»   » ഋതുക്കള്‍ മാറുന്നു-നമ്മളോ?

ഋതുക്കള്‍ മാറുന്നു-നമ്മളോ?

Posted By: Super
Subscribe to Filmibeat Malayalam
Ritu
എന്നും മികച്ച ചിത്രങ്ങള്‍ മാത്രം പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ച ശ്യാമപ്രസാദ്‌ വീണ്ടുമെത്തുന്നു. ഏറെ നിരൂപക പ്രശംസ നേടിയ ഒരേ കടലിന്‌ ശേഷം അണിയറയിലും വെള്ളിത്തിരയിലും പുതുമുഖങ്ങളെ മാത്രം പങ്കെടുപ്പിച്ച്‌ ശ്യാമപ്രസാദ്‌ ഋതുവുമായെത്തുമ്പോള്‍ ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയിലാണ്‌.

സൂപ്പറുകളുടെ താരപ്രഭയില്‍ ഈയാംപാറ്റയെ പോലെ വട്ടംചുറ്റിയൊടുങ്ങുന്ന മലയാള സിനിമ കാത്തിരിയ്‌ക്കുന്നത്‌ ഒരു മാറ്റത്തിന്‌ വേണ്ടിയാണ്‌. ഋതുക്കള്‍ മാറുന്നു-നമ്മളോ എന്ന ശ്യാമപ്രസാദിന്റെ കാച്ച്‌ വേഡിന്റെ പ്രസക്തിയേറുന്നത്‌ ഈ സാഹചര്യത്തിലാണ്‌.

ശരത്‌, വര്‍ഷ, സണ്ണി ഇവര്‍ ഐടി പാര്‍ക്കിലെ നല്ല സുഹൃത്തുക്കള്‍. ജീവിതത്തിന്റെ വ്യത്യസ്‌ത ഋതുക്കളിലൂടെ സഞ്ചരിച്ച്‌ അവര്‍ വീണ്ടുമൊന്നിയ്‌ക്കുമ്പോള്‍ പരസ്‌പരം പറയാനും പങ്കിടാനും ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു. ഋതുക്കള്‍ മാറിയെങ്കിലും അവരുടെ സൗഹൃദത്തിന്‌ ഇളക്കം തട്ടിയിരുന്നില്ല. എന്നാല്‍ അവര്‍ ഓരോരുത്തരുടെയും വ്യക്തിത്വങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിരുന്നു. ശരത്തിനോടും സണ്ണിയോടുമുള്ള വര്‍ഷയുടെ ബന്ധങ്ങള്‍ ഈ സൗഹൃദക്കൂട്ടായ്‌മയില്‍ ആശയക്കുഴപ്പം സൃഷ്ടിയ്‌ക്കുന്നു.

കാലവും കഥയും മാറുമ്പോള്‍ യൗവനത്തിന്റെ വ്യക്തിത്വത്തിലും മാറ്റങ്ങള്‍ വരുന്നുവോ? ഐടി ലോകത്തിന്റെ വര്‍ണശബളമായ കാഴ്‌ചകള്‍ക്കിടയില്‍ ബന്ധങ്ങളുടെ കരുത്തും അവ ജീവിതത്തില്‍ സൃഷ്ടിയ്‌ക്കുന്ന മാറ്റങ്ങളുമാണ്‌ സംവിധായകന്‍ പ്രേക്ഷകന്‌ മുമ്പില്‍ അവതരിപ്പിയ്‌ക്കുന്നത്‌.

പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിയായ നിഷാന്‍, ടിവി അവതാരകനായ ആസിഫ്‌ അലി, റീമ കല്ലിങ്കല്‍ എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്‌ക്കുന്നത്‌. ഇവരെക്കൂടാതെ സിനിമയിലെ മറ്റെല്ലാ അഭിനേതാക്കളും മറ്റു പ്രധാന സാങ്കേതിക പ്രവര്‍ത്തകരും പുതുമുഖങ്ങളാണ്‌.

ഇതിനോടകം ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിച്ച ഋതുവിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌ രാഹുല്‍-റഫീക്ക്‌ അഹമ്മദ്‌ എന്നിവര്‍ ചേര്‍ന്നാണ്‌. ഋതുവിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞ മമ്മൂട്ടിയുടെ പ്ലേഹൗസ്‌ ആഗസ്റ്റ്‌ 14ന്‌ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ്‌ക്കും.

മാധ്യമ പ്രവര്‍ത്തകനായ ജോഷ്വാ ന്യൂട്ടന്റെ തിരക്കഥയില്‍ ശ്യാമപ്രസാദ്‌ സംവിധാനം ചെയ്യുന്ന ഋതു മലയാളത്തില്‍ ഒരു ട്രെന്‍ഡ്‌ സെറ്റര്‍ ആയി മാറുമോയെന്നാണ്‌ ചലച്ചിത്ര ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്‌.

ഒരു കാലത്ത്‌ പാണ്ടിപ്പടങ്ങള്‍ എന്നുവിളിച്ച്‌ നമ്മള്‍ അവജ്ഞയോടെ കണ്ടിരുന്ന തമിഴ്‌ ചിത്രങ്ങള്‍ ഇന്ന്‌ നമ്മെ അസൂയപ്പെടുത്തുകയാണ്‌. വ്യത്യസ്‌തങ്ങളായ പ്രമേയങ്ങള്‍ വൈവിധ്യമാര്‍ന്ന ശൈലികളില്‍ തമിഴന്‍
അവതരിപ്പിയ്‌ക്കുമ്പോള്‍ നാം എല്ലാം മറന്ന്‌ കൈയ്യടിയ്‌ക്കുന്നു. സുബ്രമണ്യപുരം മുതല്‍ ഇങ്ങ്‌ നാടോടികള്‍ വരെയുള്ള തമിഴ്‌ ചിത്രങ്ങള്‍ക്ക്‌ നമുക്കിടയില്‍ ലഭിച്ച സ്വീകാര്യത മാറ്റത്തിന്‌ വേണ്ടി ദാഹിയ്‌ക്കുന്ന മലയാളിയുടെ മനോഭാവമാണ്‌ വെളിപ്പെടുത്തുന്നത്‌. ഇങ്ങനെ വരണ്ടുണങ്ങിക്കിടക്കുന്ന മലയാളസിനിമയിലേക്കെത്തുന്ന ഋതുവിനെ തുറന്ന മനസ്സോടെ നമുക്ക്‌ വരവേല്‌ക്കാം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam