»   » ആരാച്ചാരുടെ സംഘര്‍ഷങ്ങളുടെ നിഴല്‍ക്കൂത്ത്

ആരാച്ചാരുടെ സംഘര്‍ഷങ്ങളുടെ നിഴല്‍ക്കൂത്ത്

Posted By: Super
Subscribe to Filmibeat Malayalam


പ്രമേയ വൈവിധ്യം പുലര്‍ത്താന്‍ എന്നും ശ്രദ്ധിച്ചുപോന്നിട്ടുള്ള ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അസ്തിത്വത്തിന്റെ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്നവരാണ് ഒരര്‍ഥത്തില്‍ അടൂര്‍ ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളെങ്കിലും അവരെല്ലാം വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നുവരുന്നവരാണ്. തന്റെ ഒമ്പതാമത്തെ ചിത്രമായ നിഴല്‍കൂത്തിലും വ്യത്യസ്തമായ ഒരു പ്രമേയമാണ് അടൂര്‍ കൈകാര്യം ചെയ്യുന്നത്.

തിരുവിതാംകൂര്‍ രാജകുടുംബത്തിനു വേണ്ടി കുറ്റവാളികളെ തൂക്കിലേറ്റുന്ന ജോലി ചെയ്തിരുന്ന ആരാച്ചാര്‍മാരുടെ സമുദായത്തെ കുറിച്ചുള്ളതാണ് നിഴല്‍കൂത്തിന്റെ പ്രമേയം. കൊലയുടെ ശമ്പളം പറ്റുന്ന ആരാച്ചാറുടെ ആന്തരിക സംഘര്‍ഷങ്ങളിലേക്കാണ് അടൂരിന്റെ ക്യാമറക്കണ്ണ് ഇത്തവണ എത്തിനോക്കുന്നത്.

തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഭരണകാലത്ത് കുറ്റവാളികളെ തൂക്കിലേറ്റുന്നതിനായി നാഗര്‍കോവിലില്‍ നിന്നും ആരാച്ചാര്‍മാരെ കൊണ്ടുവരികയായിരുന്നു പതിവ്. വലിയൊരു തുകയാണ് ഈ ജോലിക്ക് ആരാച്ചാര്‍മാര്‍ക്ക് പ്രതിഫലമായി ലഭിച്ചിരുന്നത്. കൂടാതെ ഭൂമിയും ലഭിക്കും. ഈ ഭൂ മിക്ക് നികുതിയടക്കേണ്ടതില്ല.

ആരാച്ചാര്‍ കുടുംബം ഇതുവഴി വന്‍ധനികരായി മാറി. ഓരോ കുറ്റവാളിയെ തൂക്കിലേറ്റുമ്പോഴും അവരുടെ സമ്പത്ത് കൂടികൊണ്ടിരുന്നു. നീചമായ പ്രവൃത്തിയിലൂടെയാണ് തങ്ങളീ പണമുണ്ടാക്കുന്നതെന്ന തിരിച്ചറിവുണ്ടായതോടെ ഈ ജോലി ഉപേക്ഷിക്കാന്‍ കുടുംബം തീരുമാനിച്ചു. എന്നാല്‍ പാപത്തില്‍ നിന്ന് അവര്‍ക്ക് മോചനമുണ്ടായിരുന്നില്ല.

രാജ്യത്തിന് വേണ്ടി തങ്ങളുടെ കര്‍മം ചെയ്യുക എന്നത് അവരുടെ ദൗത്യമായിരുന്നു. ഏറെ വര്‍ഷങ്ങള്‍ എല്ലാ സുഖസൗഭാഗ്യങ്ങളും അനുഭവിച്ചശേഷം പാപത്തിന്റെ കറ പുരണ്ട ആ ജോലി വിട്ടെറിയാന്‍ അവര്‍ക്കാവുമായിരുന്നില്ല.

തൂക്കിലേറ്റുന്നത് നിര്‍ത്തലാക്കിയതോടെ ആരാച്ചാര്‍മാര്‍ തൊഴില്‍രഹിതരായി. മറ്റൊരു ജോലിയും ചെയ്യാന്‍ അവര്‍ക്കറിയില്ലായിരുന്നു. സൗഭാഗ്യങ്ങള്‍ അപ്രത്യക്ഷമായ അവരുടെ ജീവിതത്തില്‍ പതുക്കെ ദുരിതം നിഴല്‍ വീശിത്തുടങ്ങുകയും ചെയ്തു.

ആരാച്ചാര്‍ സമൂഹത്തിന്റെ ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അടൂര്‍ നിഴല്‍ക്കൂത്തിലെ കഥ മെനയുന്നത്. അവസാനത്തെ ആരാച്ചാര്‍ മരിച്ചത് ഒരു ദശകം മുമ്പാണ്. ഒരു ഡസനോളം മനുഷ്യരെ തൂക്കികൊന്നിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഒരു കോഴിയെ പോലും കൊല്ലാനുള്ള മനസുറപ്പില്ലാത്തയാളാണ് താനെന്നാണ് ഈ ആരാച്ചാര്‍ പറഞ്ഞത്. പട്ടിണി മൂലമാണ് അയാള്‍ മരിച്ചത്. തന്റെ ജീവിതകാലത്ത് ഒരു പത്ത് മക്കളില്‍ നാല് പേരുടെ മരണം അയാള്‍ക്ക് കാണേണ്ടിയും വന്നു.

കളിയപ്പന്‍ എന്ന ആരാച്ചാരുടെ മനസിലെ സംഘര്‍ഷങ്ങളുടെ നിഴല്‍ക്കൂത്താണ് അടൂര്‍ ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. കളിയപ്പനായി അഭിനയിക്കുന്നത് ഒടുവില്‍ ഉണ്ണികൃഷ്ണനാണ്. കളിയപ്പന്റെ ഭാര്യയുടെ വേഷം സുകുമാരി അവതരിപ്പിക്കുന്നു.

തിരുവനന്തപുരത്തിനടുത്തുള്ള കന്യാകുമാരി ജില്ലയിലെ പൊട്ടന്‍കുളം ഗ്രാമത്തിലാണ് അടൂര്‍ നിഴല്‍കൂത്ത് ചിത്രീകരിക്കുന്നത്. സമൂഹത്തില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട ആരാച്ചാരുടെ കഥ പറയാന്‍ ആധുനികതയുടെ അടയാളങ്ങളൊന്നും ഇതേ വരെ പതിഞ്ഞിട്ടില്ലാത്ത ഈ പ്രദേശം അടൂര്‍ തിരഞ്ഞെടുക്കുകയായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X