ്ങള്‍

വിവാഹ മോചനത്തോടെയാണ് ദിലീപിനെതിരെ അപസ്വരങ്ങള്‍ ഉയരാന്‍ തുടങ്ങിയതെന്ന് റോബിന്‍ തിരുമല പറയുന്നു. വിവാഹ മോചിതരായ ദിലീപും മഞ്ജു വാര്യരും പരസ്പരം ചെളി വാരിയെറിയുമെന്ന് കരുതി അത് ആഘോഷമാക്കി മാറ്റാന്‍ നിന്നവര്‍ക്കു മുന്നില്‍ ഇരുവരും മൗനം പാലിക്കുകയാണ് ചെയ്തത്.

വിവാഹത്തോടെ വീണ്ടും തുടങ്ങി

വിവാഹ മോചനം ആഘോഷമാക്കാന്‍ നിന്നവര്‍ക്കു മുന്നില്‍ ദിലീപും മഞ്ജു വാര്യരും മൗനം പാലിച്ചതോടെ പിന്നീട് കാവ്യാ മാധവനുമായി നടന്ന വിവാഹത്തെ മറ്റൊരു ആയുധമാക്കി വിമര്‍ശകര്‍ ഉപയോഗിച്ചു തുടങ്ങി. അതിനിടയിലാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലേക്കും ദിലീപിന്റെ പേര് വലിച്ചിഴച്ചത്.

പോലീസും കോടതിയും സ്ഥിരീകരിച്ചിട്ടില്ല

ഇത്തരത്തിലൊരു കേസുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ പേര് പ്രചരിക്കുമ്പോള്‍ അത് തെളിയിക്കാന്‍ നിയമവ്യവസ്ഥിതി ഇവിടെയില്ലേയെന്നും റോബിന്‍ തിരുമല ചോദിക്കുന്നു. പോലീസും കോടതിയും കുറ്റക്കാരനെന്ന് സ്ഥിരീകരിക്കാത്ത ഒരാളെങ്ങനെ കുറ്റക്കാരനാവുമെന്നും അദ്ദേഹം ചോദിക്കുന്നു.

കുറ്റവാളികളെ കണ്ടെത്തുന്നതു വരെ കാത്തിരിക്കൂ

കേരള പോലീസിന്റെ അന്വേഷണ സംഘത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും യഥാര്‍ത്ഥ പ്രതികളെ അവര്‍ കണ്ടെത്തുമെന്നും സംവിധായകന്‍ പറയുന്നു. അതുവരെ ക്ഷമയോടെ കാത്തിരുന്നൂടേയെന്നും അദ്ദേഹം ചോദിക്കുന്നു. പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച താരം ഉള്ളില്‍ കരയുന്നത് കാണാതെ പോവരുതെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്.

English summary
Robin Thirumala's reaction on controversies against dileep.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam