»   » ജയസൂര്യ ഉത്തരാസ്വയംവരത്തിന്‌ ഒരുങ്ങുന്നു

ജയസൂര്യ ഉത്തരാസ്വയംവരത്തിന്‌ ഒരുങ്ങുന്നു

Posted By: Super
Subscribe to Filmibeat Malayalam
Jayasurya And Roma
ഡിഗ്രിയും കഴിഞ്ഞ്‌ ജോലിയന്വേഷിച്ച്‌ നടക്കുന്ന നാട്ടുന്പുറത്തുകാരനാണ് പ്രകാശ്‌. അച്ഛന്‌ സ്വന്തമായൊരു സൂപ്പര്‍ മാര്‍ക്കറ്റ്‌ ഉള്ളതിന്റെ അഹങ്കാരമൊന്നും അയാള്‍ക്കില്ല, മാത്രമല്ല, അവിടെ ചെന്നിരിയ്‌ക്കാനും പണ്ടേ പ്രകാശിന്‌ ഇഷ്ടമില്ല. ജോലിയൊന്നുമില്ലെങ്കിലും പ്രകാശിന്‌ തിരക്കൊഴിഞ്ഞ നേരമില്ല. നാട്ടിലെ നൂറം കൂട്ടം കാര്യങ്ങള്‍ അയാളുടെ തലയിലാണ്‌. വായനശാലയും മറ്റു കലാപരിപാടികളുമൊക്കെയായി ആകെ ബിസിയാണ്‌ പ്രകാശിന്റെ ജീവിതം.

പണിയൊന്നുമില്ലാതെ നടക്കുന്ന ചെറുപ്പക്കാരുടെ പ്രധാന ജോലിയായ വായനോട്ടത്തില്‍ പക്ഷേ ഇയാള്‍ മുമ്പിലാണ്‌. ചെറുപ്പത്തിലേ മനസ്സില്‍ കയറിക്കൂടിയ ഉത്തരയെന്ന പെണ്‍കുട്ടി ഇന്നയാളുടെ ഉറക്കം കെടുത്തുന്നൊരു കാര്യമായി മാറിക്കഴിഞ്ഞു.

നാട്ടിലെ പ്രധാന പണക്കാരനായ പൊന്നൂസ്‌ ജ്വല്ലറി ഉടമ മഹാദേവന്റെ മകളാണ്‌ ഉത്തര. ഒരിയ്‌ക്കലും തന്‍െ കൈയ്യിലൊതുങ്ങില്ലെന്നറിഞ്ഞു കൊണ്ട്‌ പ്രകാശ്‌ ഉത്തരയെ വളയ്‌ക്കാന്‍ ശ്രമിയ്‌ക്കുകയാണ്‌. ഇതിനിടെ മഹാദേവന്‍ നഗരത്തിലെ പണക്കാരന്‍ പയ്യനുമായി മകളുടെ വിവാഹം നിശ്ചിയ്‌ക്കുന്നു.

ഇതിനെ തുടര്‍ന്നുണ്ടാകുന്ന രസകരമായ മൂഹുര്‍ത്തങ്ങളിലൂടെയാണ്‌ നവാഗതനായ രമാകാന്ത്‌ സര്‍ജ്ജു സംവിധാനം ചെയ്യുന്ന ഉത്തരാസ്വയംവരം മുന്നോട്ട്‌ പോകുന്നത്‌.

സൂപ്പര്‍ വിജയങ്ങളുമായി യുവതാരങ്ങളില്‍ മുന്നിട്ട്‌ നില്‌ക്കുന്ന ജയസൂര്യ പ്രകാശിനെ അവതരിപ്പിയ്‌ക്കുമ്പോള്‍ റോമയാണ്‌ ഉത്തരയായി അഭിനയിക്കുന്നത്‌. ഷേക്‌സ്‌പിയര്‍ എംഎ മലയാളത്തിന്റെ സൂപ്പര്‍ വിജയത്തിന്‌ ശേഷം ജയസൂര്യയും റോമയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്‌ക്കുന്ന ചിത്രം കൂടിയാണ്‌ ഉത്തരാസ്വയംവരം.

ജയസൂര്യയുടെ അച്ഛനായി ബാലചന്ദ്ര മേനോനും പൊന്നൂസ്‌ ജ്വല്ലറി ഉടമയായി ലാലു അലക്‌സും പ്രത്യക്ഷപ്പെടുന്നു. നെടുമുടി വേണു, ഹരിശ്രീ അശോകന്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ഷഫ്‌ന, സോനാ നായര്‍, സലീം കുമാര്‍, ഗിന്നസ്‌ പക്രു, ലക്ഷ്‌മി പ്രിയ, ഇന്ദ്രന്‍സ്‌, സുകുമാരി തുടങ്ങിയവരാണ്‌ ഉത്തരാസ്വയംവരത്തിലെ മറ്റു താരങ്ങള്‍.

ഏറെക്കാലം അനില്‍ബാബുമാരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച രമാകാന്ത്‌ സര്‍ജ്ജു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെയും തിരക്കഥയും സംഭാഷണവും രചിച്ചിരിയ്‌ക്കുന്നത്‌ ജെ പള്ളാശ്ശേരിയാണ്‌. ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികള്‍ക്ക്‌ എം ജയചന്ദ്രന്‍ സംഗീതം പകരുന്നു. സന്തോഷ്‌ പവിത്രം നിര്‍മ്മിയ്‌ക്കുന്ന ഉത്തരാസ്വയംവരം ഒറ്റപ്പാലം, ചെന്നൈ ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ്‌ ചിത്രീകരിയ്‌ക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam