»   » ഒരുപാട് വിഷമിച്ചു, വിവാഹം വേണ്ടെന്ന് വച്ചതിനു പിന്നില്‍ വേറെയും കാരണങ്ങളുണ്ടെന്ന് വൈക്കം വിജയലക്ഷ്മി

ഒരുപാട് വിഷമിച്ചു, വിവാഹം വേണ്ടെന്ന് വച്ചതിനു പിന്നില്‍ വേറെയും കാരണങ്ങളുണ്ടെന്ന് വൈക്കം വിജയലക്ഷ്മി

Posted By: Nihara
Subscribe to Filmibeat Malayalam

അച്ഛന്‍ തീര്‍ത്ത ഗായത്രിവീണയില്‍ വിരല്‍ ചേര്‍ത്തു പാടുന്ന വൈക്കംകാരി വിജയലക്ഷ്മി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ്. വേറിട്ട ആലാപന ശൈലിയും ശബ്ദമാധുര്യവും കൊണ്ട് ശ്രോതാക്കളുടെ ഹൃദയത്തിലേക്കാണ് വിജയലക്ഷ്മി ഇടിച്ചു കയറിയത്. സമീപകാലത്ത് വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുയാണ് ഈ ഗായിക. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറുകയാണെന്നുള്ള വിജയലക്ഷ്മിയുടെ തീരുമാനത്തില്‍ ആരാധകരെല്ലാം ഞെട്ടിയെങ്കിലും പിന്നീട് കാരണങ്ങള്‍ അറിഞ്ഞപ്പോള്‍ ഗായികയെ ഹൃദയത്തോട് ചെര്‍ത്തു നിര്‍ത്തുകയാണ് എല്ലാവരും.

ഗായത്രി വീണയില്‍ ലോക റെക്കോര്‍ഡ് എന്ന സ്വപ്‌നത്തിനു പിന്നാലെയാണ് ഗായികയിപ്പോള്‍. ഞായറാഴ്ചയാണ് കച്ചേരി. ഏറെ പ്രധാനപ്പെട്ട ആ ലക്ഷ്യത്തിനു തൊട്ടുമുന്നില്‍ എത്തുന്നതിനിടയിലാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടൊരു തീരുമാനമെടുക്കേണ്ടി വന്നത്. ആ തീരുമാനത്തെ ജനങ്ങളൊന്നാകെ പിന്തുണയ്ക്കുകയും ചെയ്തു.

ഇതാണെന്റെ തീരുമാനം, നയം വ്യക്തമാക്കി വിജയലക്ഷ്മി

ഒരുപാടൊന്നും ആലോചിക്കാതെ ,അധികമാരോടും ചര്‍ച്ച ചെയ്യാതെയാണ് വിവാഹത്തില്‍ നിന്നും പിന്‍മാറുന്നുവെന്ന കാര്യം വീട്ടുകാരെ അറിയിച്ചത്. തന്റെ എല്ലാ തീരുമാനത്തിലും താങ്ങും തണലും പിന്തുണയുമായി നില്‍ക്കുന്ന വീട്ടുകാര്‍ ഇക്കാര്യത്തിലും തന്നെ എതിര്‍ത്തില്ലെന്നും ഗായിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കണ്ടില്ല കേട്ടില്ല എന്നു നടിച്ചു, പക്ഷേ...

വിവാഹം നിശ്ചയിച്ചതിനു ശേഷമുള്ള പ്രതിശ്രുത വരന്റെ സ്വഭാവത്തിലെ മാറ്റം ആദ്യമേ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ആദ്യമൊക്കെ കണ്ടില്ല കേട്ടില്ല എന്നു വെച്ചെങ്കിലും പിന്നീട് പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. സംഗീതത്തെ തന്റെ ജീവവായുവായി കരുതുന്ന ഗായികയ്ക്ക് സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു അത്.

പരിപാടികളില്‍ പാടാന്‍ പോകണ്ട, അധ്യാപികയായാല്‍ മതി

പരിപാടികളിലൊന്നും പാടാന്‍ പോവണ്ട ഇനിയങ്ങോട്ട് സ്‌കൂളില്‍ സംഗീതാധ്യാപികയായാല്‍ മതിയെന്നായിരുന്നു പ്രതിശ്രുത വരന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ വിജയലക്ഷമിയെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നിര്‍ദേശമായിരുന്നു അത്. കല്യാണം തീരുമാനിച്ച സമയത്ത് സംഗീത ജീവിതത്തിന് പിന്തുണ നല്‍കുന്ന ഒരാളാവണം തന്റെ മകളുടെ കൈ പിടിക്കേണ്ടത് എന്ന് ആഗ്രഹിച്ച രക്ഷിതാക്കളുടെ കണക്കുകൂട്ടലുകള്‍ പോലും തകര്‍ന്നത് അവിടെയായിരുന്നു.

മരുന്നു കഴിച്ചാല്‍ കാഴ്ച തിരിച്ചു കിട്ടില്ല

സംസാരിക്കുമ്പോള്‍ പോലും തന്നെ വേദനിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. മരുന്നു കഴിച്ച് കാഴ്ച തിരിച്ചു കിട്ടാനൊന്നും പോകുന്നില്ല. കയ്യോ കാലോ ഇല്ലെങ്കിലും സാരമില്ല കാഴ്ചയില്ലാത്തത് സഹിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞിരുന്നുവെന്നും വിജയലക്ഷ്മി പറഞ്ഞു.

വിവാഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു

വിവാഹ ശേഷം വീട്ടില്‍ താമസിക്കാമെന്ന് ആദ്യം സമ്മതിച്ചിരുന്നു പിന്നീട് അത് പറ്റില്ലെന്ന് അറിയിച്ചു. വിവാഹം കഴിഞ്ഞാലും ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേ ചെന്നെത്തുള്ളുവെന്ന് തനിക്ക് തോന്നിയതിനാലാണ് വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചത്. പ്രതിശ്രുത വരന്റെ ബന്ധുക്കളടക്കം എല്ലാവരും തന്റെ തീരുമാനത്തെ പിന്തുണച്ചു.

ഗായത്രി വീണയില്‍ റെക്കോര്‍ഡ്

ഗായത്രി വീണ ഉപയോഗിച്ച് കച്ചേരി നടത്തി ലോക റെക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങുകയാണ് വിജയലക്ഷ്മി. ഞായറാഴ്ചയാണ് കച്ചേരി നിശ്ചയിച്ചിട്ടുള്ളത്. വ്യക്തി ജീവിതത്തിലെ സംഭവങ്ങളൊന്നും തന്റെ സംഗീത ജീവിതത്തിനു തടസ്സമാവരുതെന്ന കാര്യത്തില്‍ വിജയലക്ഷമിക്ക് നിര്‍ബന്ധമുണ്ട്.

ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്

എല്ലാ കാര്യങ്ങളെയും ശുഭ പ്രതീക്ഷയോടെയാണ് വിജയലക്ഷ്മി സമീപിക്കുന്നത്. വരദാനമായി ലഭിച്ച സംഗീതത്തെ അമൂല്യമായി കാണുന്ന കലാകാരി ഏറെ പ്രതീക്ഷയിലാണ്. ജീവിതത്തിലെ നിറപ്പകിട്ടാര്‍ന്ന കാഴ്ചകള്‍ കാണാന്‍ വിജയലക്ഷ്മിയോടൊപ്പം സംഗീതലോകം ഒന്നടങ്കം ഉണ്ട്. കാഴ്ച ലഭിക്കുന്നതിനുള്ള ചികിത്സ ആരംഭിച്ചിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ചികിത്സയുടെ ആദ്യ ഘട്ടം കഴിയുന്നതിനിടയില്‍ത്തന്നെ വെളിച്ചത്തെ തിരിച്ചറിയാന്‍ ഗായികയ്ക്ക് കഴിയുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ഗായത്രി വീണയില്‍ പ്രാഗത്ഭ്യം

ഗായത്രി വീണയെന്ന സംഗീത ഉപകരണം വായിക്കുന്ന അത്യധികം പ്രാഗത്ഭ്യമുള്ള കലാകാരിയാണ് വിജയലക്ഷ്മി. ഏത് തരത്തിലുള്ള ഗാനവും മനോഹരമായി ആലപിക്കാനുള്ള ഗായികയുടെ കഴിവിനെ സംഗീതലോകം ഒന്നടങ്കം അംഗീകരിച്ചതാണ്. മെലഡി അടിപൊളി വേര്‍തിരിവില്ലാതെ ആലപിക്കുന്ന വിജയലക്ഷ്മി താരങ്ങളെ അനുകരിക്കുന്നതിലും തന്റേതായ കഴിവു തെളിയിച്ചിട്ടുണ്ട്.

ആലാപനത്തില്‍ ഏറെ വ്യത്യസ്തത

മുന്‍പെങ്ങും കേട്ടിട്ടില്ലാത്ത ശബ്ദവുമായാണ് വിജയലക്ഷ്മി മലയാള സിനിമയിലേക്ക് കടന്നുവന്നത്. മലയാള സിനിമയിലെ ആദ്യകാല നായികയായ റോസിയുടെ കഥ പറഞ്ഞ കമല്‍ ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനമാണ് വിജയലക്ഷ്മി ആദ്യം ആലപിച്ചത്.

English summary
Vikom Vijayalakshmi reveals the reasons behind her marriage withdraw.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam