»   » ജയറാമും തിരഞ്ഞെടുപ്പ്‌ ചൂടില്‍

ജയറാമും തിരഞ്ഞെടുപ്പ്‌ ചൂടില്‍

Posted By: Staff
Subscribe to Filmibeat Malayalam
Jayaram
തലക്കെട്ട്‌ വായിച്ച്‌ തലപുകയ്‌ക്കേണ്ട... തിരഞ്ഞെടുപ്പ്‌ ചൂടില്‍ രാജ്യം ഉരുകി തിളയ്‌ക്കുന്നതിനിടെ ജയറാമും ഒരു കൊച്ചു തിരഞ്ഞെടുപ്പ്‌ കഥയുമായി ജനങ്ങളുടെ മുന്നിലേക്ക്‌.

തോന്നൂര്‍ക്കര പഞ്ചായത്തിലെ രാഷ്ട്രീയ സംഭവങ്ങളുടെയും പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്റെയും കഥ പറയുന്ന സമസ്‌ത കേരളം പിഒയെന്ന ചിത്രവുമായാണ്‌ വിഷുക്കാലത്ത്‌ ജയറാം പ്രേക്ഷകരെ രസിപ്പിയ്‌ക്കാനെത്തുന്നത്‌.

ഒരു പഞ്ചായത്തിലെ രാഷ്ട്രീയ സാമുദായിക സംഭവങ്ങള്‍ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിയ്‌ക്കുന്ന സമസ്‌ത കേരളം പിഒയുടെ സംവിധായകന്‍ ബിപിന്‍ പ്രഭാകറാണ്‌. കെ. ഗിരീഷ്‌ കുമാറിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ പ്രഭാകരനെന്ന പഞ്ചായത്ത്‌ മെമ്പറായാണ്‌ ജയറാം വേഷമിടുന്നത്‌.

രാഷ്ട്രീയത്തിന്‌ അതീതമായി നാടിനും നാട്ടുകാരുടെയും ഗുണത്തിന്‌ വേണ്ടി പ്രവര്‍ത്തിയ്‌ക്കുന്നയാളാണ്‌ പ്രഭാകരന്‍. ഗാന്ധിയന്‍ വിശ്വാസങ്ങളോട്‌ അനുഭാവം പ്രകടിപ്പിയ്‌ക്കുന്ന പ്രഭാകരന്‍ എല്ലാ തിരഞ്ഞെടുപ്പിലും മത്സരിച്ച്‌ പഞ്ചായത്ത്‌ മെമ്പറാകും. പഞ്ചായത്ത്‌ മെമ്പര്‍ പദവിയില്‍ സ്ഥിരമായി ഇരിയ്‌ക്കുന്നത്‌ കൊണ്ട്‌ മെമ്പര്‍ പ്രഭാകരന്‍ എന്ന പേരിലാണ്‌ കക്ഷി നാട്ടിലറിയപ്പെടുന്നത്‌. നാട്ടുകാരുടെ കാര്യങ്ങള്‍ക്ക്‌ മുന്നില്‍ നില്‌ക്കുന്നത്‌ കൊണ്ട്‌ പ്രഭാകരനെ എല്ലാവര്‍ക്കും ഇഷ്ടവുമാണ്‌.

എന്നാല്‍ പഞ്ചായത്തിലെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മെമ്പര്‍ പ്രഭാകരന്‍ തലവേദനയാണ്‌. എവിടെ അഴിമതി കണ്ടാലും അതിനെതിരെ ശബ്ദിയ്‌ക്കുന്ന പ്രഭാകരന്‍ ഇരുകൂട്ടരുടെയും കണ്ണിലെ കരടാണ്‌.

ഒടുവില്‍ പ്രഭാകരനെതിരെ ഇവരെല്ലാം ഒരുമിയ്‌ക്കുന്നു. എന്നാല്‍ ജനപിന്തുണയോടെ തനിയ്‌ക്ക്‌ മുന്നേറാമെന്ന വിശ്വാസത്തോടെ മെമ്പര്‍ പ്രഭാകരന്‍ തന്റെ പൊതു പ്രവര്‍ത്തനവുമായി മുന്നോട്ട്‌ നീങ്ങുകയാണ്‌.

പുതുമുഖ താരമായ സെറയാണ്‌ ചിത്രത്തിലെ നായിക. ഇവര്‍ക്ക്‌ പുറമെ പ്രിയങ്ക, ജഗതി ശ്രീകുമാര്‍, പ്രേംകുമാര്‍‍, സലീം കുമാര്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, സുരാജ്‌ വെഞ്ഞാറമൂട് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്‌. ഡ്രീംടീം പ്രൊഡക്ഷന്റെ ബാനറില്‍ ഹൗളി പോട്ടൂര്‍ നിര്‍മ്മിയ്‌ക്കുന്ന സമസ്‌ത കേരളം പിഒ മെയ്‌ 11ന്‌ തിയറ്ററുകളിലെത്തും

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam