»   » 4 ഇഡിയറ്റ്‌സ് ഗോസ്റ്റ്ഹൗസില്‍

4 ഇഡിയറ്റ്‌സ് ഗോസ്റ്റ്ഹൗസില്‍

Posted By:
Subscribe to Filmibeat Malayalam
In Ghost House Inn
ഈ നാല്‍വര്‍ സംഘത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല രണ്ട് പതിറ്റാണ്ട് മുമ്പ് ഇന്‍ ഹരിഹര്‍ നഗറില്‍ വായ്‌നോട്ടം തൊഴിലാക്കി നടന്നിരുന്ന സംഘം കഴിഞ്ഞ വര്‍ഷം ടു ഹരിഹര്‍ നഗറിലൂടെ തിരിച്ചെത്തി വീണ്ടും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു.

ഇപ്പോഴിതാ ചിരിയുടെ മാലപ്പടക്കങ്ങള്‍ തിരികൊളുത്താന്‍ അവര്‍ വീണ്ടുമെത്തുകയാണ്. ഗോവിന്ദന്‍ കുട്ടിയും അപ്പുക്കുട്ടനും തോമസുകുട്ടിയും മഹാദേവനും ഒപ്പം അവരുടെ ഭാര്യമാരും ഇത്തവണ വരുന്നുണ്ട്. ജഗദീഷ്, അശോകന്‍ സിദ്ദിഖ്, മുകേഷ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരനിര തന്നെയാണ് ഇന്‍ ഹരിഹര്‍ നഗറിന്റെ മൂന്നാം ഭാഗത്തിലും അഭിനയിക്കുന്നത്.

ജീവിത പ്രാരാബന്ധങ്ങളുമായി ബാംഗ്ലൂരിലേക്കും ഗള്‍ഫിലേക്കും മുംബൈയിലേക്കും പോയവര്‍ ഒരിയ്ക്കല്‍ കുടി ഒരുമിയ്ക്കുകയാണ്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചപ്പോഴുണ്ടായ അടിച്ചുപൊളി ജീവിതവും രസവുമെല്ലാം ഓര്‍ത്താണ് അവരെല്ലാം ഏറെ വൈകാതെ വീണ്ടും ഒത്തുചേരുന്നത്.

ടു ഹരിഹര്‍ നഗറില്‍ തോമസ് കുട്ടിയ്ക്ക് ലഭിയ്ക്കുന്ന പണം കൊണ്ട് വാങ്ങുന്ന ഊട്ടിയിലെ ബംഗ്ലാവാണ് മൂന്നാം ഭാഗത്തിലെ യഥാര്‍ത്ഥ നായകന്‍. ഡൊറോത്തി എന്ന് പേരിട്ടിരിയ്ക്കുന്ന ബംഗ്ലാവിലേക്ക് സുഹൃത്തുക്കളായ മഹാദേവനേയും അപ്പുക്കുട്ടനേയും ഗോവിന്ദന്‍കുട്ടിയേയും കുടുംബസമേതം തോമസുകുട്ടി ക്ഷണിക്കുന്നതും പിന്നീട് ആ ബംഗ്ലാവില്‍ ഉണ്ടാകുന്ന ഭയപ്പെടുത്തുന്ന സംഭവവികാസങ്ങളുമാണ് ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്ന ചിത്രത്തിന്റെ പ്രമേയം. ഹൊറര്‍-സസ്‌പെന്‍സ് ചിത്രമായത് കൊണ്ട് തന്നെ കൂടുതല്‍ കാര്യങ്ങള്‍ അണിയറക്കാര്‍ പുറത്തുവിടുന്നില്ല.

ഹാസ്യത്തിന് ഒട്ടും കുറവുവരാതെ അത സമയം സസ്‌പെന്‍സും ഹൊററും ചേരുംപടി ചേര്‍ത്താണ് ലാല്‍ ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിയ്ക്കുന്നത്. നാല്‍വര്‍ സംഘത്തിന്റെ ഭാര്യമാരായി അഭിനയിച്ച രോഹിണി, റീന ബഷീര്‍, ലെന, രാഖി എന്നിവരും ഈ ചിത്രത്തിലുമുണ്ട്. ഇവര്‍ക്കൊപ്പം നെടുമുടി വേണു, ഹരിശ്രീ അശോകന്‍, അനൂപ് ചന്ദ്രന്‍, തമ്പി ആന്റണി, എന്നിവരും അഭിനയിക്കുന്നു. ക്ലാസ്‌മേറ്റ്‌സ് രാധികയാണ് ചിത്രത്തിലെ നായിക. ടു ഹരിഹര്‍ നഗറില്‍ നായികയായെത്തിയ ലക്ഷ്മി റായി ഒരു ഗാനരംഗത്ത് മാത്രമായി സിനിമയില്‍ വരുന്നുണ്ട്.

2 മണിക്കൂര്‍ 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഭാഗത്തിന്റെ ഛായാഗ്രാഹകനായ വേണു തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിയ്ക്കുന്നത്. പിഎന്‍വി അസോസിയേറ്റ്‌സിന്റെ ബാനറില്‍ പിഎന്‍ വേണുഗോപാലും ലാല്‍ ക്രിയേഷന് വേണ്ടി ലാലും ചേര്‍ന്ന് നിര്‍മ്മിയ്ക്കുന്ന ചിത്രം ഈ മാസം 25 ന് 85 ഓളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam