»   » ഹലോ അനൂപ് മേനോന്‍, കാണികള്‍ പരീക്ഷണ പന്നികളല്ല

ഹലോ അനൂപ് മേനോന്‍, കാണികള്‍ പരീക്ഷണ പന്നികളല്ല

Posted By:
Subscribe to Filmibeat Malayalam
Anoop Menon-VKP
അഹങ്കാരം തലയ്ക്കു പിടിക്കുമ്പോള്‍ എന്തും സിനിമയാക്കാമെന്നു തോന്നും. അങ്ങനെയുള്ള തോന്നലില്‍ ജനിച്ച രണ്ടുചിത്രമായിരുന്നു നത്തോലി ഒരു ചെറിയ മീനല്ല, ദാവീദ് ആന്‍ഡ് ഗോലിയാത്ത്. മലയാള സിനിമയെ താങ്ങിനിര്‍ത്തുന്നത് തങ്ങളാണെന്നു ധരിക്കുന്ന രണ്ട് നടന-തിരക്കഥാകൃത്തുക്കളായിരുന്നു ഇവയുടെ രചന നിര്‍വഹിച്ചിരുന്നത്. നത്തോലി എഴുതിയത് ശങ്കര്‍ രാമകൃഷ്ണനും ദാവീദ് എഴുതിയത് അനൂപ് മേനോനും. എന്നാല്‍ ഇവര്‍ വിചാരിക്കുന്ന അത്ര മോശക്കാരല്ല പ്രേക്ഷകര്‍ എന്ന് ചിത്രം റിലീസ് ആദ്യ ദിവസം തന്നെ മനസ്സിലായി. ഡയലോഗു കേള്‍ക്കാന്‍ പോലും കഴിയാത്ത വിധം കൂവലായിരുന്നു രണ്ടു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച തിയറ്ററില്‍.

പരീക്ഷണ സിനിമയായിരുന്നു രണ്ടും. വികെ പ്രകാശ് ആയിരുന്നു ആദ്യ ചിത്രത്തിന്റെ സംവിധായകന്‍. ബ്യൂട്ടിഫുളും ട്രിവാന്‍ഡ്രം ലോഡ്ജും മുടക്കിയപണം തിരികെ കിട്ടിയപ്പോള്‍ മലയാളിയെ ഒന്നുകൂടി പരീക്ഷിക്കാമെന്ന് തിരക്കഥാകൃത്തും സംവിധായകനും തീരുമാനിച്ചു. അങ്ങനെയാണ് ഫഹദ് ഫാസില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച നത്തോലി ഒരുങ്ങുന്നത്. കമാലിനി മുഖര്‍ജിയായിരുന്നു നായിക. ജയസൂര്യ നായകനായിരുന്ന ബ്യൂട്ടിഫുള്‍ നല്ല ചിത്രമായിരുന്നു. അനൂപ് മേനോനായിരുന്നു തിരക്കഥ രചിച്ചിരുന്നത്. എന്നാല്‍ ട്രിവാന്‍ഡ്രം ലോഡ്ജ് തിയറ്ററില്‍ ഓടിയത് നല്ല ചിത്രമായതുകൊണ്ടായിരുന്നില്ല. കുപ്രസിദ്ധിയിലൂടെയാണ് അതിന് ആളെകിട്ടിയത്. ഇതെല്ലാം സംവിധായകന്റെ പരീക്ഷണമായിരുന്നുപോലും.

ഇക്കുറി ഉറുമി എന്ന ചിത്രത്തിനു തിരക്കഥയെഴുതിയ ശങ്കര്‍ രാമകൃഷ്ണനെയാണ് അദ്ദേഹം കൂട്ടുപിടിച്ചത്. എന്താണ് ചിത്രത്തിലൂടെ ഇവര്‍ പറയാന്‍ ഉദ്ദേശിച്ചതെന്ന് ഇനിയും ആര്‍ക്കും പിടികിട്ടിയില്ല. അതു മനസ്സിലാകാതെ എങ്ങനെ പ്രേക്ഷകര്‍ രണ്ടുമണിക്കൂര്‍ കണ്ടിരിക്കും.

ഇതേ അവസ്ഥ തന്നെയായിരുന്നു ദാവീദിന്. വികെപി ശങ്കര്‍ രാമകൃഷ്ണനെ കൂട്ടുപിടിച്ചപ്പോള്‍ അനൂപ് തിരക്കഥയുമായി ചെന്നത് ഗുരുതുല്യനായ രാജീവ് നാഥിന്റെ അടുത്തേക്കായിരുന്നു. അഹം, ജനനി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ആളാണ് ദാവീദിന് സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പറഞ്ഞതെന്ന് വിശ്വസിക്കാന്‍ പ്രയാസം. വിദേശ സിനിമകളുടെ ഷോട്ടുകള്‍ അതേപടി കാണാം ഈ ചിത്രത്തിലൂടെ.

തിരക്കഥാ-ഗാനരചയിതാവായ അനൂപ് തന്നെയാണ് ഇരട്ട നായകരില്‍ ഒരാള്‍. മറ്റേ ആള്‍ ജയസൂര്യയും. കോമഡി ചിത്രങ്ങളിലൂടെ അത്യാവശ്യം നന്നായി ജീവിച്ചുപോയിരുന്ന ആളായിരുന്നു ജയസൂര്യ. പുതിയ മാറ്റം ജയസൂര്യയുടെ സ്ഥിരം പ്രേക്ഷകരെ നഷ്ടപ്പെടുത്തി എന്നു തന്നെ പറയാം.ഒറ്റയ്ക്കു നായകനായി നിരവധി ചിത്രങ്ങള്‍ ജയിപ്പിച്ചെടുത്ത ആളാണ് ജയസൂര്യ. ഇപ്പോള്‍ ഇരട്ട നായകരില്‍ ഒരാള്‍ മാത്രമേ ആകുന്നുള്ളൂ. ദാവീദില്‍ ജയസൂര്യയുടെ അഭിനയം മോശമായി എന്നല്ല അര്‍ഥമാക്കുന്നത്. ഇത്തരം അര്‍ഥമില്ലാത്ത ചിത്രങ്ങളില്‍ കിടന്ന് കളിച്ച് ജീവിതം നഷ്ടമാക്കേണ്ടതുണ്ടോ എന്നാണ്.

രണ്ടു ചിത്രവും റിലീസ് ചെയ്ത ദിവസം തിരക്കഥാകൃത്തുക്കളുടെ അവകാശവാദം ഗംഭീരമായിരുന്നു. ചാനലായ ചാനലുകളില്‍ നിറഞ്ഞിനിന്നിരുന്ന ഇവരെ ചിത്രം പുറത്തെത്തിയ ശേഷം കണ്ടില്ല എന്നതാണ് സത്യം.

English summary
Is VK Prakash and Anoop Menon underestimating malayalam movie viewers?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam