»   » തലൈവയില്‍ പാളിയത് സംവിധായകന്

തലൈവയില്‍ പാളിയത് സംവിധായകന്

Posted By:
Subscribe to Filmibeat Malayalam

രണ്ടു വിജയ്മാര്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന അത്ഭുതം പ്രതീക്ഷിച്ച് തിയറ്ററിലെത്തിയവര്‍ക്ക് മടങ്ങുമ്പോള്‍ നിരാശ മാത്രം. അതാണ് എ.എല്‍. വിജയ് സംവിധാനം ചെയ്ത് ഇളയ ദളപതി വിജയ് അഭിനയിച്ച തലൈവ എന്നചിത്രം. വിജയ് ഫാന്‍സുകാര്‍ക്കു പോലും സന്തോഷം നല്‍കാത്തൊരു ചിത്രമായിപ്പോയി തലൈവ. വിജയ്‌യുടെ പതിവു ചേരുവകളായ ഗാനം, നൃത്തം, സംഘട്ടനം, അമിത ആവേശം പകരാതെയുള്ള സംഭാഷണം എന്നിവയെല്ലാം കൃത്യം പാകത്തില്‍ സംവിധായകന്‍ ചേര്‍ത്തിട്ടുണ്ട്.

എന്നാല്‍ അതു തന്നെയാണ് ചിത്രത്തിനു തിരിച്ചടിയായതും. മുന്‍ ചിത്രങ്ങളായ വേലായുധം, തുപ്പാക്കി എന്നിവയിലേതു പോലെ വ്യത്യസ്തമായ എന്തെങ്കിലും കൊണ്ടുവരാന്‍ എ.എല്‍. വിജയ്ക്കു സാധിക്കാതെ പോയി. അതേപോലെ മറ്റുസിനിമകളിലെ കഥാസന്ദര്‍ഭങ്ങള്‍ പകര്‍ത്തിവയ്ക്കുകയും ചെയ്തതോടെ തലൈവയുടെ കാര്യം കുഴപ്പമായി.

Thalaiva

വിജയ് എന്ന നടന്റെ കഴിവു തന്നെയാണ് ചിത്രത്തെ ബോക്‌സ് ഓഫിസില്‍ പരാജയപ്പെടാതെ പിടിച്ചുനിര്‍ത്തുന്നത്. സംവിധായകന്‍ അമ്പേ പരാജയപ്പെട്ടപ്പോള്‍ നായകന്‍ തന്നെയാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. സിനിമയിലും തലൈവന്‍ വിജയ് തന്നെയെന്ന് അര്‍ഥം. അതുപോലെ സത്യരാജ് എന്ന നടന്റെ അണ്ണ എന്ന കഥാപാത്രവും. മുന്‍പൊക്കെ അഭിനയം അമിതമാക്കി പ്രേക്ഷകരെ ബോറടിപ്പിടിച്ചിരുന്ന സത്യരാജ് ഇതിലെ അണ്ണയായി ശരിക്കും കസര്‍ത്തി എന്നു പറയാം. എല്ലാം മിതമായിട്ടാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

നായികയായ മലയാളിതാരം അമല പോളിനും തിളങ്ങാന്‍ സാധിച്ചു. പൊലീസ് ഓഫിസറുടെ വേഷത്തിലും നായകന്റെ കാമുകിയായും അമല കയ്യടി വാങ്ങി. കോമഡിതാരം സന്താനത്തിന്റെ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊരു പ്ലസ് പോയിന്റ്. നിലവാരം കുറഞ്ഞുപോകാതെ കോമഡിയെ മുന്നോട്ടു നയിക്കുന്നത് സന്താനത്തിന്റെ മിടുക്കു തന്നെ.

നായകന്റെ വലംകയ്യായി നില്‍ക്കുന്ന രാജു എന്ന കഥാപാത്രത്തിലൂടെ മലയാളിയായ രാജീവ് പിള്ളയും തമിഴിലെ അരങ്ങേറ്റം ഗംഭീരമാക്കി. താരങ്ങളെല്ലാം മിടുക്കു കാണിച്ചപ്പോള്‍ കഥയിലും തിരക്കഥയിലും സംവിധാനത്തിലും പറ്റിയ പാളിച്ച തലൈവയ്ക്കു ദോഷമാകുകയും ചെയ്തു. ഇനിയും തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാത്ത ഈ ചിത്രം ഇനിയെത്തുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക എന്നത് നോക്കിക്കാണണം.

English summary
Though Thalaivaa didn’t make it in time to theatres in Tamil Nadu, some of the other prominent markets such as Kerala, Karnataka, Andhra and the overseas circuits saw the movie’s release and the opening has been good all over.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X