»   » വിക്രം അന്ന് സുരേഷിന്റെ സഹോദരന്‍, ഇന്നോ?

വിക്രം അന്ന് സുരേഷിന്റെ സഹോദരന്‍, ഇന്നോ?

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam
Suresh Gopi Vikram
ഷാജി കൈലാസ്- രഞ്ജി പണിക്കരുടെ മാഫിയ എന്ന ചിത്രത്തില്‍ സുരേഷ്‌ഗോപിയുടെ സഹോദരന്റെ വേഷത്തില്‍ അഭിനയിക്കുമ്പോള്‍ ഈ യുവനടന്റെ പേര് വിക്രം കെന്നഡി എന്നായിരുന്നു. നായകനടന്റെ നിഴലായി നടക്കുന്ന വേഷമായിരുന്നു വിക്രമിന്. കാലം കുറച്ചു കഴിഞ്ഞപ്പോള്‍ വിക്രം കെന്നഡി വളര്‍ന്ന് ചിയാന്‍ വിക്രമായി. ഇപ്പോള്‍ സുരേഷ്‌ഗോപി ഈ നടന്റെ സഹോദരനായി അഭിനയിക്കുന്നു. മാഫിയയില്‍ സുരേഷ്‌ഗോപിയുടെ സഹോദര വേഷം എന്നായിരുന്നു വിക്രമിനു പറഞ്ഞിരുന്നത്. ഇപ്പോള്‍ വിക്രമിന്റെ സഹോദര വേഷം സുരേഷ്‌ഗോപിക്ക്. എന്തൊരു മാറ്റം.

മലയാളത്തില്‍ മാത്രം ഒന്നിച്ചഭിനയിച്ച സുരേഷ്‌ഗോപിയും വിക്രമവും തമിഴില്‍ ആദ്യമായി ഒന്നിക്കുമ്പോള്‍ രണ്ടുപേരിലും വളരെയധികം മാറ്റം സംഭവിച്ചു. ശങ്കറിന്റെ ഐ എന്നുപേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലാണ് സുരേഷ്‌ഗോപി യും വിക്രമും വീണ്ടും തമിഴില്‍ അഭിനയിക്കുന്നത്. സുരേഷ്‌ഗോപിയെ വച്ച് ഷാജിയും രഞ്ജിയും തുടര്‍ച്ചയായ ഹിറ്റുകളൊരുക്കുന്ന കാലത്ത് വിക്രം തമിഴിലും മലയാളത്തിലും കാര്യമായ വേഷമൊന്നും ലഭിക്കാതെ നായകരുടെ നിഴലായി നടക്കുകയായിരുന്നു. ധ്രുവത്തില്‍ രണ്ടുപേരും ഒന്നിച്ചിരുന്നെങ്കിലും ഈ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. അന്ന് സുരേഷ്‌ഗോപിക്കും നായക വേഷം ലഭിക്കുക അപൂര്‍വമായിരുന്നു.

തലസ്ഥാനവും ഏകലവ്യനുമൊക്കെ വന്‍ വിജയം നേടിയപ്പോഴാണ് സുരേഷ്‌ഗോപി സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിയത്. ഇതിനു ശേഷം രജപുത്രന്‍ എന്ന ചിത്രത്തല്‍ സുരേഷ്‌ഗോപിയും വിക്രമും ഒന്നിച്ചിരുന്നെങ്കിലും ചിത്രം വിജയിക്കാതെ പോയത് രണ്ടുപേര്‍ക്കും ദോഷം ചെയ്തു. വിക്രം കുറച്ചുകാലം കൂടി മലയാളത്തില്‍ ഭാഗ്യം തേടി നടന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. അതിനിടെയാണ് ബാലയുടെ സേതു എന്ന ചിത്രം ഹിറ്റാകുന്നതും വിക്രമിന് തമിഴില്‍ നല്ലകാലം തെളിയുന്നതും. പിന്നീട് വിക്രം എന്ന നടന്റെ കുതിച്ചുകയറ്റമായിരുന്നു. അത്യധ്വാനം കൊണ്ട് വിക്രം തമിഴിലെ മുന്‍നിര താരങ്ങള്‍ക്കാപ്പമെത്തി. ഈ ഘട്ടത്തിലാണ് ശങ്കറിന്റെ അന്യനില്‍ നായകനാകുന്നതും വന്‍വിജയം നേടുന്നതും. വീണ്ടുമൊരിക്കല്‍ കൂടി വിക്രമും ശങ്കറും ഒന്നിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ എന്തായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ.

ഏതു തമിഴ് ചിത്രമൊരുക്കുമ്പോഴും ശങ്കര്‍ അതില്‍ മലയാളത്തില്‍ നിന്ന് ഒന്നോ രണ്ടോ താരങ്ങളെ ഉള്‍പ്പെടുത്തും. അന്യനില്‍ നെടുമുടി വേണുവും കൊച്ചിന്‍ ഹനീഫയുമായിരുന്നു മലയാളി സാന്നിധ്യം. രജനികാന്തിന്റെ യന്തിരനില്‍ കലാഭവന്‍ മണിയായിരുന്നു. ഇക്കുറി സൂപ്പര്‍സ്റ്റാറിന്റെ സാന്നിധ്യം തന്നെ വരുമ്പോള്‍ തന്നെ ചിത്രത്തിന്റെ വ്യാപ്തി എത്രയെന്നു മനസ്സിലാക്കാം.
മലയാളത്തില്‍ സുരേഷ്‌ഗോപിക്കിപ്പോള്‍ തിരക്കുള്ള സമയമല്ല. അവസാനമായി റിലീസ്് ചെയ്ത ചിത്രങ്ങളെല്ലാം വന്‍ പരാജയമായിരുന്നു. ഷാജിയും രഞ്ജിയും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിച്ച കിങ് ആന്‍ഡ് കമ്മിഷണറും ആയിരുന്നു ഒടുവില്‍ പ്രതീക്ഷയര്‍പ്പിച്ച ചിത്രം. അതും ബോക്‌സ്ഓഫിസില്‍ തകര്‍ന്നടിഞ്ഞു. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ ഞാന്‍ കോടീശ്വരന്‍ എന്ന പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുകയാണ്. നന്‍പനുശേഷം ശങ്കര്‍ ഒരുക്കുന്ന ചിത്രം ഉടന്‍ ചിത്രീകരണം തുടങ്ങും. മുഴുനീള കഥാപാത്രത്തെയാണ് സുരേഷ്‌ഗോപി അവതരിപ്പിക്കുന്നത്. മുന്‍പ് വിക്രമിനു മുന്‍പില്‍ നിന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ വിക്രം മുന്‍പില്‍നില്‍ക്കുന്നു എന്നര്‍ഥം.

English summary
Suresh Gopi is heading to Kollwood with a big project, to be directed by none other than the maverick Shankar himself. Suresh Gopi will be seen as Vikram’s buddy in the upcoming movie, titled I.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam