»   » ആദാമിന്റെ മകന്റെ പിതാവ് മമ്മൂട്ടിയ്‌ക്കൊപ്പം

ആദാമിന്റെ മകന്റെ പിതാവ് മമ്മൂട്ടിയ്‌ക്കൊപ്പം

Posted By:
Subscribe to Filmibeat Malayalam

ആദാമിന്റെ മകനെന്ന ആദ്യചിത്രത്തിലൂടെ വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സലിം അഹമ്മദ് രണ്ടാമത്തെ സിനിമയുടെ പണിപ്പുരയിലേക്കു കടക്കുന്നു. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞനന്തന്റെ കടയെന്ന ചിത്രമാണ് സലിം അഹമ്മദ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയായിരിക്കും ചിത്രത്തിന്റെ ശബ്ദവിഭാഗം കൈകാര്യം ചെയ്യുക. ആദാമിന്റെ മകന്‍ അബുവിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച മധു അമ്പാട്ട് തന്നെയായാരിക്കും കുഞ്ഞനന്തന്റെ കടയിലെ ദൃശ്യങ്ങളും ക്യാമറയിലേക്ക് പകര്‍ത്തുക.

കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ കണ്ണൂരിന്റെ ദേശ്യശൈലിയില്‍ മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന കുഞ്ഞനന്തന്‍ സംസാരിയ്ക്കുക. മലയാളത്തിലെ പല ഭാഷാശൈലികളും പറഞ്ഞുഫലിപ്പിച്ച മമ്മൂട്ടിയ്‌ക്കൊരു പുതിയ വെല്ലുവിളിയായിരിയ്ക്കും ഈ ചിത്രം. ആദാമിന്റെ മകന്‍ അബുവിലൂടെ ദേശീയ പുരസ്‌കാരം നേടിയ നടന്‍ സലിം കുമാറിനും ചിത്രത്തില്‍ ശക്തമായ വേഷമുണ്ടാകും. നായികയെ ഇനിയും തീരുമാനിച്ചിട്ടില്ലാത്ത സിനിമയില്‍ എലിയും കഥാപാത്രമാവുന്നുണ്ട്.

ഡിസംബറില്‍ പാലക്കാട് ചിത്രീകരണം ആരംഭിയ്ക്കുന്ന ചിത്രത്തില്‍ കുഞ്ഞനന്തന്‍ എന്ന പലചരക്കു കച്ചവടക്കാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ദമ്പതിമാരുടെ ജീവിതമാണ് പ്രമേയം. സിങ്ക് സൗണ്ട് ഉപയോഗിക്കുന്ന സിനിമയിലെ മിക്കവാറും കഥാപാത്രങ്ങളെ അവതരിപ്പിക്കുക കണ്ണൂരിലെ നാടക അഭിനേതാക്കള്‍ ആയിരിക്കുമെന്ന് സലിം അഹമ്മദും റസൂല്‍ പൂക്കുട്ടിയും അറിയിച്ചു.

ആദാമിന്റെ മകന്‍ അബുവിനേക്കാള്‍ സാമൂഹിക പ്രതിബദ്ധതയുളള സിനിമയായിരിക്കും 'കുഞ്ഞനന്തന്റെ കട'. സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കാനും ചിത്രത്തിലൂടെ ശ്രമിക്കും. ആദാമിന്റെ മകന്‍ അബുവില്‍ ശബ്ദത്തിന്റെ കാര്യത്തില്‍ ചില പോരായ്മകള്‍ സംഭവിച്ചിരുന്നു. ഇത് മറികടക്കുന്നതിനാണ് പുതിയ ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയുടെ സഹകരണം തേടിയിരിക്കുന്നത്.

മമ്മൂട്ടിയെ മനസ്സില്‍ കണ്ടാണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയതെന്നും മമ്മൂട്ടി അഭിനയിച്ച മികച്ച അഞ്ച് കഥാപാത്രങ്ങളില്‍ ഒന്ന് ചിത്രത്തിലേതായിരിക്കും എന്ന് സംവിധായകന്‍ സലീം അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലയാള സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി. ക്യാമറമാന്‍ മധു അമ്പാട്ട് പത്രസമ്മേളനത്തില്‍ പങ്കെടുത്തു. അലന്‍സ് മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.

English summary
The National Award winning director's Kunjananthante Kada will have the superstar Mammootty playing the title role

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam