»   » ബോഡിഗാര്‍ഡുമായി സിദ്ദിഖ്‌ വീണ്ടും-2

ബോഡിഗാര്‍ഡുമായി സിദ്ദിഖ്‌ വീണ്ടും-2

Posted By: Staff
Subscribe to Filmibeat Malayalam
ചെറുപ്പം മുതല്‌ക്കെ വീരകഥാപാത്രങ്ങളോട്‌ വലിയ ആരാധന പുലര്‍ത്തുന്നയാളാണ്‌ ജയകൃഷ്‌ണന്‍. സാധാരണക്കാര്‍ക്ക്‌ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യുന്നവരോടാണ്‌ ജയകൃഷ്‌ണന്റെ വീരപുരുഷന്‍മാര്‍. അതില്‍ ആനക്കാരനും പാമ്പാട്ടിമാരും എന്തിന്‌ ബസിലെ ഡ്രൈവര്‍മാര്‍ വരെ ഇവരില്‍ ഉള്‍പ്പെടും.

ഇതിന്‌ പുറമെ എണ്ണം പറഞ്ഞ ചട്ടമ്പിമാരോട്‌ പ്രത്യേക താത്‌പര്യം തന്നെയുണ്ട്‌ ജയകൃഷ്‌ണന്‌. നാട്ടിലറിയപ്പെടുന്ന ഗുണ്ടകളോടൊപ്പം അവരുടെ സഹായിയായി കഴിഞ്ഞ്‌ കൂടണമെന്നാണ്‌ അയാളുടെ ജീവിതത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്‌ ഒരു ഗുണ്ടയെക്കാള്‍ കേമനായ മറ്റൊരു ഗുണ്ടയെ കണ്ടു കഴിഞ്ഞാല്‍ മറുകണ്ടം ചാടാനും ജയകൃഷ്‌ണന്‌ മടിയില്ല. മകന്റെ ഈ വഴിപിഴച്ച പോക്കില്‍ ദുഖിയ്‌ക്കുന്നത്‌ മാതാപിതാക്കളാണ്‌. എന്നാലിതൊന്നും കൂസാതെ ജയകൃഷ്‌ണന്‍ മുന്നോട്ട്‌ പോകുകയാണ്‌.

ഇതിനിടെയാണ്‌ പുന്നയൂര്‍ക്കടവിലെ വലിയൊരു ചട്ടമ്പിയെക്കുറിച്ച്‌ ജയകൃഷ്‌ണന്‍ അറിയുന്നത്‌. പുതിയ ചട്ടമ്പിയുടെ വീരസാഹസിക കഥകള്‍ കേട്ട്‌ പുളകം കൊണ്ട ജയകൃഷ്‌ണന്‍ ഒന്നുമാലോചിയ്‌ക്കാതെ നേരെ അങ്ങോട്ടേക്ക്‌ വെച്ചടിച്ചു. പുന്നയൂര്‍ കടവിലെ അശോകന്റെ അടുക്കല്‍ ജയകൃഷ്‌ണന്‍ എത്തിപ്പെടുന്നത്‌ അങ്ങനെയാണ്‌.

നാട്ടിലെ പ്രധാന ചട്ടമ്പിയായ അശോകന്റെ ബോഡിഗാര്‍ഡാകാന്‍ ഭാഗ്യം സിദ്ധിച്ചതില്‍ ജയകൃഷ്‌ണന്‍ വളരെയധികം സന്തോഷിച്ചു. എന്നാല്‍ അവിടെയുണ്ടാകുന്ന ചില സംഭവങ്ങള്‍ ജയകൃഷ്‌ണന്റെ ജീവിതം തന്നെ മാറ്റിമറിയ്‌ക്കുകയാണ്‌. അമ്മുവെന്ന കോളെജ്‌ വിദ്യാര്‍ത്ഥിയുമായുള്ള കണ്ടുമുട്ടലാണ്‌ ജയകൃഷ്‌ണന്റെ ജീവിതം തകിടം മറിയ്‌ക്കുന്നത്‌.

ഒരു പ്രത്യേക സാഹചര്യത്തില്‍ ജയകൃഷ്‌ണന്‌ അമ്മുവിന്റെ കോളെജില്‍ വരേണ്ടി വരുന്നു. തുടര്‍ന്ന്‌ നടക്കുന്ന രസകരമായ സംഭവങ്ങളാണ്‌ ബോഡിഗാര്‍ഡിലൂടെ സിദ്ദിഖ്‌ അവതരിപ്പിയ്‌ക്കുന്നത്‌.

ജയകൃഷ്‌ണനെ ദിലീപ്‌ അവതരിപ്പിയ്‌ക്കുമ്പോള്‍ അമ്മുവായി വേഷമിടുന്നത്‌ തെന്നിന്ത്യയിലെ ഒന്നാം നമ്പര്‍ താരമായി മാറിയ നയന്‍താരയാണ്‌. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന നയന്‍സ്‌ നാല്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ഒരു മലയാള ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നത്‌.

പുന്നയൂര്‍ കടവിലെ അശോകന്‍ ചട്ടമ്പിയ്‌ക്ക്‌ ജീവന്‍ പകരുന്നത്‌ ന്യൂഡല്‍ഹിയിലൂടെ ശ്രദ്ധേയനായ ത്യാഗരാജനാണ്‌. ത്യാഗരാജന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ചട്ടമ്പി അശോകന്‍.

ഇവര്‍ക്ക്‌ പുറമെ ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ജനാര്‍ദ്ദനന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, ഉണ്ടപ്പക്രു, നന്ദു എന്നിങ്ങനെ ഒരു വന്‍താര നിര തന്നെ സിദ്ദിഖ്‌ ചിത്രത്തിലുണ്ട്‌. ജോണിസാഗരിക സിനിമാ സ്‌ക്വയറിന്റെ ബാനറില്‍ ജോണി സാഗരിക നിര്‍മ്മിയ്‌ക്കുന്ന ബോഡിഗാര്‍ഡിന്റെ ഷൂട്ടിംഗ്‌ കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായി പുരോഗമിയ്‌ക്കുകയാണ്‌. വിഷുവിനാണ്‌ ഈ ചിത്രം തിയറ്ററുകളിലെത്തുക.

മുന്‍ പേജില്‍
ബോഡി ഗാര്‍ഡുമായി സിദ്ദിഖ് വീണ്ടും

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam