»   » വീണ്ടും വിദ്യ ബാലനെ കമല്‍ പറ്റിച്ചോ, അല്ലെങ്കില്‍ ഭാഗ്യക്കേട്; ആമിയില്‍ നിന്ന് വിദ്യ ബാലന്‍ പിന്മാറി

വീണ്ടും വിദ്യ ബാലനെ കമല്‍ പറ്റിച്ചോ, അല്ലെങ്കില്‍ ഭാഗ്യക്കേട്; ആമിയില്‍ നിന്ന് വിദ്യ ബാലന്‍ പിന്മാറി

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡ് ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ വിദ്യ ബാലനെ രണ്ട് കൈയ്യും നീട്ടി സ്വീകരിയ്ക്കാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു മലയാള സിനിമാ ലോകം. കമല സുരയ്യയുടെ ആത്മകഥ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ വിദ്യ ബാലന്‍ ആമിയായി എത്തും എന്നായിരുന്നു വാര്‍ത്തകള്‍. ഇതിനായി വിദ്യ മലയാളം പഠിയ്ക്കുന്നതായും കേട്ടു.

ബിജെപിയോട് ഇടഞ്ഞു നില്‍ക്കുന്ന കമലിനൊപ്പം സിനിമ ചെയ്യാന്‍ വിദ്യാബാലനില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ?

എന്നാല്‍ എന്തുകൊണ്ടോ പറഞ്ഞ ഡേറ്റുകളിലൊന്നും ആമിയുടെ ചിത്രീകരണം ആരംഭിച്ചില്ല. 2015 സെപ്റ്റംബറില്‍ ആരംഭിയ്ക്കും എന്നായിരുന്നു വാര്‍ത്തകള്‍. അത് നീണ്ട് നീണ്ട് 2017 വരെ എത്തി. എന്നാല്‍ ഇനി അങ്ങനൊരു സിനിമ വിദ്യ ബാലനെ നായികയാക്കി സംഭവിയ്ക്കില്ല എന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തില്‍ നിന്ന് വിദ്യ പിന്മാറിയത്രെ.

എന്താണ് കാരണം

തിരക്കഥയില്‍ കമലിനും വിദ്യ ബാലനും ഉള്ള അഭിപ്രായ വ്യത്യാസമാണ് നടി സിനിമ ഉപേക്ഷിക്കാന്‍ കാരണമത്രെ. തിരക്കഥ ആദ്യം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ വിദ്യ ബാലന് ഇഷ്ടപ്പെട്ടിരുന്നു. ചെയ്യാന്‍ എന്നേറ്റതും ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ അവസാനഘട്ട മിനുക്കുപണിയില്‍ വേറെ ചിലതൊക്കെ കമല്‍ കൂട്ടിച്ചേര്‍ത്തു. ആ കൂട്ടിച്ചേര്‍ത്ത ഭാഗത്തോട് വിദ്യ ബാലന് താത്പര്യമില്ലാത്തതാണ് സിനിമയില്‍ നിന്ന് പിന്മാറാന്‍ കാരണമത്രെ.

സിനിമയിലേക്കിറങ്ങുന്ന നടി

വിദ്യ ബാലന്‍ എന്ന നടിയെ സംബന്ധിച്ച്, ഒരു സിനിമ ചെയ്യുമ്പോള്‍ അതിലെ കഥാപാത്രത്തിന് വേണ്ടി പൂര്‍ണമായുള്ളൊരു തയ്യാറെടുപ്പ് നടത്തും. അതിന് സിനിമ സംവിധായകന്റെയും എഴുത്തുകാരന്റെയും പൂര്‍ണ സഹകരണം നടിയ്ക്ക് ആവശ്യമാണ്. വളരെ ആസ്വദിച്ചാണ് വിദ്യ ഒരു സിനിമ ചെയ്യുന്നത്. ആ ഒരു സഹകരണം കമലില്‍ നിന്നും കിട്ടിയില്ല എന്നും കേള്‍ക്കുന്നു.

മോദിയെ വിമര്‍ശിച്ചതാണോ കാരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഷ്‌കാരങ്ങളോട് കമലിനും വിദ്യയ്ക്കും ഉള്ള അഭിപ്രായ വ്യത്യാസങ്ങളാണ് സിനിമ ഉപേക്ഷിക്കാന്‍ കാരണം എന്ന് നേരത്തെ കിംവദന്തികള്‍ പ്രചരിച്ചിരുന്നു. കമല്‍ മോദിയുടെ നോട്ട് നിരോധനത്തെ ശക്തമായി എതിര്‍ത്തു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അങ്കമല്ലാത്ത വിദ്യ കേന്ദ്ര സര്‍ക്കാറിന്റെ പല പുതിയ പദ്ധതികളെയും സ്വീകരിയ്ക്കുന്ന ആളാണ്. ഈ വിഷയത്തില്‍ ഇരുവര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടായതാണ് കാരണം എന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ മലയാള സിനിമയെയും കമല്‍ എന്ന സംവിധായകനെയും ബഹുമാനിക്കുകയും ആദരിയ്ക്കുകയും ചെയ്യുന്ന വിദ്യ ഇത്തരമൊരു കാരണത്തിന്റെ പേരില്‍ സിനിമ ഉപേക്ഷിക്കില്ല എന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ചക്രം ഉപേക്ഷിക്കപ്പെട്ടത്

ഇതാദ്യത്തെ തവണയല്ല വിദ്യ ബാലനെ മലയാള സിനിമ പടിക്കല്‍ വരെ എത്തിച്ചിട്ട് തിരിച്ചയക്കുന്നത്. 2013 ല്‍ ചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു വിദ്യാ ബാലന്‍ സിനിമാ ലോകത്തേക്ക് അരങ്ങേറേണ്ടിയിരുന്നത്. കമല്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ മോഹന്‍ലാലും ദിലീപും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാല്‍ ചിത്രം പാതി വഴിയില്‍ മുടങ്ങിപ്പോയി. തുടര്‍ന്നാണ് വിദ്യ ബോളിവുഡില്‍ ഭാഗ്യ പരീക്ഷണത്തിന് പോയത്. അവിടെ വിജയം കാണുകയും ചെയ്തു. ചക്രം എന്ന ചിത്രം പിന്നീട് ലോഹിതദാസ് പൃഥ്വിരാജിനെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കി.

വിദ്യ ബോളിവുഡില്‍ തന്നെ

ആമിയും ഉപേക്ഷിക്കുകയാണെങ്കില്‍, ഇത് രണ്ടാം തവണയാണ് കമല്‍ ചിത്രം വിദ്യ ബാലനെ നിരാശപ്പെടുത്തുന്നത്. എന്ത് തന്നെയായാലും ബോളിവുഡില്‍ നല്ല ചില ചിത്രങ്ങളുമായി തിരക്കിലാണ് വിദ്യ. ബേഗും ജാനാണ് അടുത്ത റിലീസിങ് ചിത്രം. തുംഹാരി സുലു എന്ന ചിത്രത്തില്‍ റേഡിയോ ജോക്കിയായി വിദ്യ എത്തുന്നു. ഇനിയെന്നാണ് മലയാളത്തിലേക്കെന്നറിയാന്‍ കാത്തിരിയ്ക്കാം.

English summary
Vidya Balan, the supremely talented Bollywood actress was supposed to make her Malayalam debut, with the Kamala Surayya biopic Aami. But as per the latest updates, Vidya has backed out from the Kamal-directed project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam