»   » പാസഞ്ചര്‍ തീവണ്ടിയിലെ യാത്രക്കാര്‍

പാസഞ്ചര്‍ തീവണ്ടിയിലെ യാത്രക്കാര്‍

Posted By: Super
Subscribe to Filmibeat Malayalam

ഓരോ മനുഷ്യ ജീവിതത്തിനും ഒരു നിയോഗമുണ്ട്‌. അവന്റെ ജീവിതം കൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ നന്മ ചെയ്യാന്‍ ഒരിയ്‌ക്കലെങ്കിലും അവസരം ലഭിയ്‌ക്കും. അങ്ങനെയുള്ള ഏതാനും പേരുടെ കഥയാണ്‌ നവാഗതനായ രഞ്‌ജിത്ത്‌ ശങ്കര്‍ ഒരുക്കുന്ന പാസഞ്ചര്‍ എന്ന ചിത്രം പറയുന്നത്‌.

ചെറിയൊരിടവേളയ്‌ക്ക്‌ ശേഷം മലയാളത്തില്‍ തീവണ്ടി യാത്ര പ്രധാന പശ്ചാത്തലമാക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി പാസഞ്ചറിനുണ്ട്‌. ശ്രീനിവാസനും ദിലിപുമാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ താരമായ മംമ്‌തയും ലക്ഷ്‌മി ശര്‍മ്മയും പാസഞ്ചറില്‍ നായികമാരായെത്തുന്നു.

ഹൈക്കോടതിയിലെ പ്രശസ്‌തനായ ക്രിമിനല്‍ വക്കീലാണ്‌ അഡ്വ നന്ദന്‍ മേനോന്‍. മേനോനാണ്‌ എതിര്‍ വക്കീലെങ്കില്‍ എതിരാളികള്‍ ഒന്ന്‌ ഭയക്കും. വാദപ്രതിവാദങ്ങള്‍ കൊണ്ട്‌ ഏത്‌ കേസും തകിടം മറിയ്‌ക്കാനുള്ള നന്ദന്റെ വാക്‌ ചാതുര്യത്തെയാണ്‌‌ അവര്‍ ഭയപ്പെടുന്നത്‌.

ഒരിയ്‌ക്കല്‍ തീവണ്ടി യാത്രക്കിടെ അവിചാരിതമായണ്‌ നന്ദന്‍ മേനോന്‍ സത്യനാഥിനെ പരിചയപ്പെടുന്നത്‌. പതിവുള്ള ക്ഷേത്ര ദര്‍ശനത്തിനായി ഗുരുവായൂരിലേക്ക്‌ പോകുകയായിരുന്നു സത്യനാഥ്‌. നന്ദനാകട്ടെ പതിവ്‌ തെറ്റിച്ച്‌ മറ്റൊരു തീവണ്ടിയിലായിരുന്നു നാട്ടിലേക്ക്‌ തരിച്ചത്‌. അതു കൊണ്ട്‌ തന്നെ കൃത്യസമയത്ത്‌ ഉണരാനും അയാള്‍ക്ക്‌ കഴിഞ്ഞില്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ്‌ ഇരുവരും പരിചയപ്പെടുന്നത്‌. പിന്നീട്‌ സത്യനാഥ്‌ നന്ദന്‍ മേനോനെ ഒരു പ്രത്യേക സാഹചര്യത്തില്‍ സഹായിച്ചു. ഒരു സൗഹൃദത്തിന്റെ തുടക്കമായി അത്‌ മാറുകയായിരുന്നു.

ഒരു ത്രില്ലര്‍ ചിത്രമായ പാസഞ്ചറില്‍ ശ്രീനിവാസനാണ്‌ സത്യനാഥിനെ അവതരിപ്പിയ്‌ക്കുന്നത്‌. ദിലീപ്‌ അവതരിപ്പിയ്‌ക്കുന്ന നന്ദന്‍ മേനോന്റെ ഭാര്യായായ അനുരാധ നനന്ദന്‍ എന്ന കഥാപാത്രമായാണ്‌ മംമ്‌ത വേഷമിടുന്നത്‌. നീണ്ടൊരു ഇടവേളയ്‌ക്ക്‌ ശേഷം മലയാളത്തിലേക്ക്‌ തിരിച്ചെത്തുന്ന മംമ്‌തയ്‌ക്ക്‌ മികച്ചൊരു കഥാപാത്രമാണ്‌ പാസഞ്ചറിലൂടെ ലഭിച്ചിരിയ്‌ക്കുന്നത്‌.

ജഗതി, ഹരിശ്രീ അശോകന്‍, മണിയന്‍പിള്ള രാജു, നെടുമുടി വേണു, കൊച്ചു പ്രേമന്‍, അനൂപ്‌ ചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ അണിനിരിക്കുന്നുണ്ട്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam