twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലാശപോരാട്ടത്തിന് ഒരുക്കമായി

    By Nirmal Balakrishnan
    |

    മലയാള സിനിമയില്‍ 2013ലെ കലാശപ്പോരാട്ടത്തിന് ഒരുക്കമായി. അന്നയും റസൂലും എന്ന ചിത്രത്തില്‍ തുടങ്ങിയ 2013ല്‍ ഇതുവരെ 155 ചിത്രങ്ങള്‍ റിലീസ് ചെയ്തു. ഹിറ്റുകള്‍ കുറവായിരുന്നെങ്കിലും ശ്രദ്ധേയമായ കുറേ ചിത്രങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് ഈ വര്‍ഷം പിന്നിടുന്നത്.

    ക്രിസ്മസ്- പുതുവര്‍ഷത്തോടനുബന്ധിച്ച് മൂന്നു ബിഗ് ബജറ്റ് ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. മോഹന്‍ലാലിന്റെ ദൃശ്യം, ദിലീപിന്റെ ഏഴുസുന്ദര രാത്രികള്‍, ഫഹദിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ. മൂന്നു പ്രമുഖ സംവിധാകയര്‍ ഒരുക്കുന്ന ചിത്രങ്ങളെ വരവേല്‍ക്കാന്‍ ഫാന്‍സുകാരും തിയറ്ററുകാരും വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. ഈ മാസം ആദ്യം തന്നെ മൂന്നു ചിത്രങ്ങളുടെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

    Drishyam, Ezhu Sundara Rathrikal, Oru Indian Pranaya Kadha

    മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന ചിത്രമാണ് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം. ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം പരാജയപ്പെട്ട മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിന് പ്രതീക്ഷ നല്‍കുന്നത് ജിത്തുവിന്റെ മുന്‍ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു എന്നതു മാത്രമാണ്. മൈ ബോസും മെമ്മറീസും സൂപ്പര്‍ഹിറ്റായതാണ് ആകെയുള്ള പ്ലസ് പോയിന്റ്. ലാലിന്റെതായി ഒടുവില്‍ റീലീസ് ചെയ്ത ചിത്രമായ ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ വന്‍ പരാജയമായിരുന്നു. ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത റെഡ് വൈനും പരാജയമായിരുന്നു.

    പുതിയ ചിത്രത്തില്‍ മീനയാണ് ലാലിന്റെ നായിക. കര്‍ഷകനായ ജോര്‍ജ്കുട്ടിയെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. ആശിര്‍വാദ്‌ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, ആശാ ശരത് എന്നിവരാണ് മറ്റു താരങ്ങള്‍. ജിത്തുവിന്റെ തന്നെയാണ് തിരക്കഥ.

    ഈ വര്‍ഷത്തെ നാലാമത്തെ ഹിറ്റിനൊരുങ്ങുന്ന ദിലീപിന്റെ ഏഴുസുന്ദരരാത്രികള്‍ ഇപ്പോഴേ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. ലാല്‍ജോസും ദിലീപും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും പ്രധാന പ്ലസ് പോയിന്റ്. റീമാ കല്ലിങ്കലാണ് നായിക. ജയിംസ് ആല്‍ബര്‍ട്ട് ആണ് കഥയും തിരക്കഥയും. ക്ലാസ്‌മേറ്റ്‌സിനു ശേഷം ജയിംസും ലാല്‍ജോസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

    വിവാഹത്തിനൊരുങ്ങുന്ന അഭി എന്ന പരസ്യ സംവിധായകന്റെ കഥയാണ് ഏഴു സുന്ദരരാത്രികള്‍. വിവാഹത്തിനു മുന്‍പുള്ള ഏഴു രാത്രികളിലൂടെ കടന്നുപോകുന്ന അഭിയുടെ ജീവിതമാണ് തമാശയുടെ അകമ്പടിയോടെ ലാല്‍ജോസ് അവതരിപ്പിക്കുന്നത്. സൗണ്ട് തോമ, ശൃംഗാരവേലന്‍, നാടോടി മന്നന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമുള്ള ദിലീപിന്റെ ഈ വര്‍ഷത്തെ ചിത്രമാണിത്.

    സത്യന്‍ അന്തിക്കാട് എന്ന പഴയ തലമുറയിലെ സംവിധായകന്‍ ന്യൂജനറേഷന്‍ നായകനായ ഫഹദ് ഫാസിലുമായി ഒന്നിക്കുന്ന ചിത്രമാണ് ഒരു ഇന്ത്യന്‍ പ്രണയകഥ. അമല പോള്‍ ആദ്യമായി ഫഹദിന്റെ നായികയാകുകയാണ്. ഏറെ പുതുമയോടെയാണ് സത്യന്‍ ഈ ചിത്രം ചെയ്യുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ് ചിത്രം.

    അവസാനമായി ചെയ്ത സ്‌നേഹവീട് , പുതിയ തീരങ്ങള്‍ എന്നിവ വന്‍ പരാജയമായിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രം വിജയിക്കേണ്ടത് അത്യാവശ്യവും. ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് കഥയും തിരക്കഥയും. സത്യന്‍ ചിത്രങ്ങളിലെ സജീവസാന്നിധ്യമായ മാമുക്കോയ, കെപിഎസി ലളിത എന്നിവരൊന്നുമില്ലാത്ത ചിത്രം കൂടിയാണിത്. ആകെയുള്ളത് ഇന്നസെന്റ് മാത്രം.

    രാഷ്ട്രീയക്കാരനായ അയ്മനം സിദ്ദാര്‍ഥന്‍ എന്ന യുവാവിനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. സന്ദേശത്തിനു ശേഷം സത്യന്‍ ഒരുക്കുന്ന രാഷ്ട്രീയ ചത്രം കൂടിയാണിത്. വിദ്യാസാഗര്‍ ആദ്യമായി സത്യന്‍ ചിത്രത്തിനു സംഗീതം നല്‍കുകയാണ് ഇതില്‍.

    മൂന്നുചിത്രങ്ങള്‍ നല്‍കുന്ന വിജയം 2014ലെ ചിത്രങ്ങളുടെ വിജയത്തെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്.

    English summary
    The Christmas-New Year season is one of the biggest for Malayalam cinema and four high profile releases will add to the festivities this year.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X