»   » അലാവുദ്ദീന്റെ അത്ഭുത വിളക്കണഞ്ഞു; ഷെരീഫ് യാത്രയായി

അലാവുദ്ദീന്റെ അത്ഭുത വിളക്കണഞ്ഞു; ഷെരീഫ് യാത്രയായി

Posted By:
Subscribe to Filmibeat Malayalam

ആ വിളക്ക് അണഞ്ഞു. ആലപ്പി ഷെരീഫ് യാത്രയായി. മലയാള സിനിമയില്‍ വഴിത്തിരിവായ അവളുടെ രാവുകള്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ആലപ്പി ഷരീഫ് അന്തരിച്ചു. മലയാള സിനിമയില്‍ കഥാകാരനായും തിരക്കഥാകൃത്തായും സംവിധായകനുമായി എഴുപതുകളില്‍ നിറഞ്ഞു നിന്ന ഷെരീഫ് മലയാള സിനിമയ്ക്ക് സമ്മാനിച്ച മറ്റൊരു മഹാസൃഷ്ടിയാണ് അലാവുദ്ദീനും അത്ഭുത വിളക്കും.

1971 ല്‍ വിപിന്‍ദാസ് സംവിധാനം ചെയ്ത പ്രതിധ്വനി എന്ന ചിത്രത്തിന് സംഭാഷണമൊരുക്കിയാണ് സിനിമാ പ്രവേശനം. 1972 ല്‍ പുറത്തിറങ്ങിയ കളിപ്പാവ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി തിരക്കഥ എഴുതുന്നത്. സിനിമയില്‍ എത്തുന്നതിന് മുമ്പേ എഴുത്തുകാരനായ ഷെരീഫിന്റെ വാക്കുകള്‍ക്കും സംഭാഷണങ്ങള്‍ക്കും അത്രയേറെ മൂര്‍ച്ചയും ജീവനുമുണ്ടായിരുന്നു. ഒട്ടേറെ ചെറുക്കഥകളും നോവലുകളും എഴുതിയിട്ടുണ്ട്.

aleppy-sheriff

ഐവി ശശി - ഷരീഫ് കൂട്ടുകെട്ട് എഴുപതുകളില്‍ മലയാള സിനിമയുടെ നട്ടെല്ലായിരുന്നു. ഐവി ശശിയുടെ ആദ്യ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയ ഷെരീഫ്, ഏറ്റവും കൂടുതല്‍ തിരക്കഥയെഴുതിയിട്ടുള്ളതും ഐവി ശശിയ്ക്ക് വേണ്ടി തന്നെയാണ്.

ആ കൂട്ടുകെട്ടില്‍ മലയാള സിനിമയില്‍ പിറന്ന, സദാചാരത്തെ പൊട്ടിച്ചെറിഞ്ഞ് വിപ്ലവം സൃഷ്ടിച്ച ചിത്രമാണ് അവളുടെ രാവുകള്‍. മലയാളത്തിലെ ആദ്യത്തെ എ പടം. എന്നാല്‍ ഒരു ഇക്കിളിപ്പടം എന്ന പ്രതിച്ഛായയല്ല ഇന്ന് അതിന്. അതുവരെ ആരും പറയാത്ത ഒരു സ്ത്രീപക്ഷ സിനിമ, പാര്‍ശ്വവത്കരിയ്ക്കപ്പെട്ടവരുടെ വേറിട്ട ശബ്ദം...

അതിന് ശേഷം ഐവി ശശിയും ഷെരീഫും ഒന്നിച്ചപ്പോള്‍ സംഭവിച്ച അത്ഭുതമാണ് അലാവുദ്ദീനും അത്ഭുത വിളക്കും. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ചിത്രം. രജനിയ്‌ക്കൊപ്പം കമല്‍ ഹസനും ശിവാജി ഗണേശനുമൊക്കെ എത്തിയ ചിത്രം പിന്നീട് തെലുങ്കിലും തമിഴിലും റീമേക്ക് ചെയ്യപ്പെട്ടു. ഈ കൂട്ടുകെട്ടില്‍ പിറന്ന ഈറ്റ എന്ന ചിത്രവും മികച്ച വിജയം നേടി

അമ്പതോളം ചിത്രങ്ങള്‍ക്ക് സംഭാഷണമൊരുക്കിയ ആലപ്പി ഷെരീഫ് മുപ്പതോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുകയും മൂന്ന് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2003 ല്‍ ആണ് ആലപ്പി ഷെരീഫ് സിനിമയ്ക്ക് വേണ്ടി അവസാനമായി തൂലിക ചലിപ്പിയ്ക്കുന്നത്. സ്വന്തം മാളിവക എന്ന ചിത്രത്തിന് വേണ്ടി. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു അത്.

English summary
Script Writer cum Director Alleppey Sheriff passes away. He was famous for the screenplay and story of the path breaking Malayalam movie Avalude Ravukal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam