»   » ജയസൂര്യയും ഭാമയും വിവാഹിതരായാല്‍

ജയസൂര്യയും ഭാമയും വിവാഹിതരായാല്‍

Posted By: Super
Subscribe to Filmibeat Malayalam
Ivar Vivahahitharayal
ഇന്ത്യയിലെ ഒന്നാം നമ്പര്‍ റേഡിയോ ജോക്കിയാവുകയെന്ന സ്വപ്‌നം മനസില്‍ കൊണ്ടു നടക്കുന്ന കാവ്യയെന്ന പെണ്‍കുട്ടിയായിരുന്നു വിവേകിന്റെ ജീവിതത്തിലേക്ക്‌ കടന്നു വന്നത്‌. അപ്രതീക്ഷിതമായെത്തിയ വിവാഹത്തോടെ അവള്‍ക്ക്‌ തന്റെ മോഹം ഉപേക്ഷിയ്‌ക്കേണ്ടി വന്നു.

വിവാഹം കഴിഞ്ഞയുടന്‍ വിവേകും കാവ്യയും ഒരു സത്യമറിഞ്ഞു. അവള്‍ മുമ്പ്‌ ജോലി ചെയ്‌തിരുന്ന എഫ്‌എം റേഡിയോയില്‍ നിന്നും പോകേണ്ടി വന്നതിന്റെ മുഖ്യകാരണക്കാരന്‍ വിവേകായിരുന്നു. പക്ഷേ ഇക്കാര്യം അവരുടെ ജീവിതത്തില്‍ ഒരു പ്രശ്‌നമായില്ല.

എന്നാല്‍ വിവേകിന്റെ സ്വപ്‌നങ്ങള്‍ക്ക്‌ ഉടവ്‌ തട്ടുന്ന സംഭവ വികാസങ്ങളാണ്‌ തുടര്‍ന്നുള്ള ദിവസങ്ങളിലുണ്ടാകുന്നത്‌. യഥാര്‍ത്ഥ ജീവിതം സ്വപ്‌ന ലോകത്തില്‍ നിന്ന്‌ ഏറെയകലെയാണെന്നറിയുമ്പോഴേക്കും വൈകിപ്പോയിരുന്നു. മനസമാധാനം നഷ്ടപ്പെട്ട വിവേക്‌ ആശ്വാസം തേടുന്നത്‌ ഉറ്റ സുഹൃത്തായ ട്രീസയിലാണ്‌. എന്നാലിത്‌ പ്രശ്‌നങ്ങള്‍ കൂടുന്നതിനെ സഹായിച്ചുള്ളൂ.

നവാഗത സംവിധായകനായ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ്‌ വിവേകും കാവ്യയും ട്രീസയുമൊക്കെ. വിവേകിനെ ജയസൂര്യ അവതരിപ്പിയ്‌ക്കുമ്പോള്‍ കാവ്യയെ ഭാമയും ട്രീസയെ സംവൃതയും അവതരിപ്പിയ്‌ക്കുന്നു. അനന്തനായി സിദ്ദിഖും നന്ദിനിയായി രേഖയും അഭിനയിക്കുന്നു.

ഒരു പയ്യന്‍ ലുക്ക്‌ കിട്ടാനായി മീശയുമെടുത്ത് തടിയും കുറച്ചാണ്‌ ജയസൂര്യ 'ഇവര്‍ വിവാഹിതരായാ'ലില്‍ എത്തുന്നത്‌.

റേഡിയോ ജോക്കി സ്വപ്‌നങ്ങള്‍ കണ്ടു നടക്കുന്ന കാവ്യയുടെ റോളിലെത്തുന്ന ഭാമ കരിയറില്‍ ആദ്യമായാണ്‌ ഒരു ഭാര്യയുടെ വേഷമവതരിപ്പിയ്‌ക്കുന്നത്‌. ജയസൂര്യയും ഭാമയും ഒന്നിയ്‌ക്കുന്ന മൂന്നാമത്തെ ചിത്രമാണിത്‌.

നെടുമുടി വേണു, സുരാജ്‌ വെഞ്ഞാറമ്മൂട്‌, അനൂപ്‌ മേനോന്‍, മണിയന്‍പിള്ള രാജു, ഗണേഷ്‌ കുമാര്‍, മല്ലിക സുകുമാരന്‍ എന്നിവരാണ്‌ ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഇവര്‍ക്കൊപ്പം നവ്യ നായര്‍ ഒരു അതിഥി താരമായി ചിത്രത്തിലെത്തുന്നു.

ഗിരീഷ്‌ പുത്തഞ്ചേരി, ബിയാര്‍ പ്രസാദ്‌ എന്നിവരുടെ വരികള്‍ക്ക്‌ ജയചന്ദ്രന്‍ ഈണം പകരുന്നു. എണ്‍പതുകളില്‍ പുറത്തിറങ്ങിയ 'രാക്കുയിലിന്‍ രാഗസദസ്സില്‍' എന്ന ചിത്രത്തിലെ 'പൂമുഖ വാതിക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന....' എന്ന ഗാനം പുതിയ ശബ്ദത്തിലും ഈണത്തിലും ഈ ചിത്രത്തില്‍ അവതരിപ്പിയ്‌ക്കുന്നുണ്ട്‌.

കൃഷ്‌ണ പൂജപ്പുര തിരക്കഥയൊരുക്കുന്ന ചിത്രം കുഞ്ചുവീട്ടില്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ എസ്‌ ഗോപകുമാര്‍ നിര്‍മ്മിയ്‌ക്കുന്നു. ഇവര്‍ വിവാഹിതരായാല്‍ സെന്‍ട്രല്‍ പിക്‌ചേഴ്‌സ്‌ പ്രദര്‍ശനത്തിനെത്തിയ്‌ക്കും.

മുന്‍ പേജില്‍
ജയസൂര്യയും ഭാമയും വിവാഹിതരായാല്‍

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam