»   » ഒരു ബഷീര്‍ രചന കൂടി വെള്ളിത്തിരയിലേക്ക്‌

ഒരു ബഷീര്‍ രചന കൂടി വെള്ളിത്തിരയിലേക്ക്‌

Posted By:
Subscribe to Filmibeat Malayalam
Bhoomiyude Avakashikal
വൈക്കം മുഹമ്മദ്‌ ബഷീറെന്ന വിശ്വവിഖ്യാതന്റെ വിശാല സ്‌നേഹം വിഭാവനം ചെയ്യുന്ന ഭൂമിയുടെ അവകാശികളെ അന്വര്‍ത്ഥമാക്കി കൊണ്ട്‌ ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഭൂമിയുടെ അവകാശികളി'ല്‍ തവള, കീരി, പാമ്പ്‌, ഓന്ത്‌, അണ്ണാന്‍ ,ആമ, പല്ലി, ഉറുമ്പുകള്‍ എന്നു വേണ്ട സകലമാന തൊടി ജീവികളും പ്രത്യക്ഷപ്പെടുന്നു.

ആള്‍പ്പാര്‍പ്പില്ലാത്ത പ്രേതാലയം പോലെ കിടന്ന വീട്ടില്‍ വന്ന്‌ ഒറ്റയ്‌ക്ക്‌ താമസിക്കുന്ന രാമചന്ദ്രന്‍ എന്ന നായക കഥാപാത്രത്തിന്‌ കൂട്ടാവുന്നത്‌ മേല്‍പറഞ്ഞ ജീവികളാണ്‌. അവയുടെ വിഹാര കേന്ദ്രത്തില്‍ അവര്‍ക്കു ബുദ്ധിമുട്ടില്ലാതെ ജീവിക്കുന്ന രാമചന്ദ്രനെ നാടും നാട്ടുകാരും അത്ഭുതത്തോടെയാണ്‌ വീക്ഷിക്കുന്നത്‌.

അയല്‍പക്കങ്ങളിലെ മനുഷ്യരേക്കാള്‍ രാമചന്ദ്രന്‍ സ്‌നേഹിക്കുകയും സൗഹൃദം രൂപപ്പെടുത്തുകയും ചെയ്യുന്നത്‌ വീട്ടിലും പറമ്പിലും മേഞ്ഞു നടക്കുന്ന ജീവികളോടാണ്‌. ഇതിനൊരു കാരണമുണ്ട്‌, അഹമ്മദബാദിലെ വര്‍ഗ്ഗീയ കലാപത്തില്‍ ഒറ്റപ്പെട്ടുപോയ മുസ്ലീം പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജോലിയുപേക്ഷിച്ച്‌ കള്ളവണ്ടി കയറി പിടിക്കപ്പെട്ടുവരുന്നവന്‌ അണ്‍നോണ്‍ ബീരാന്‍ കാക്കയെന്ന ആളാണ്‌ അഭയം നല്‍കുന്നത്‌.

ചെറിയ കച്ചവടം കൊണ്ട്‌ ജീവിച്ചു കൂടുന്ന ഇയാളുടെ ഇഷ്ടവിനോദം ബാബുരാജിന്റെ പാട്ടുകള്‍ പേര്‍ത്തും പേര്‍ത്തും പാടികേള്‍ക്കുന്നതാണ്‌. നാട്ടിലുണ്ടായ സാമുദായിക കലാപത്തില്‍ ബീരാന്‍കാക്ക കൊല്ലപ്പെട്ടതോടെ അയാള്‍ നല്‌കിയ ഗ്രാമഫോണും റിക്കാര്‍ഡുകളുമായി പുതിയ ഗ്രാമത്തില്‍ എത്തിയതാണ്‌ രാമചന്ദ്രന്‍. ട്യൂഷന്‍ ടീച്ചറായ സുനന്ദയുമായി അടുക്കുന്നതിലൂടെയാണ്‌ രാമചന്ദ്രന്‍ തന്റെ കഴിഞ്ഞ ജീവിതം പുറത്തെടുക്കുന്നത്‌.

ഷൊര്‍ണ്ണൂരിലെ അതിരിയത്ത്‌ മനയാണ്‌ ടിവിയുടെ ചിത്രത്തിന്‌ ലൊക്കേഷനായി തിരഞ്ഞെടുത്തത്‌. ആള്‍താമസമില്ലാത്ത വീടും പടര്‍ന്നു പന്തലിച്ച മരങ്ങളാലും ജീവികളുടെ സമൃദ്ധിയാലും എന്തുകൊണ്ടും അനുയോജ്യമായ ഇടം. പാമ്പുകളും കീരികളുമായി ഷംസുദ്ധീന്‍ എത്തുമ്പോള്‍ മറ്റ്‌ ജന്തുക്കള്‍ പറമ്പില്‍ തന്നെ തയ്യാര്‍.

യെസ്‌ സിനിമ കമ്പനിയുടെ ബാനറില്‍ ആനന്ദ്‌ കുമാറാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. ഛായാഗ്രഹണം രാമചന്ദ്രബാബു. രാമചന്ദ്രനെ അവതരിപ്പിക്കുന്നത്‌ യുവതാരങ്ങളില്‍ ശ്രദ്ധേയനായികൊണ്ടിരിക്കുന്ന കൈലാഷ്‌ ആണ്‌. ശ്രീനിവാസന്‍, മാമുക്കോയ, സന്തോഷ്‌, ഭഗത്‌, ഇന്ദ്രന്‍സ്‌, ഷഹബാസ്‌ അമന്‍, ഇഎ രാജേന്ദ്രന്‍, മണികണ്‌ഠന്‍ പട്ടാമ്പി, മൈഥിലി, ഊര്‍മ്മിള ഉണ്ണി എന്നിവരാണ്‌ മറ്റ്‌ പ്രധാനതാരങ്ങള്‍.

മനുഷ്യനോടൊപ്പം ജീവികളും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുള്ളവയാണെന്ന്‌ ബോധ്യപ്പെടുത്തുന്നതോടൊപ്പം ജാതിയുടേയും മതത്തിന്റേയും പേരില്‍ തമ്മിലടിച്ച്‌ നശിക്കുന്ന മനുഷ്യര്‍ക്ക്‌ മൃഗജീവിതത്തിന്റെ സംതുലിതാവസ്ഥ നല്‍കുന്ന പാഠം വലുതാണ്‌ എന്നു കൂടി സിനിമ ഓര്‍മ്മപ്പെടുത്തുകയാവും ഭൂമിയുടെ അവകാശികളിലൂടെ.

English summary
Vaikkom Mohammed Basheer's Bhommiyude Avakshikal going to be a cinema by renowned director TV Chandran by the same title.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam