For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന് പിന്നാലെ നെടുമുടി വേണുവിന് പിറന്നാള്‍! സ്നേഹാശംസയുമായി വിനോദ് കോവൂര്‍!

  |

  മോഹന്‍ലാലിന് പിന്നാലെയായി പിറന്നാളാഘോഷിക്കുകയാണ് നെടുമുടി വേണു. അദ്ദേഹത്തിന് ആശംസ നേര്‍ന്നെത്തിയിരിക്കുകയാണ് വിനോദ് കോവൂര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം നെടുമുടി വേണുവിനെക്കുറിച്ച് വാചാലനായെത്തിയത്. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം:-

  വർഷങ്ങൾക്ക് മുമ്പ് "അപ്പുണ്ണി " എന്ന സിനിമ കണ്ട അന്ന് മുതൽ തുടങ്ങിയ ആരാധനയാണ് വേണു ചേട്ടനോട് . പിന്നെയും പിന്നെയും എത്ര എത്ര കഥാപാത്രങ്ങൾ . "ഭരതം " സിനിമയുടെ ഷൂട്ട് കോഴിക്കോട് ടാഗോർ ഹാളിൽ വെച്ച് നടന്ന അന്ന് ഒരു ഷൈക്ക് ഹാൻന്റ് കൊടുക്കാൻ സാധിച്ചത് ഓർമ്മയിലുണ്ട്. അഭിനയമോഹം കലശലായ് നടക്കുന്ന കാലം. കോമഡി പ്രോഗ്രാമുകളിൽ ഏറ്റവും ഒടുവിൽ സിനിമാ താരങ്ങളെ അനുകരിക്കുന്ന ഭാഗം വരുമ്പോൾ നിർമ്മലും ദേവനും നിരവധി താരങ്ങളെ അനുകരിക്കുമ്പോൾ ഞാൻ ഒരു താരത്തെ മാത്രമാണ് അന്ന് അനുകരിക്കാറ് അത് വേണു ചേട്ടനേയാ . അതുവരെ അനൗൺസ് ചെയ്ത എന്റെ കൈയ്യിൽ നിന്ന് മൈക്ക് വാങ്ങി ദേവന്റെ ഒരു അനൗൺസ്മെന്റാണ്.

  ഇനി നിങ്ങളുടെ മുമ്പിലേക്ക് അഭിനയത്തിന്റെ കൊടുമുടികൾ കയറി ചെന്ന നെടുമുടി വേണു എന്ന് . ഡയലോഗ് അങ്ങട്ട് പറഞ്ഞ് കഴിഞ്ഞാൽ കാണികളുടെ കൈയ്യടി കിട്ടുമ്പോൾ ഒരു സന്തോഷാ . അന്നും ഇന്നും എന്നും വേണു ചേട്ടനെയാണ് ഞാൻ അനുകരിക്കാൻ ശ്രമിക്കാറ്.വേണു ചേട്ടന്റെ അഭിനയ ശൈലിയോട് ഇഷ്ട്ടം കൂടി വന്നു. അങ്ങനെയിരിക്കെ ദേശീയ തലത്തിലും അംഗീകാരങ്ങൾ കിട്ടിയ സലിം അഹമ്മദ് സാറിന്റെ "ആദാമിന്റെ മകൻ അബു " എന്ന സിനിമയിൽ സലിംക്ക എനിക്ക് ഒരു വേഷം തന്നു . മീൻകാരൻ മൊയ്തീൻ.

  Vinod Kovoor

  ലൊക്കേഷനിൽ ചെന്നപ്പോൾ ഡയരക്ടർ സലിംക്ക പറഞ്ഞു ആദ്യ രംഗം വേണു ചേട്ടന്റെ കൂടെയാണെന്ന് . അടക്കാൻ പറ്റാത്ത സന്തോഷം സകല ദൈവങ്ങളോടും നന്ദി പറഞ്ഞു. സലിംക്ക എന്നെ വേണു ചേട്ടന് പരിചയപ്പെടുത്തി. ഞാൻ എന്റെ ആരാധനയെ കുറിച്ചെല്ലാം വേണു ചേട്ടനോട് പറഞ്ഞു. കാല് തൊട്ട് അനുഗ്രഹം വാങ്ങി അഭിനയിച്ചു. റിഹേഴ്സൽ സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ വേണു ചേട്ടൻ എനിക്ക് പറഞ്ഞു തന്നു . ആദ്യ ടേക്കിൽ തന്നെ സീൻ ഓക്കെയായി .വേണു ചേട്ടന്റ അഭിനന്ദനവും കിട്ടി.

  പിന്നീട് സത്യൻ അന്തിക്കാട് സാറിന്റെ "പുതിയ തീരങ്ങൾ " എന്ന ചിത്രത്തിലും ഒന്നിക്കാൻ സാധിച്ചു. അന്നും ഒത്തിരി വിശേഷങ്ങൾ പങ്കുവെയ്ക്കാൻ സാധിച്ചു. ശേഷം "അമ്മ " ഷോയുടെ റിഹേഴ്സൽ സമയത്ത് ഒഴിവു സമയം വേണുചേട്ടന്റ കൂടെയിരുന്ന് നാടൻപാട്ടുകളും പഴയകാല പാട്ടുകളും പാടാനുള്ള ഭാഗ്യവും ഉണ്ടായി. അനുകരിക്കുമ്പോൾ ഏത് ഡയലോഗാ പറയാറ് എന്നൊരിക്കൽ ചോദിച്ചപ്പോൾ ഞാൻ അനുകരിച്ച് തന്നെ ആ ഡയലോഗ് പറഞ്ഞ് കൊടുത്തു.

  കരയണ്ട കരയാൻ വേണ്ടി പറഞ്ഞതല്ല . നീ എന്താ പറഞ്ഞേ എനിക്ക് നിന്നോട് സ്നേഹമില്ലന്നോ . ഇതെല്ലാം ഞാൻ നിനക്കെഴുതിയ കത്തുകളല്ലേ വിഷപാടുകൾ വീണ് മഷി പാടുകളെല്ലാം മാഞ്ഞു കാണും തൃപ്തിയായില്ലേ നിനക്ക് . ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനമായി കിട്ടി. ഇന്നലെ ലാലേട്ടന്റെ പിറന്നാൾ ദിവസം ടീവിയിൽ ചിത്രവും ഹിസ് ഹൈനസ് അബ്ദുള്ളയും കണ്ടപ്പോഴും കണ്ണിമ ചിമ്മാതെ നോക്കി നിന്നു വേണു ചേട്ടന്റെ അഭിനയ പാഠവം . ദൈവം എനിയും ഒരുപാട് ആയുസും ആയുരാരോഗ്യവും കൊടുക്കട്ടെ വേണു ചേട്ടന് എന്ന് ഈ ജന്മദിനത്തിൽ പ്രാർത്ഥിക്കുന്നു.

  English summary
  Vinod Kovoor's wishes to Nedumudi Venu, Facebook post went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X