»   » എന്താണ് ഈ ന്യൂ ജനറേഷന്‍: റോഷന്‍ ആന്‍ഡ്രൂസ്

എന്താണ് ഈ ന്യൂ ജനറേഷന്‍: റോഷന്‍ ആന്‍ഡ്രൂസ്

Posted By:
Subscribe to Filmibeat Malayalam
Roshan Anddrews
ന്യൂ ജനറേഷന്‍ സിനിമ ഈ വാക്കുകണ്ടുപിടിച്ചവന്‍ മണ്ടനാണെന്നാണ് സംവിധായന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. അതെന്താണെന്ന് റോഷന് ഇനിയും പിടികിട്ടിയിട്ടില്ലത്രെ. മാധ്യമങ്ങള്‍ ഉണ്ടാക്കിയ വാക്കാണിത്. കെ.ജി. ജോര്‍ജ്, ഫാസില്‍, ബാലചന്ദ്രമേനോന്‍ എന്നിവരുടെ കാലഘട്ടത്തിലൊക്കെ ന്യൂ ജനറേഷന്‍ ചിത്രങ്ങളുണ്ടായിട്ടുണ്ട്. താന്‍ സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിന്റെ സബ്ജക്ടും താരങ്ങളുമൊക്കെ പുതിയതായിരുന്നു. എന്നിട്ടാരും അതിനെ ന്യൂ ജനറേഷന്‍ എന്നു വിളിച്ചില്ല. അതുകൊണ്ടാണ് റോഷന്‍ ആന്‍ഡ്രൂസ് ഈ പേരിട്ടവനെ മണ്ടന്‍ എന്നു വിളിച്ചത്.

ന്യൂ ജനറേഷന്‍ ചിത്രങ്ങള്‍ എന്താണെന്നു മനസ്സിലായില്ലെങ്കിലും മലയാള സിനിമ മാറുകയാണെന്ന് ഇനിയും മനസ്സിലാകാത്ത കുറേ സംവിധായകര്‍ ഇവിടെയുണ്ട്. യഥാര്‍ഥത്തില്‍ അവരല്ലേ മണ്ടന്‍മാര്‍. ഉദയനാണു താരം, നോട്ട്ബുക്ക് എന്നീ രണ്ടു ചിത്രങ്ങള്‍ മാത്രമേ റോഷന്റെതായിട്ടുള്ളൂ. പിന്നീടു ചെയ്ത ഇവിടം സ്വര്‍ഗമാണ്, കസനോവ എന്നിവയെല്ലാം മൂന്നാംകിട ചിത്രങ്ങളായിരുന്നില്ലേ. മോഹന്‍ലാല്‍ എന്ന നടന് പേരുദോഷമുണ്ടാക്കിയ ചിത്രമായിരുന്നു രണ്ടും. അതിനെക്കുറിച്ചൊന്നും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കുന്നില്ല.

കേരളത്തിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായിരുന്നു ഗൃഹലക്ഷ്മി. കോഴിക്കോട്ടെ കെ.ടി.സിക്കാരുടെ നിര്‍മാണ കമ്പനി. അത് കെട്ടിപ്പൂട്ടിച്ചതാരാണ്? നോട്ട്ബുക്ക് ആണ് അവര്‍ നിര്‍മിച്ച അവസാന ചിത്രം. അതില്‍ കോടികളുടെ നഷ്ടമാണ് നിര്‍മാതാവിനുണ്ടായത്. കേരളത്തിലെ സ്‌കൂളുകളില്‍ ചിത്രീകരിക്കാമായിരുന്നിട്ടും ഊട്ടിയിലെ പ്രശസ്തമായ സ്‌കൂളില്‍ ലക്ഷങ്ങള്‍ ദിവസ വാടകകൊടുത്താണ് സിനിമയെടുത്തത്. എന്നാല്‍ മുടക്കിയതിന്റെ പകുതിപോലും തിയറ്ററില്‍ നിന്നു ലഭിക്കാത്തതിനെ തുടര്‍ന്ന് ഗൃഹലക്ഷ്മി നിര്‍മാണം നിര്‍ത്തി.

റോഷന്റെ കസനോവ ഇരുപതുകോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. തിരിച്ചുകിട്ടിയതോ? ഇങ്ങനെയൊക്കെ ഉണ്ടാക്കിവച്ച ഒരാളാണ് ന്യൂജനറേഷന്‍ ചിത്രങ്ങളെ കുറ്റപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ന്യൂജനറേഷന്‍ എന്ന പേരില്‍ കുറേ തട്ടിപ്പുകള്‍ ഇറങ്ങുന്നുണ്ട് എന്നതു ശരി തന്നെ. എന്നാല്‍ എല്ലാവരും അങ്ങനെയല്ലല്ലോ. ന്യൂജനറേഷന്റെ തുടക്കക്കാരായ സഞ്ജയ്‌ബോബി(ട്രാഫിക്) ആണ് ഇപ്പോള്‍ റോഷന്റെ മുംബൈ പൊലീസിന് കഥയും തിരക്കഥയും എഴുതുന്നത്. എങ്കില്‍ റോഷന്‍ എങ്ങനെ അവരെ വിശ്വസിക്കും.

സ്വന്തം കഴിവില്‍ അമിത വിശ്വാസവും മറ്റുള്ളവര്‍ ഒന്നുമല്ല എന്നു കരുതുതുന്നവരാണ് ഇങ്ങനെ കുറ്റപ്പെടുത്താനിറങ്ങുക. അല്ലാത്തവര്‍ ലാല്‍ജോസിനെ പോലെ എപ്പോഴും പുതുമ കൊണ്ടുവരാന്‍ ആഗ്രഹിക്കും. ലാല്‍ജോസ് ആയില്ലെങ്കിലും അയാളുടെ ശിഷ്യനെങ്കിലും ആകാന്‍ശ്രമിക്കുക. പുതിയ ചിത്രമായ മുംബൈ പൊലീസ് നന്നായി ചെയ്യുക. ഇതല്ലേ റോഷന് ചെയ്യാന്‍പറ്റുന്നത്...

English summary
Whats new generation movie? asking roshan andrrews.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam