»   » റണ്‍ ബേബി റണ്‍ ഒരു ക്രിയേറ്റീവ് കോപ്പിയടി?

റണ്‍ ബേബി റണ്‍ ഒരു ക്രിയേറ്റീവ് കോപ്പിയടി?

Posted By:
Subscribe to Filmibeat Malayalam

ഓണപ്പടങ്ങളില്‍ ഓടി മുന്നേറുകയാണ് മോഹന്‍ലാല്‍-ജോഷി ടീമിന്റെ റണ്‍ ബേബി റണ്‍. ഫ്രൈഡേ, മിസ്റ്റര്‍ മരുമകന്‍, താപ്പാന എന്നിവയെയെല്ലാം ബഹുദൂരം പിന്തള്ളിയാണ് മോഹന്‍ലാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വയ്ക്കുന്നത്. പാടി പുകഴ്ത്തും പോലെ വലിയൊരു സംഭവമൊന്നുമല്ലെങ്കിലും ഓണത്തിന് തിയറ്ററുകളിലെത്തിയ സിനിമകളില്‍ കാണാന്‍ കൊള്ളാവുന്ന സിനിമകളിലൊന്ന് റണ്‍ ബേബി റണ്‍ തന്നെയാണ്.

എന്നാല്‍ ഹോളിവുഡ് സിനിമകള്‍ പതിവായി കാണുന്നവര്‍ക്ക് റണ്‍ ബേബി റണ്‍ കണ്ടാല്‍ മനസ്സില്‍ ചെറിയൊരു സംശയം ബാക്കി നിന്നേക്കാം. പണ്ടെങ്ങോ കണ്ടുമറന്ന ഒരു ഇംഗഌഷ് ചിത്രവുമായി ഇതിന് സാമ്യമില്ലേയെന്ന്. ഗൂഗിളില്‍ കയറി ഐ ലവ് ട്രബിള്‍ എന്ന സെര്‍ച്ച് ചെയ്താല്‍ സംശയമങ്ങ് മാറും.

1994ല്‍ തിയറ്ററുകളിലെത്തിയ ഐ ലവ് ട്രബിള്‍ എന്ന ഹോളിവുഡ് ചിത്രവുമായി റണ്‍ ബേബി റണ്ണിനുള്ള വിദൂരമായ സാമ്യം വെറും യാദൃശ്ചികമാണെന്ന് പറയാനാവില്ല. വിഷ്വല്‍ മീഡിയയുടെ പശ്ചാത്തലത്തില്‍ രണ്ട് ജേര്‍ണലിസ്റ്റുകള്‍ തമ്മിലുള്ള പോരും പ്രണയവുമൊക്കെയാണ്് റണ്‍ ബേബിയുടെ കഥാതന്തു.

എന്നാല്‍ ചാനല്‍ വിസ്‌ഫോടനകാലത്തിന് ഏറെക്കാലം മുന്പിറങ്ങിയ ഐ ലവ് ട്രബിളിന്റെ പ്രമേയം ചിക്കാഗോയിലെ രണ്ട് പത്ര റിപ്പോര്‍ട്ടര്‍മാര്‍ തമ്മിലുള്ള മത്സരമാണ്. എക്‌സ്‌ക്‌ളീസിവിന് വേണ്ടി പായുന്ന റിപ്പോര്‍ട്ടര്‍മാര്‍ തമ്മില്‍ പണിയുന്ന പാരകള്‍. ജൂനിയറും സീനിയറും തമ്മിലുള്ള ഈഗോ...
ഒടുക്കം എക്‌സ്‌ക്‌ളൂസീവ് സ്‌റ്റോറിയ്ക്ക് വേണ്ടി നായകനും നായികയും ഒന്നിയ്ക്കുന്നു. അതിനിടയ്ക്ക് ലേശം പ്രണയം..

ഐ ലവ് ട്രബിള്‍ കണ്ടവര്‍ ജോഷി ചിത്രം കാണുമ്പോള്‍ ഇതെല്ലാം മനസ്സിലേക്ക് തികട്ടിവരുമെന്നുറപ്പാണ്. റണ്‍ ബേബി റണ്ണില്‍ മോഹന്‍ലാലും അമല പോളും ചേര്‍ന്ന് അടിപൊളിയാക്കിയ തമാശകളും സാഹസികതകളുമെല്ലാം ഹോളിവുഡില്‍ അവതരിപ്പിച്ചത ്ജൂലിയ റോബര്‍ട്‌സും നിക്ക് നോള്‍ട്ടുമാണ്. ഇതു കൊണ്ടെക്കെ ഐ ലവ് ട്രബിളിന്റെ കോപ്പിയടിയാണ് റണ്‍ ബേബി റണ്‍ എന്നൊന്നും പറയാനാവില്ല. തീര്‍ത്തും വ്യത്യസ്തമായൊരു കഥയും പശ്ചാത്തലവുമെല്ലാം ജോഷി ചിത്രത്തിന് വേണ്ടി ഒരുക്കാന്‍ തിരക്കഥാകൃത്ത് സച്ചിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

പക്ഷേ റണ്‍ ബേബി റണ്ണിന്റെ കഥ കടലാസിലേക്ക് പകര്‍ത്താന്‍ പേനയെടുക്കും മുമ്പ് സച്ചി ഒരു നാലു തവണയെങ്കിലും ഐ ലവ് ട്രബിള്‍ കണ്ടിട്ടുവുമെന്ന കാര്യമുറപ്പാണ്. കോപ്പിയടിയുടെ ഗുരുവായ പ്രിയദര്‍ശന്‍ പറയുമ്പോലെ ഒരു ക്രിയേറ്റീവ് കോപ്പിയടിയാണ് റണ്‍ ബേബി റണ്ണെന്ന്് വേണമെങ്കില്‍ പറയാം. ഈ കഴിവിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചേ മതിയാവൂ. മോളിവുഡിലെ മറ്റു ഈച്ച കോപ്പിക്കാരെല്ലാം ഇതു കണ്ടു പഠിയ്ക്കുക തന്നെ വേണം.

പക്ഷേ ഒരു കാര്യം തുറന്നു പറയാതെ വയ്യ... 1994ല്‍ തിയറ്ററുകളിലെത്തിയ ഐ ലവ് ട്രബിളിനൊപ്പം ഓടിയെത്താന്‍ 2012ലിറങ്ങിയ റണ്‍ ബേബി റണ്ണിന് ഒരിയ്ക്കലും കഴിയില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam