»   » നായകനില്‍ ഇന്ദ്രജിത്തിന്റെ പുതിയമുഖം

നായകനില്‍ ഇന്ദ്രജിത്തിന്റെ പുതിയമുഖം

Posted By:
Subscribe to Filmibeat Malayalam

 

Nayakan
ആക്ഷന്‍ ഹീറോ ഇമേജുമായി ഇന്ദ്രജിത്തിന്റെ നായകന്‍ തിയറ്ററുകളിലേക്ക്. വില്ലനും തമാശക്കാരനുമൊക്കെയായി ഇതുവരെ സ്‌ക്രീനില്‍ തിളങ്ങിയ ഇന്ദ്രജിത്തിന് പുതിയ മുഖം സമ്മാനിയ്ക്കുന്നത് സംവിധായകന്‍ ലിജോ ജോസ് പല്ലിശേരിയാണ്.


ആക്ഷന്‍ ത്രില്ലര്‍ മൂഡില്‍ ഒരുക്കുന്ന നായകനില്‍ വരദന്‍ എന്ന കഥകളി നടന്റെ വേഷമാണ് ഇന്ദ്രജിത്ത് അവതരിപ്പിയ്ക്കുന്നത്. അധോലോകത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന നായകനില്‍ വിന്‍സെന്റ് കാരണവര്‍ എന്ന അണ്ടര്‍വേള്‍ഡ് കിങായി തിലകന്‍ എത്തുന്നു. വിന്‍സെന്റിന്റെ എതിരാളിയാണ് മജീഷ്യനായ ശങ്കര്‍ദാസ്(സിദ്ദിഖ്). പൊതുശത്രുവായ ശങ്കര്‍ദാസിനെ നേരിടാന്‍ വരദനും വിന്‍സന്റ് കാരണവരും ഒന്നിയ്ക്കുന്നതാണ് നായകന്റെ ഇതിവൃത്തം. വിന്‍സെന്റിന്റെ മകള്‍ മരിയയായി അഭിനയിക്കുന്ന ധന്യ മേരി വര്‍ഗ്ഗീസാണ് നായകനിലെ നായിക.

ഇന്ദ്രജിത്തിന്റെ കരിയറില്‍ ടേണിങ് പോയിന്റാവുമെന്ന് കരുതപ്പെടുന്ന നായകന്റെ മറ്റൊരു ഹൈലൈറ്റ് സിദ്ദിഖിന്റെ വ്യത്യസ്തമായ വില്ലന്‍ വേഷമാണ്. പൃഥ്വിയ്ക്ക് പിന്നാലെ ഇന്ദ്രജിത്തും പിന്നണി ഗായകനാവുകയാണെന്ന പ്രത്യേകതയും നായകന് സ്വന്തമാണ്. ചിത്രത്തിന്റെ ടൈറ്റില്‍ സോങ് ആലപിച്ചിരിയ്ക്കുന്നത്് ഇന്ദ്രജിത്താണ്.

സോണി പിക്‌ചേഴ്‌സ് അവാര്‍ഡ് സ്വന്തമാക്കിയ ത്രീ ഉള്‍പ്പെടെ ഒട്ടേറെ ഹ്രസ്വചിത്രങ്ങളും പരസ്യങ്ങളും ഒരുക്കിയ ലിജോ ജോസിന്റെ ആദ്യ സിനിമയാണ് നായകന്‍. നടന്‍ ജോസ് പല്ലിശ്ശേരിയുടെ മകന്‍ കൂടിയാണ് ലിജോ. പിഎസ് റഫീഖ് തിരക്കഥയൊരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിയ്ക്കുന്നത് ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായായ്ക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ്.

ലാലു അലക്‌സ്, ജഗതി ശ്രീകുമാര്‍, കലാശാല ബാബു, വിജയരാഘവന്‍, ശ്രീജിത്ത് രവി, അനില്‍ മുരളി, എന്നിവരാണ് മറ്റു താരങ്ങള്‍. ഇല്യുമിനേറ്റോ ഫിലിംസും കൈതക്കാട്ട് വിഷ്വല്‍ മീഡിയയും ചേര്‍ന്ന് അവതരിപ്പിക്കുന്ന നായകന്റെ ട്രെയിലറുകള്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ചിത്രത്തിന്റെ ട്രേലര്‍ കാണൂ. നായകന്റെ വിശേഷങ്ങള്‍ ഇവിടെയും തീരുന്നില്ല, തിയറ്ററുകളില്‍ നായകന് വെല്ലുവിളി ഉയര്‍ത്തുന്നത് പൃഥ്വിരാജിന്റെ താന്തോന്നിയാണ്. സഹോദരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആരാവും വിജയി? കാത്തിരുന്ന് കാണുക തന്നെ....

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam