»   » പ്രണയത്തില്‍ നിന്ന് പ്രസവത്തിലേക്ക് നീളുന്ന വിവാദം

പ്രണയത്തില്‍ നിന്ന് പ്രസവത്തിലേക്ക് നീളുന്ന വിവാദം

Posted By:
Subscribe to Filmibeat Malayalam
കേരളത്തിനും മലയാളിക്കും പരിഹാരം കാണാന്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കെ ഒട്ടനവധി പേര്‍ ഉറക്കം കെടുത്തി തല പുകയ്ക്കുകയാണ് ശ്വേതയുടെ പ്രസവത്തെക്കുറിച്ചും ബ്‌ളസ്സിയുടെ കളിമണ്ണിനെക്കുറിച്ചും. എല്ലാ വേണ്ടാതീനങ്ങളും വേണ്ടുവോളം കൊണ്ടുനടക്കുമ്പോഴും ഇനിയും പിറന്നിട്ടില്ലാത്ത സിനിമയുടെ ഉള്‍പൊരുള്‍ തേടി അസ്വസ്ഥപ്പെടുന്നത് വലിയ ദുര്‍ഗ്ഗതി തന്നെയാണ്.

തമാശ പിന്നെ പറയാം ഇപ്പോള്‍ ചിരിച്ചോളൂ എന്ന മട്ടില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമ്പോള്‍ ഉത്തരവാദിത്തമുള്ള സംഘടനാനേതാക്കളെങ്കിലും സിനിമ പുറത്തുവരുന്നതുവരെ കാത്തിരുന്നു അഭിപ്രായപ്രകടനം നടത്തേണ്ടതായിരുന്നു. സ്ത്രീ വിരുദ്ധമായകാര്യങ്ങള്‍ നിത്യേന പത്രമാധ്യമങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും വാര്‍ത്തയായും പ്രോഗ്രാമുകളായും ആസ്വദിക്കുന്നതു ശീലമാക്കിയ മലയാളിക്ക് കുറച്ചുകൂടി സഹിഷ്ണുത ആവശ്യമല്ലേ ഇത്തരം നിലപാടുകളില്‍.

സ്വന്തം പ്രസവം നാട്ടുകാരെ കാണിച്ച് പണവും പ്രശസ്തിയുമുണ്ടാക്കാമെന്ന് ശ്വേതമേനോനും അതുവഴി കളിമണ്ണ് എന്ന സിനിമയിലൂടെ ദൂരങ്ങള്‍ കീഴടക്കാമെന്ന് ബ്‌ളസിയും ചിന്തിച്ചു പോയെന്ന് തെറ്റിദ്ധരിക്കാന്‍ മാത്രം മലയാളികള്‍ മനഃസാക്ഷിപണയപ്പെടുത്തിയോ. ..മെഡിക്കല്‍ കോളേജിലെ പ്രസവമുറിയില്‍ നിന്ന് പ്രസവരംഗം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഇന്റര്‍നെറ്റിലെത്തിച്ച് കാശുവാങ്ങുന്ന നഴ്‌സിനെ പിടികൂടിയെങ്കിലും വെറുതെവിട്ട നാട്ടിലാണ് നല്ല സിനിമകള്‍ കൊണ്ട് പ്രേക്ഷകരെ കൂടെ നിര്‍ത്തിയ ബ്‌ളസിയെ കുറ്റം ചെയ്യും
മുമ്പേ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

പീഢിപ്പിക്കപ്പെടുന്ന പിഞ്ചുബാലികമാര്‍ക്കുവേണ്ടി ത്യാഗനിര്‍ഭരമായ സമരങ്ങള്‍ക്കോ അഭിപ്രായപ്രകടനങ്ങള്‍ക്കോ മുതിരാത്തവരാണ് സ്ത്രീത്വത്തിന്റെ പവിത്രതയുടെ വിളക്കുമാടങ്ങളാകുന്നതെന്നതാണ് വിചിത്രസത്യം.

പ്രണയത്തില്‍ തുടങ്ങിയ വിവാദം പ്രസവവും പിന്നിട്ട് കളിമണ്ണിലേക്ക് കയറുമ്പോള്‍ വിവാദങ്ങളോട് അതേ താപത്തില്‍ പ്രതികരിക്കാതിരിക്കുന്നത് ബ്‌ളസിയുടെ പക്വത. ഒപ്പം കാത്തിരുന്നു കാണാനുള്ള ക്ഷമ കാട്ടുക എന്ന ശ്വേതയുടെ ഉറപ്പും ഇതിനു രണ്ടിനും മുഖവില നല്‍കേണ്ടതുണ്ട്.

യുവത്വത്തെ ചതിക്കുഴിയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന ഇന്റര്‍നെറ്റ് ദുരുപയോഗത്തെ കുറിച്ച് വേവലാതി കൊള്ളുക ആദ്യം അതിനുശേഷമാവട്ടെ ഇതുപോലുള്ളവിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam