»   » മമ്മൂട്ടി സിനിമാഭിനയം പൂര്‍ണമായും നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു, വീണ്ടും തിരിച്ചുവരാന്‍ കാരണം ?

മമ്മൂട്ടി സിനിമാഭിനയം പൂര്‍ണമായും നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു, വീണ്ടും തിരിച്ചുവരാന്‍ കാരണം ?

Posted By: Rohini
Subscribe to Filmibeat Malayalam

വക്കീല്‍ പഠനം കഴിഞ്ഞ്, കുറച്ചുനാള്‍ പരിശീലനം ചെയ്തതിന് ശേഷമാണ് മമ്മൂട്ടി പൂര്‍ണമായും സിനിമയ്ക്ക് പിന്നാലെ അലയാന്‍ തുടങ്ങിയത്. ഒരു നടനാകണം എന്ന ആഗ്രഹം മമ്മൂട്ടിയ്ക്ക് കുഞ്ഞുനാള്‍ മുതല്‍ ഉണ്ടായിരുന്നു എന്ന് അനുജന്‍ ഇബ്രാഹിം കുട്ടി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആ ആഗ്രഹ സാഫല്യമാണ് ഇന്നുള്ള മെഗാസ്റ്റാര്‍ എന്ന് പ്രേക്ഷകരും വിശ്വസിച്ചു.

ശ്യാംദത്തിന്റെ സ്ട്രീറ്റ് ലൈറ്റില്‍ നായകന്‍ മമ്മൂട്ടിയല്ല, അപ്പോള്‍ മമ്മൂട്ടിയുടെ റോള്‍ എന്താണ് ??

വളരെ കഷ്ടപ്പെട്ട് തന്നെയാണ് മമ്മൂട്ടി സിനിമയില്‍ എത്തിയത്. അവസരം ചോദിച്ച് അലഞ്ഞിട്ടുണ്ട്. പേരുപോലുമില്ലാത്ത കഥാപാത്രത്തില്‍ നിന്ന് ഇന്ന് മെഗാസ്റ്റാര്‍ എന്ന പദവി വരെ എത്തണമെങ്കില്‍ ആ യാത്രയുടെ ദൂരം അത്ര കുറവൊന്നുമല്ല. എന്നാല്‍ ഒരു ഘട്ടത്തില്‍ മമ്മൂട്ടി അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്ന കാര്യം നിങ്ങള്‍ക്കറിയാമോ..?

അധികമാര്‍ക്കും അറിയാത്ത ഒരു സത്യം

മികച്ച നടനുള്ള മൂന്ന് ദേശീയ പുരസ്‌കാരം നേടിയ മമ്മൂട്ടി, മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഒരു ഘട്ടത്തില്‍ മെഗാസ്റ്റാര്‍ അഭിനയം പൂര്‍ണമായും നിര്‍ത്താന്‍ തീരുമാനിച്ചതിനെ കുറിച്ച് അധികമാര്‍ക്കും അറിയില്ല.

കൊച്ചിയില്‍ നിന്ന് ചെന്നെയിലേക്ക്

രജനീകാന്തിന്റെയും കമല്‍ ഹാസന്റെയും ഗുരുവായ കെ ബാലചന്ദറായിരുന്നു മമ്മൂട്ടിയുടെ രണ്ടാമത്തെ തമിഴ് ചിത്രമായ 'അഴകന്‍' സംവിധാനം ചെയ്തത്. അഴകന് ഡേറ്റ് കൊടുത്തതിന് പിന്നാലെയായിരുന്നു മമ്മൂട്ടി എറണാകുളം പട്ടണത്തോട് വിട പറഞ്ഞതും ചെന്നൈയിലെ അഡയാറില്‍ സെറ്റിലായതും. അഴകനില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു മമ്മൂട്ടി സിനിമ ഉപേക്ഷിക്കാന്‍ പുറപ്പെട്ടത്.

റസ്റ്റ് വേണമെന്ന്

1991 ലാണ് മമ്മൂട്ടി അഴകന്‍ എന്ന ചിത്രം ചെയ്യുന്നത്. അഴകനോട് കൂടി താന്‍ സിനിമാഭിനയം നിര്‍ത്താന്‍ പോവുകയാണെന്നും പരിപൂര്‍ണമായും കുറച്ചു കാലത്തേക്ക് തനിക്ക് റെസ്റ്റ് വേണമെന്നും, വേണമെങ്കില്‍ കുറച്ചുകാലത്തിനു ശേഷം അപ്പോഴത്തെ മൂഡിനനുസരിച്ച് സിനിമയിലേക്ക് തിരിച്ചു വരാമെന്നുമായിരുന്നു മമ്മൂട്ടിയുടെ അന്നത്തെ തീരുമാനം.

ആ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്

മമ്മൂട്ടിയ്ക്ക് പെട്ടെന്ന് സംഭവിച്ച ഈ മനം മാറ്റത്തിന്റെ കാര്യമറിഞ്ഞ് സംവിധായകന്‍ ജോഷിയടക്കമുള്ള സുഹൃത്തുക്കള്‍ ഞെട്ടി. ജോഷിയും നിര്‍മ്മാതാവ് എവര്‍ഷൈന്‍ മണിയും മമ്മൂട്ടിയുടെ വീട്ടില്‍ ഓടിയെത്തി. അഭിനയിക്കാന്‍ വേണ്ടി ജനിച്ചതാണ് താങ്കളെന്നും മരണം വരെ അഭിനയിക്കണം എന്നുമൊക്കെ അവര്‍ പറഞ്ഞതോടെയാണത്രെ മമ്മൂട്ടി ആ കടുത്ത തീരുമാനത്തില്‍ നിന്ന് പിന്മാറിയത്.

മമ്മൂട്ടി സിനിമയില്‍

സിനിമയോട് അടങ്ങാത്ത ഒരു ഭ്രമമായിരുന്നു മമ്മൂട്ടിയ്ക്ക്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സേതുമാധവന്‍ ചിത്രത്തില്‍ പേരുപോലുമില്ലാത്ത കഥാപാത്രമായിട്ടാണ് മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. തുടര്‍ന്ന് കാലചക്രം, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, മേള, സ്‌ഫോടനം തുടങ്ങിയ ചിത്രങ്ങളില്‍ സഹതാര വേഷങ്ങള്‍ ചെയ്തുകൊണ്ട് പടി പടിയായിട്ടാണ് മമ്മൂട്ടി വളര്‍ന്ന് വന്നത്.

കഠിനപ്രയത്‌നം തന്നെ

മമ്മൂട്ടിയ്ക്ക് ഇന്നുള്ള മെഗാസ്റ്റാര്‍ എന്ന പദവി വെറുതേ ആരും കൊടുത്തതല്ല. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത മുഹമ്മദ് കുട്ടി സ്വന്തം കഠിന പ്രയത്‌നത്തിലൂടെയാണ് മുന്നേറിയത്. സിനിമയ്ക്ക് വേണ്ടി ഇഷ്ടപ്പെട്ടതെല്ലാം ഉപേക്ഷിച്ചു. തന്റെ പരിമിതികള്‍ മനസ്സിലാക്കുന്നത് കൊണ്ടും, അതിനെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതുകൊണ്ടുമാണ് മമ്മൂട്ടി മെഗാസ്റ്റാറാകുന്നത് എന്ന് എസ് എന്‍ സ്വാമി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അടുത്ത തലമുറയും വന്നു

മമ്മൂട്ടി അന്ന് (അഴകന്‍ 1991) സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിക്കുമ്പോള്‍ മെഗാസ്റ്റാറായി മലയാളത്തില്‍ വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്. നില ഉറപ്പിച്ചുവെങ്കിലും ഇന്റസ്ട്രിയില്‍ മത്സരം നടന്നുകൊണ്ടിരിയ്ക്കുന്ന കാലം. അന്ന് ഒന്ന് അയഞ്ഞു നിന്നിരുന്നെങ്കില്‍ ഒരു പക്ഷെ മമ്മൂട്ടി എങ്ങുമെത്താതെ പോയേനെ. എന്നാല്‍ മമ്മൂട്ടി അഭിനയം നിര്‍ത്തിയില്ല. അവിടെ നിന്നിങ്ങോട്ടും ശക്തമായ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. മമ്മൂട്ടിയുടെ പാരമ്പര്യം പിന്തുടര്‍ന്ന് ദുല്‍ഖറും സിനിമയിലെത്തി.

ഇപ്പോള്‍ മമ്മൂട്ടി പറയുന്നത്

ഇപ്പോള്‍ മമ്മൂട്ടി പറയുന്നത്, അഭിനയം മടുക്കുമ്പോള്‍ ഞാന്‍ ഇന്റസ്ട്രി വിടും എന്നാണ്. പക്ഷെ നാള്‍ക്കുനാള്‍ അതിനോടുള്ള തന്റെ ഭ്രമം കൂടിക്കൂടി വരികയാണെന്നും മെഗാസ്റ്റാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഭക്ഷണം കഴിക്കുന്നത് പോലെയാണ് അഭിനയം. വയറ് നിറഞ്ഞാല്‍ നിര്‍ത്തും. അഭിനയത്തില്‍ ഞാനെന്ന് സംതൃപ്തനാകുന്നോ അന്ന് നിര്‍ത്തും. പക്ഷെ ഇത്രയും വര്‍ഷങ്ങളായിട്ടും ഞാന്‍ തൃപ്തനല്ല എന്ന് മമ്മൂട്ടി പറയുന്നു.

English summary
When Mammootty think about to quit acting

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam