»   » സിനിമാ പ്രചാരണത്തിനായി സൂപ്പറുകളും

സിനിമാ പ്രചാരണത്തിനായി സൂപ്പറുകളും

Posted By: Super
Subscribe to Filmibeat Malayalam
ചലച്ചിത്രലോകത്ത് ഇപ്പോള്‍ പുതുമകളാണ്, കഥയിലും കഥാപാത്രങ്ങളിലും ലൊക്കേഷനുകളിലും എന്നുവേണ്ട പേരിലും പരസ്യരീതികളിലുമെല്ലാം പുതുമതേടുകയാണ് മലയാളചലച്ചിത്രലോകം. അതുപോലെതന്നെ മുമ്പില്ലാത്തവിധം പുതുമുഖതാരങ്ങളും പുതുമുഖ സംവിധായകരുമെല്ലാം ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നുമുണ്ട്. പുതുമുഖ ചിത്രങ്ങള്‍ മിക്കതും തീര്‍ത്തും വ്യത്യസ്തമായതും മലയാളചലച്ചിത്രലോകം അധികം കണ്ടിട്ടില്ലാത്തതുമായ പ്രചാരണരീതികളാണ് കൈക്കൊള്ളുന്നത്.

ഇക്കൂട്ടത്തില്‍ പ്രധാനമാണ് പുതുമുഖ ചിത്രങ്ങളുടെ പ്രചാരണത്തിനായി മുതിര്‍ന്ന താരങ്ങള്‍ മുന്നോട്ടുവരുന്ന കാഴ്ച. സൂപ്പര്‍താരങ്ങളും മറ്റ് മുന്‍നിര താരങ്ങളുമെല്ലാം പുതുമുഖ താരങ്ങളുടെയും സംവിധായകരുടെയും ചിത്രങ്ങളുടെ പ്രചാരണത്തിനായി മുന്നോട്ടുവരുകയാണ്. മോഹന്‍ലാല്‍ മുതല്‍ ഫഹദ് ഫാസില്‍ വരെ ഈ താരനിരയിലുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ എം രഞ്ജിത്തിന്റെ ചിത്രത്തിന് പ്രചാരണം നല്‍കാന്‍ മോഹന്‍ലാല്‍ മുന്നോട്ടുവന്നു. തന്റെ കരിയറിന്റെ തുടക്കത്തില്‍ച്ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കല്‍ എന്ന പുതുമുഖങ്ങളുടെ അരങ്ങേറ്റചിത്രത്തോടാണ് മോഹന്‍ലാല്‍ എം രഞ്ജിത്തിന്റെ പുതിയ ചിത്രത്തെ ഉപമിച്ചത്. അനുഭവസമ്പന്നരായ താരങ്ങള്‍ പുതിയ ചിത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ അത് പ്രക്ഷേകര്‍ കണ്ണുമടച്ച് തള്ളിക്കളയില്ലെന്നുറപ്പാണ്.


കുഞ്ചാക്കോ ബോബന്‍, ദിലീപ് എന്നിവരെല്ലാം ഇത്തരത്തില്‍ പുതുമുഖക്കാരുടെ സിനിമകള്‍ക്കായി മുന്നോട്ടുവരുന്നുണ്ട്. സംവിധായകനുമായോ നിര്‍മ്മാതാവുമോയോ ഉള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല മിക്ക താരങ്ങളും പുതുമുഖ ചിത്രങ്ങളുടെ പ്രചാരണത്തിനായി മുന്നോട്ടുവരുന്നത്. സിനിമവളരുകയെന്ന ലക്ഷ്യം തന്നെയാണ് ഇത്തരം പ്രവണതയ്ക്ക് പിന്നിലെന്ന് നിസംശയം പറയാന്‍ കഴിയും.

നേരത്തേ ആഷിക് അബുവിന്റെ ഡാ തടിയാ എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ പോസ്റ്ററുകളിലെല്ലാം ചിത്രത്തിലെ പുതുമുഖം ശേഖര്‍ മേനോനോടൊപ്പം ഫഹദ് ഫാസിലിനെയും ദുല്‍ഖര്‍ സല്‍മാനെയും നമ്മള്‍ കണ്ടു.പക്ഷേ ചിത്രത്തില്‍ ഇവര്‍ രണ്ടുപേരും അഭിനയിച്ചിട്ടില്ല. ജോയ് മാത്യുവിന്റെ പുതിയ ചിത്രമായ ഷട്ടര്‍ പ്രദര്‍ശനത്തിനെത്തും മുമ്പേ ചലച്ചിത്രോത്സവവേദികളില്‍ വലിയ ശ്രദ്ധനേടിയ ചിത്രമാണ്. ചിത്രം പ്രദര്‍ശനത്തിനെത്തിക്കഴിഞ്ഞു, ഷട്ടറിന്റെ പോസ്റ്ററുകളില്‍ മിക്കതിലും സംവിധായകന്മാരായ ആഷിക് അബു, അമല്‍ നീരദ്, അഞ്ജലി മേനോന്‍ എന്നിവരുടെ ചിത്രങ്ങള്‍ കാണാം. ഇവരെല്ലാം പറയുന്നത് ഈ ചിത്രം കാണാതിരിക്കരുത് എന്നാണ്. സംവിദായകന്‍ രഞ്ജിത്താണ് ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്.

സിനിമയെക്കുറിച്ച് ആധികാരികമായി അറിയുന്നവര്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍, ജനങ്ങള്‍ക്ക് പ്രിയങ്കരരായ താരങ്ങള്‍ എന്നിവരെല്ലാം ഒരു സിനിമ നല്ലതാണെന്ന് പറയുമ്പോള്‍ അത് തള്ളിക്കളയാന്‍ പ്രേക്ഷകലോകത്തിന് കഴിയില്ലെന്ന സത്യത്തെ മുന്നില്‍ക്കണ്ടുതന്നെയാണ് പുതിയ സംവിധായകരും അണിയറക്കാരും പുതിയ പരസ്യതന്ത്രങ്ങള്‍ പരീക്ഷിയ്ക്കുന്നത്. വെറും പരസ്യമല്ലേയെന്ന ചിന്തയെ മാറ്റിനിര്‍ത്തിയാല്‍ ഇതുകൊണ്ട് ഗുണമുണ്ടാകുന്നത് സിനിമാ മേഖലയ്ക്കാണെന്ന് കാണാം. മുന്‍ കാലങ്ങളില്‍ അവാര്‍ഡ് നേടുന്ന പടങ്ങള്‍ കാണാണ്‍ തിയേറ്ററുകളില്‍ ആളുകളില്ലാത്ത കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കഥമാറുകയാണ്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടുന്ന ചിത്രങ്ങളെക്കുറിച്ച് താരങ്ങളും മറ്റം സംവിധായകരും വീണ്ടും വീണ്ടും പറയുകയാണ്, തീര്‍ച്ചയായും കാണണമെന്ന് നിര്‍ദ്ദേശിയ്ക്കുകയാണ്, അപ്പോള്‍ തിയേറ്ററുകളില്‍ ആളുകൂടിയില്ലെങ്കിലേ സംശയമുള്ളു. തളര്‍ന്നു തളര്‍ന്നു തകരാന്‍ പോകുന്ന സിനിമാമേഖലയ്ക്ക് ഇങ്ങനെ പുതുജീവന്‍ കിട്ടുന്നുണ്ടെങ്കില്‍ അത് സ്വീകരിക്കാവുന്നകാര്യം തന്നെയാണ്.

English summary
Star power attracts attention and Mollywood filmmakers are going all out to gain as much as they can by using star value to promote movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam