»   » നെഞ്ചെരിയുന്ന കഥയുമായി വൈരമെത്തുന്നു

നെഞ്ചെരിയുന്ന കഥയുമായി വൈരമെത്തുന്നു

Posted By: Super
Subscribe to Filmibeat Malayalam
വൈരമണി-കൗമാരത്തുടിപ്പില്‍ ഒരു ചിത്രശലഭത്തെ പോലെ പാറിനടിക്കുന്ന പെണ്‍കൊടി. കേരളത്തെ സ്വന്തം നാടിനേക്കാളെറെ സ്‌നേഹിയ്‌ക്കുന്ന പൊള്ളാച്ചിക്കാരനായ ശിവരാജന്റെയും ഭാര്യ ദേവിയുടെയും ഓമന മകള്‍. വൈരമണിയായിരുന്നു ആ കുടുംബത്തിന്റെ എല്ലാം. അവള്‍ ജനിച്ചതു മുതല്‍ ആ കുടുംബത്തില്‍ സന്തോഷവും പ്രകാശവും നിറഞ്ഞുനിന്നു

എന്നാല്‍ അതിനധികം ആയുസ്സുണ്ടായില്ല. എല്ലാവരെയും ആശങ്കയിലും പരിഭ്രാന്തിയിലുമാഴ്‌ത്തി വൈരമണിയെ ഒരു നാള്‍ കാണാതായി. മകളെ പ്രാണനുതുല്യം സ്‌നേഹിയ്‌ക്കുന്ന ശിവരാജന്‍ പലയിടത്തും വൈരമണിയെ തേടിയലഞ്ഞു. എന്നാല്‍ നിരാശയായിരുന്നു ഫലം. അധികം താമസിയാതെ ആ ഞെട്ടിയ്‌ക്കുന്ന വാര്‍ത്ത അവരെ തേടിയെത്തി. വൈരമണി കൊല്ലപ്പെട്ടിരിയ്‌ക്കുന്നു. മകളുടെ മരണം സ്‌നേഹസമ്പന്നനായ പിതാവിന്റെ സമനില തെറ്റിച്ചു. മകളെ ആര്‌ കൊന്നു? എന്തിന്‌ കൊന്നു? ഈ ചോദ്യങ്ങള്‍ക്കുത്തരം തേടി ശിവരാജന്‍ നടത്തുന്ന അന്വേഷണങ്ങളാണ്‌‌ ആയുധത്തിന്‌ ശേഷം എംഎ നിഷാദ്‌ സംവിധാനം ചെയ്യുന്ന വൈരം പപറയുന്നത്‌.

'ട്രൂ സ്‌റ്റോറി റീടോള്‍ഡ്' എന്നാണ്‌ സംവിധായകന്‍ നിഷാദ്‌ വൈരത്തെ വിശേഷിപ്പിക്കുന്നത്‌. അകാലത്തില്‍ മകള്‍ നഷ്ടപ്പെട്ട പിതാവിന്റെ നൊമ്പരങ്ങളും അവരുടെ ആകുലതകളുമാണ്‌ വൈരത്തിന്റെ അടിസ്ഥാനപ്രമേയം. നിയമം നോക്കുകുത്തിയാവുന്ന ഘട്ടത്തില്‍ വ്യക്തികള്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥയെക്കുറിച്ചും ചിത്രം പറയുന്നു.

ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ തമിഴകത്തിന്റെ പ്രിയതാരമായി പശുപതിയാണ്‌ ശിവരാജനായി അഭിനയിക്കുന്നത്‌. ബാങ്ക്‌ ജീവനക്കാരനായാണ്‌ പശുപതി ചിത്രത്തില്‍ വേഷമിടുന്നത്‌. ബിഗ്‌ ബിയിലെ പൊലീസ്‌ ഓഫീസര്‍ക്ക്‌ ശേഷം പശുപതി അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം കൂടിയാണിത്‌. ശിവരാജന്റെ ഭാര്യയായ ദേവികയായി മീരാ വാസുദേവും വൈരമണിയായി ധന്യ മേരി വര്‍ഗ്ഗീസും അഭിനയിക്കുന്നു.

അഡ്വ. രവിവര്‍മ എന്നൊരു പ്രധാന കഥാപാത്രമായി സുരേഷ്‌ ഗോപിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. സായ്‌കുമാര്‍, ജയസൂര്യ, മുകേഷ്‌, തിലകന്‍, അശോകന്‍, ശ്രീജിത്‌ രവി, കെപിഎസി ലളിത, അംബിക, സംവൃതാ സുനില്‍, രേഖ തുടങ്ങിയവരാണ്‌ വൈരത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ വൈകാരിക മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന വൈരത്തെ ഒരു സസ്‌പെന്‍സ്‌ ത്രില്ലര്‍ ചിത്രമെന്നാണ്‌ സംവിധായകന്‍ വിശേഷിപ്പിയ്‌ക്കുന്നത്‌. നിഷാദിന്റെ കഥയ്‌ക്ക്‌ തിരക്കഥയും സംഭാഷണവും രചിച്ചത്‌ ചെറിയാന്‍ കല്‍പ്പകവാടിയാണ്‌. സിനിമാ എന്‍എസ്‌ആര്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ എന്‍ ശിവറാവു നിര്‍മിക്കുന്ന വൈരത്തിന്‍റെ ക്യാമറ സഞ്‌ജീവ്‌ ശങ്കര്‍, എ ഗാനങ്ങള്‍ ഗിരീഷ്‌ പുത്തഞ്ചേരി സംഗീതം എം. ജയചന്ദ്രന്‍. സെപ്‌റ്റംബര്‍ 20ന്‌ റംസാന്‍ ചിത്രമായി വൈരം തിയറ്ററുകളിലെത്തും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam