»   » മമ്മൂട്ടിയോട് പക്ഷപാതം കാണിച്ച വിശ്വംഭരന് തെറ്റി, മമ്മൂട്ടി ഇന്നും സിനിമയില്‍ തുടരുന്നു: ഷീല

മമ്മൂട്ടിയോട് പക്ഷപാതം കാണിച്ച വിശ്വംഭരന് തെറ്റി, മമ്മൂട്ടി ഇന്നും സിനിമയില്‍ തുടരുന്നു: ഷീല

By: Rohini
Subscribe to Filmibeat Malayalam

മേള എന്ന ചിത്രത്തിന് ശേഷമാണ് മമ്മൂട്ടി പി ജി വിശ്വഭരന്‍ സംവിധാനം ചെയ്ത സ്‌ഫോടനം എന്ന സിനിമയില്‍ അഭിനയിക്കുന്നത്. സുകുമാരനും എംജി സോമനുമൊക്കെ മുഖ്യവേഷത്തിലെത്തിയ ചിത്രം നിര്‍മിച്ചതില്‍ ഒരാളാണ് ഷീലയും. ദേവിക എന്ന ഒരു കഥാപാത്രത്തെയും ഷീല ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

കണ്ണ് ചിമ്മാതെ പ്രേക്ഷകര്‍ നോക്കിയിരുന്ന മമ്മൂട്ടിയുടെ 15 കഥാപാത്രങ്ങള്‍

പ്രമുഖ സിനിമാ മാഗസിനായ നാനയോട് മമ്മൂട്ടിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കവെയാണ് ഷീല സ്‌ഫോടനത്തിലെ ഒരു അനുഭവം പറഞ്ഞത്. പിജി വിശ്വഭരന്‍ ഭയങ്കര ദേഷ്യക്കാരനായിരുന്ന സമയമായിരുന്നു അത്. ചെറിയ തെറ്റുകള്‍ കണ്ടാല്‍ പോലും ഉച്ചത്തില്‍ സംസാരിക്കും.

ആ രംഗം

മധുവും സുകുമാരനും ജയില്‍ചാടി വരുന്ന ഒരു രംഗം. മതിലിന്റെ മുകളില്‍ നിന്നും രണ്ടുപേരും ചാടുന്നതാണ് ഷോട്ട്. മതില്‍ ഒരുവിധം നല്ല പൊക്കമുള്ളതാണ്. താഴേക്കുവീഴുമ്പോള്‍ അപകടമുണ്ടാകാതിരിക്കാന്‍ വലിയ ഘനമുള്ള ഫോം ബെഡ് താഴെ വിരിച്ചിട്ടുണ്ട്. ഈ മതിലില്‍ നിന്നും മമ്മൂട്ടിയും ചാടണം. പക്ഷേ, മമ്മൂട്ടി ചാടുമ്പോള്‍ അപകടമുണ്ടാകാതിരിക്കാന്‍ കരുതലില്ല. മമ്മൂട്ടിക്ക് ബെഡ് ഇട്ടുകൊടുക്കുന്നില്ല.

എനിക്ക് ദേഷ്യം വന്നു

ഇതു കണ്ടപ്പോള്‍ എനിക്ക് ദേഷ്യവും സങ്കടവും വന്നു. ഞാന്‍ ഈ സിനിമയുടെ പ്രൊഡ്യൂസറും കൂടിയാണ്. സജിന്‍(മമ്മൂട്ടി) പുതിയ നടനായതുകൊണ്ടാണോ ബെഡ് നല്‍കാത്തതെന്നും അയാളും മനുഷ്യനല്ലേ എന്നെല്ലാം ചോദിച്ചുകൊണ്ട് ഞാനും പി ജി വിശ്വംഭരനും കൂടി ഒരു തര്‍ക്കം നടന്നു. പുതിയ നടനാണെന്ന് കരുതി ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് ഞാന്‍ പറഞ്ഞു.

വിശ്വംഭരന് തെറ്റി

ആരോടെന്നില്ല. ഞാനിങ്ങനെ പറഞ്ഞപ്പോള്‍ വിശ്വംഭരന്‍ പറഞ്ഞു. 'ങാ... ഇവന്മാരൊക്കെ കണക്കാചേച്ചി... പുതിയവര്‍ക്ക് ബെഡ്ഡൊന്നും വേണ്ട. അവരിന്നുവരും നാളെ പോകും. അത്രേയുള്ളു.' പക്ഷെ, വിശ്വംഭരന് തെറ്റുപറ്റി എന്ന് കാലം തെളിയിച്ചു. മമ്മൂട്ടി ഇന്നും സിനിമ വിട്ടുപോയിട്ടില്ല. അന്ന് പി ജി വിശ്വംഭരന്‍ പറഞ്ഞതിന് വിപരീതമായി കാര്യങ്ങള്‍.

മമ്മൂട്ടി ചാടി, കാലൊടിഞ്ഞു

അന്ന് മമ്മൂട്ടിയുടെ യൗവ്വനകാലമല്ലേ? അഭിനയത്തിനോടുള്ള ആവേശവും അതിനുവേണ്ടുന്ന കരുത്തുമായി നില്‍ക്കുകയാണ് മമ്മൂട്ടി. ബെഡ്ഡ് ഇല്ലെങ്കിലും അത്രയും ഉയരത്തില്‍ നിന്നും ചാടാന്‍ മമ്മൂട്ടി തയ്യാറായിരുന്നു. മമ്മൂട്ടി ആ ഷോട്ടിനുവേണ്ടി മതിലിന്റെ മുകളില്‍ നിന്നും ചാടുകതന്നെ ചെയ്തു. മമ്മൂട്ടിയുടെ കാല്‍ ഒടിഞ്ഞു. മറ്റു പരുക്കുകളില്ലാതെ രക്ഷപെട്ടു എന്നുമാത്രം. പക്ഷേ, ഞങ്ങള്‍ക്കെല്ലാം ഭയങ്കര സങ്കടമായിപ്പോയി. ആ ഒടിഞ്ഞ കാലുമായി പിന്നെയും കുറെ സീനില്‍ മമ്മൂട്ടി അഭിനയിച്ചു.

ധൈര്യശാലി

അന്നും മമ്മൂട്ടിയ്ക്ക് അഭിനയത്തിനോട് വലിയ ഒരു ക്രേസ് തന്നെയുണ്ടായിരുന്നു. ഒരാവേശം. അന്നത്തെ ആ ചുറുചുറുക്കില്‍ സാഹസികമായിരുന്നു ആ ഷോട്ടെങ്കിലും ധൈര്യം സംഭരിച്ച് ഉയരത്തില്‍ നിന്നും ചാടി. ഒരു നല്ല ധൈര്യശാലിയായിരുന്നു മമ്മൂട്ടി എന്ന് വേണമെങ്കില്‍ പറയാം.

സിനിമയോടുള്ള ആവേശം

അഡ്വക്കേറ്റ് എന്ന ഒരു നല്ല പദവിയും നല്ലൊരു പ്രൊഫഷനും കൈയിലുണ്ടായിരുന്നിട്ടും മമ്മൂട്ടിയ്ക്ക് സിനിമയോടായിരുന്നു ത്രില്‍. മനസ്സിന്റെയും ശരീരത്തിന്റെയും ഉള്ളില്‍ കിടക്കുന്ന ആ ആവേശം തന്നെയാണ് മമ്മൂട്ടി എന്ന നടനെ ഇത്രത്തോളം വളര്‍ത്തിയതും ഇതുവരെ എത്തിച്ചതും എന്നു ഞാന്‍ വിശ്വസിക്കുന്നു- ഷീല പറഞ്ഞു

English summary
Sheela share the working experience with mammootty in Sphodanam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam