»   » ഉസ്താദ് ഹോട്ടലും കോപ്പിയടിയെന്ന് ആരോപണം

ഉസ്താദ് ഹോട്ടലും കോപ്പിയടിയെന്ന് ആരോപണം

Posted By:
Subscribe to Filmibeat Malayalam
Usthad Hotel
ന്യൂജനറേഷന്‍ സിനിമയെന്ന പേരില്‍ മലയാളത്തില്‍ വരുന്നതെല്ലാം കോപ്പിയടി സിനിമകളോ? അടുത്ത കാലത്ത് മോളിവുഡിന് പുത്തനുണര്‍വ് പകര്‍ന്ന സിനിമകളെല്ലാം ഹോളിവുഡ്-യൂറോപ്യന്‍ സിനിമകളില്‍ നിന്നും ചുരണ്ടിയതാണെന്നൊരു ആരോപണം പരക്കെയുണ്ട്. ഈ ആരോപണങ്ങളില്‍ പലതിലും സത്യവുമുണ്ട്.

ഇപ്പോഴിതാ തിയറ്റുകളില്‍ തകര്‍ത്തോടുന്ന ഉസ്താദ് ഹോട്ടലിനെതിരെയാണ് ഇങ്ങനെയൊരു ആരോപണം ഉയര്‍ന്നിരിയ്ക്കുന്നത്. അഞ്ജലി മേനോന്റെ തിരക്കഥ 2009ല്‍ ജര്‍മ്മന്‍ സംവിധായകനായ ഫാതിഹ് അകിന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത സോള്‍ കിച്ചനുമായി ഉസ്താദ് ഹോട്ടലിന് അസാധാരണമായ സാദൃശ്യമുണ്ടെന്നാണ് പഴി.

എന്നാല്‍ മറ്റു പലരും ചെയ്ത പോലെ സോള്‍ കിച്ചനെ ഈച്ച കോപ്പിയടിയ്ക്കുകയല്ല, മറിച്ച കഥയുടെ പ്രധാന പ്രമേയം മാത്രമെടുത്ത് മറ്റെതെല്ലാം പൊളിച്ചെഴുതുകയാണ് ഉണ്ടായതന്ന് വിദേശസിനിമകളില്‍ ഗവേഷണങ്ങള്‍ നടത്തുന്ന മല്ലൂസ് പറയുന്നു.

കഥാപാത്രങ്ങളുടെ പശ്ചാത്തലങ്ങള്‍ വ്യത്യാസമുണ്ടെങ്കിലും ഹോട്ടല്‍ കച്ചവടം തന്നെയാണ് രണ്ട് സിനിമയുടെയും പ്രധാനപ്രമേയം. ജീര്‍ണാവസ്ഥയിലായ പഴഞ്ചന്‍ ഹോട്ടലിനെ പുനരുജ്ജീവിപ്പിയ്ക്കാനുള്ള സിനിമയുടെ കഥയാണ് സോള്‍ കിച്ചനും പറയുന്നത്. ഉസ്താദ് ഹോട്ടലിനെപ്പോലെ വലിയൊരു ഹോട്ടല്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ചെറിയ ഹോട്ടലിനെ പൂട്ടിയ്ക്കാനും അവര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

വലിയ ഹോട്ടലില്‍ നിന്നും പുറത്താക്കപ്പെടുന്ന ഷെഫ് ചെറുകിട ഹോട്ടലില്‍ എത്തുന്നതാണ് സോള്‍ കിച്ചന്റെ കഥയിലെ പ്രഥാന ടേണിങ് പോയിന്റ്. എന്നാല്‍ ഉസ്താദ് ഹോട്ടലില്‍ കടമയുടെ ചെറുമകന്‍ സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും പാചകകല പഠിച്ചെത്തുന്നതോടെയാണ് കച്ചവടം ഉഷാറാവുന്നത്.

രണ്ട് സിനിമകളുടെയും പശ്ചാത്തലം ഹോട്ടലുകളുടെ അതിജീവനമാണ്. എന്നാല്‍ വൈവിധ്യമാര്‍ന്ന കഥാപാത്ര സൃഷ്ടികള്‍ നടത്തിയും യഥാര്‍ത്ഥ വ്യക്തികളെയും അവരുടെ സേവനങ്ങളെയും ഓര്‍മിപ്പിയ്ക്കുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചും സിനിമയ്ക്ക കൂടുതല്‍ വിശ്വാസ്യത നല്‍കാന്‍ ഉസ്താദ് ഹോട്ടലിന്റെ അണിയറക്കാര്‍ ശ്രമിച്ചിട്ടുണ്ട്.

എന്തൊക്കെ പഴി കേട്ടാലും ഇല്ലെങ്കിലും ഉസ്താദ് ഹോട്ടലിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഒരാഴ്ച കൊണ്ട് നാല് കോടി രൂപ വാരിക്കൂട്ടി സൂപ്പര്‍ഹിറ്റിലേക്ക് കുതിയ്ക്കുകയാണ് ചിത്രം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam