»   » മാറ്റിനിയെ തകര്‍ക്കാന്‍ തിയറ്ററുകള്‍ ശ്രമിക്കുന്നു

മാറ്റിനിയെ തകര്‍ക്കാന്‍ തിയറ്ററുകള്‍ ശ്രമിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ മരുമകന്‍ മഖ്ബൂല്‍ സല്‍മാന്‍ ആദ്യമായി നായകനാവുന്ന മാറ്റിനിയെ ഒതുക്കാനുള്ള ശ്രമമാണ് ഈ ചിത്രത്തിനെതിരെ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ഉപരോധത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ റിലീസ് നീളുന്നത് ഇതിന്റെ ഭാഗമാണെന്ന് ഇവര്‍ പറയുന്നു.

matinee

സെന്‍സറിംഗ് കഴിഞ്ഞ ചിത്രം ആദ്യം നവംബര്‍ 23ന് റീലിസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് നവംബര്‍ 30-ലേക്കു റിലീസ് മാറ്റി. അതിനുശേഷം ഡിസംബര്‍ ഏഴിലേക്ക് വീണ്ടും റീലീസിംഗ് മാറ്റിയെങ്കിലും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനില്‍ അംഗങ്ങളായ തീയറ്റുകളോടു സിനിമ റീലിസ് ചെയ്യേണ്ടതില്ല എന്ന് രഹസ്യ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ ആരോപിച്ചു.

ഫാഷന്‍ ഫോട്ടോഗ്രഫര്‍ അനീഷ് ഉപാസന ആദ്യമായി സംവിധാനം ചെയ്ത മാറ്റിനിയെ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഈ മാസം എട്ടിലെ ചര്‍ച്ചയ്ക്കു ശേഷം മാറ്റിനിക്കു റീലിസിംഗ് തീയതി നിശ്ചയിച്ചു നല്‍കുമ്പോഴേക്കും ക്രിസ്മസ്-ന്യൂഇയര്‍ ചിത്രങ്ങള്‍ തിയറ്ററുകളിലെത്തും. ഇതോടെ പഴയചിത്രങ്ങള്‍ക്ക് പുറത്തുപോകേണ്ടതായും വരും.

നവാഗത പ്രതിഭകള്‍ക്ക് അവസരം നല്‍കണമെന്ന് എല്ലാ വേദികളിലും ആവശ്യപ്പെടുന്നവര്‍ തന്നെയാണ് ഒരുകൂട്ടം പുതുമുഖങ്ങള്‍ അണിയിച്ചൊരുക്കുന്ന സിനിമകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറയുന്നു.

അതേസമയം തിയറ്ററുകള്‍ അടച്ചിട്ട് ഉടമകള്‍ നടത്തിയ സമരത്തിന് പിന്തുണ നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് മാറ്റിനിയെ ഒതുക്കാന്‍ നീക്കം നടക്കുന്നതെന്ന് സൂചനകളുണ്ട്. അങ്കമാലിയിലെ കാര്‍ണിവല്‍ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍, കൊച്ചിയിലെ ഷേണായീസ് ഗ്രൂപ്പ്, കോഴിക്കോട്ടെ ക്രൗണ്‍ എന്നിവയാണ് സമരത്തില്‍ പങ്കെടുക്കാതെ മാറിനിന്നത്. ഇതില്‍ കാര്‍ണിവലിന്റെ ഉടമകളായ എ.ഒ.പി.എല്‍. ആണ് മാറ്റിനിയുടെ നിര്‍മാതാക്കള്‍.

ഇതാണ് മാറ്റിനിയ്‌ക്കെതിരെയുള്ള നീക്കത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. ഷേണായീസ് ഗ്രൂപ്പ് വിതരണം ചെയ്യുന്ന സിനിമകളും ഫെഡറേഷനുകീഴിലുള്ള തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തതായി അറിയുന്നു. ക്രൗണ്‍ തീയറ്ററിന് നല്‍കുന്ന സിനിമകളും ഫെഡറേഷന്റെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന എഒപിഎല്ലിന്റെ മൂന്നാമത്തെ മലയാളചിത്രമാണ് മാറ്റിനി. മലയാളികള്‍ തന്നെയാണ് കമ്പനിയുടെ സാരഥ്യം വഹിയ്ക്കുന്നത്. എന്നാല്‍ ഒരേസമയം ഒട്ടേറെ മലയാള ചിത്രങ്ങള്‍ റീലീസ് ചെയ്യുന്നതിനാല്‍ പുതിയ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീയറ്റര്‍ ലഭ്യമല്ലാത്തതാണു മാറ്റിനിക്കു വിനയാകുന്നതെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ നിലപാട്. താന്‍ വിതരണം നടത്തുന്ന ഫെയ്‌സ് ടു ഫെയ്‌സ് എന്ന മമ്മൂട്ടി ചിത്രത്തിനുപോലും മതിയായ തീയറ്ററുകള്‍ ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യമെന്നും അദ്ദേഹം വിശദീകരിയ്ക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam