സിനിമയില്‍ ഗോഡ്ഫാദറില്ല! അവസരങ്ങള്‍ തട്ടിക്കളഞ്ഞാല്‍ കുടുംബം പട്ടിണിയായി പോകും: വിനയ് ഫോര്‍ട്ട്
നായകനായും സഹനടനായും മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് വിനയ് ഫോര്‍ട്ട്. സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗം എന്ന സിനിമയായിരുന്നു നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയത്. അപൂര്‍വ്വ രാഗത്തിലെ നെഗറ്റീവ് പരിവേഷമുളള കഥാപാത്രം നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. സഹനടനായുളള വേഷങ്ങളിലൂടെയായിരുന്നു വിനയ് മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയിരുന്നത്.
പ്രേമത്തിലെ വിമല്‍ സാര്‍ എന്ന വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രത്തെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഈ വര്‍ഷം വളരെക്കുറവ് സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചിരുന്നത്. ലഡു എന്ന ചിത്രമായിരുന്നു വിനയ് ഫോര്‍ട്ടിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന സിനിമ. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് വിനയ് ഫോര്‍ട്ട് മനസുതുറന്നിരുന്നു. കിട്ടുന്ന അവസരങ്ങള്‍ ഒഴിവാക്കിയാല്‍ കുടുംബം പട്ടിണിയായി പോകുമെന്ന് അഭിമുഖത്തില്‍ നടന്‍ തുറന്നുപറഞ്ഞു.

പ്രേമത്തിലെ വിമല്‍ സാര്‍
അപൂര്‍വ്വ രാഗത്തിനു പുറമെ വിനയ് ഫോര്‍ട്ടിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ഒരു ചിത്രമായിരുന്നു പ്രേമം. ചിത്രത്തിലെ വിമല്‍ സാര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയസ് റോളുകളില്‍നിന്നും ഹാസ്യ വേഷത്തിലെക്കുളള വിനയുടെ മാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. തിയ്യേറ്ററുകളില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച രംഗങ്ങളായിരുന്നു പ്രേമത്തില്‍ വിനയ് ഫോര്‍ട്ടും സൗബിന്‍ ഷാഹിറും കൂടി ചെയ്തത്. പ്രേമത്തിനു ശേഷം നിരവധി വേറിട്ട റോളുകള്‍ വിനയ്ക്ക് മലയാളത്തില്‍ ലഭിച്ചിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളെല്ലാം തന്റെതായ രീതിയില്‍ മികവുറ്റതാക്കാന്‍ നടന് സാധിക്കാറുണ്ട്.

വിനയ് പറഞ്ഞത്
അടുത്തിടെ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് വിനയ് ഫോര്‍ട്ട് മനസു തുറന്നിരുന്നത്. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ തേടി വരുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് വിനയ് പറയുന്നു. ഇന്നും ആളുകള്‍ക്കിടയില്‍ പ്രേമത്തിലെ വിമല്‍ സാറായി താന്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ അത് തന്റെ മാത്രം പരിമിതയാണെന്നും നടന്‍ പറഞ്ഞു. സിനിമയില്‍ എനിക്ക് ഗോഡ്ഫാദറില്ല. ഇതുവരെ ഒരു കോക്കസിന്റെയും ഭാഗവുമല്ല ഞാന്‍. എന്നെ സംബന്ധിച്ച് സിനിമ സെലക്ട് ചെയ്യുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. വിനയ് ഫോര്‍ട്ട് പറയുന്നു.

നല്ല സിനിമ ചെയ്യണമെന്ന ആഗ്രഹം
ഒരുപാട് ചോയ്‌സുകള്‍ എന്റെ മുന്നിലില്ല. എന്നാല്‍ വലിയ ഇടവേളകള്‍ ഇല്ലാതെ പടം ചെയ്യുകയും വേണം. നല്ല സിനിമ ചെയ്യണമെന്ന ആഗ്രഹം മനസിലുണ്ട് താനും. ഇന്നും പ്രേമത്തിലെ വിമല്‍ സാറായി അറിയപ്പെടുന്നുണ്ടെങ്കില്‍ അത് എന്റെ പരിമിതി തന്നെയാണ്. പ്രേമത്തിന് മുന്‍പ് ഞാന്‍ ചെയ്ത ചില തീവ്രമായ കഥാപാത്രങ്ങള്‍ എനിക്ക് നഷ്ടമായി. പിന്നീട് കിട്ടിയതെല്ലാം നന്മ നിറഞ്ഞ തമാശക്കാരനായ പാവം വേഷങ്ങളാണ്. അതിനെ പൊളിച്ചെഴുതിയ ഒരു കഥാപാത്രം കിസ്മത്തിലെ അജയ് സി മേനോന്‍ ആണ്.

അതുപോലൊരു സിനിമ
അതുപോലൊരു സിനിമ പ്രേമത്തിന്റെ പകുതി വിജയം നേടിയിരുന്നെങ്കില്‍ കഥ മാറിയേനെ. ഡാര്‍ക്ക് ഷേഡുളള കഥാപാത്രങ്ങളാണ് മനസുകൊണ്ട് ഇഷ്ടം. എന്നുവെച്ച് കിട്ടുന്ന കഥാപാത്രങ്ങള്‍ തട്ടിക്കളഞ്ഞാല്‍ ഭാര്യയും കുഞ്ഞും പട്ടിണിയായി പോകും.വിനയ് ഫോര്‍ട്ട് മാസികമായുളള അഭിമുഖത്തില്‍ വൃക്തമാക്കി. അതേസമയം ലഡു എന്ന ചിത്രമായിരുന്നു വിനയ് ഫോര്‍ട്ടിന്റെതായി ഒടുവില്‍ റിലീസ് ചെയ്തിരുന്നത്. റൊമാന്റിക്ക് കോമഡിയായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. വിനയ് ഫോര്‍ട്ടിനൊപ്പം ശബരീഷ് വര്‍മ്മ. ബാലു വര്‍ഗീസ്,ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തിയിരുന്നു.


Click it and Unblock the Notifications











