»   » യുദ്ധമുഖത്തു നിന്നും നന്ദന്‍ കല്യാണവീട്ടില്‍

യുദ്ധമുഖത്തു നിന്നും നന്ദന്‍ കല്യാണവീട്ടില്‍

Posted By: Staff
Subscribe to Filmibeat Malayalam
Suresh Gopi
ഒരേ അച്ചില്‍ വാര്‍ത്ത കഥാപാത്രങ്ങളുമായി പ്രേക്ഷകരെ ബോറടിപ്പിയ്‌ക്കുന്ന ആക്ഷന്‍ ഹീറോ സുരേഷ്‌ ഗോപി ഒരു ചുവട്‌ മാറ്റത്തിന്‌ ഒരുങ്ങുന്നു. യുദ്ധ മേഖലയില്‍ നിന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ്‌ പുതിയ ചിത്രമായ ഏകാദശിയില്‍ പ്രത്യക്ഷപ്പെടുന്നത്‌.

സുരേഷ്‌ ഗോപി ഒരിയ്‌ക്കല്‍ കൂടി പത്രപ്രവര്‍ത്തകന്റെ വേഷത്തിലെത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിയ്‌ക്കുന്നത്‌ മറ്റൊരു പത്രമായിരിക്കും. കിടിലന്‍ ഡയലോഗുകളും സംഘട്ടനരംഗങ്ങളുമൊക്കെയായി ഒരു തട്ടുപൊളിപ്പന്‍ പടം. എന്നാല്‍ ഏകാദശിയിലെ റിപ്പോര്‍ട്ടര്‍ സുരേഷ്‌ ഗോപിയുടെ മുന്‍കാല കഥാപാത്രങ്ങളില്‍ ഏറെ വിഭിന്നമാണ്‌.

കൊല്‍ക്കത്തയിലെ പ്രശസ്‌ത പത്രപ്രവര്‍ത്തകനായ നന്ദന്‍ മേനോന്‍ എന്ന കഥാപാത്രത്തെയാണ്‌ സുരേഷ്‌ ഗോപി ഏകാദശിയില്‍ അവതരിപ്പിയ്‌ക്കുന്നത്‌. യുദ്ധമുഖങ്ങളില്‍ സാഹസികമായി കടന്നുചെന്ന്‌ വാര്‍ത്തകള്‍ തേടുന്ന ഒരു റിപ്പോര്‍ട്ടറാണ്‌ അയാള്‍. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്നതാണ്‌ അയാളുടെ കുടംബം. അയാളുടെ അമ്മയും ഏകസഹോദരി അച്ചുവും നാട്ടിലാണ്‌.

നന്ദന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ്‌ സഹോദരി അശ്വതി എന്ന അച്ചുവിന്റെ വിവാഹം. ഇതിനായി നാട്ടിലെത്തുന്ന നന്ദനെ ചൂഴ്‌ന്ന്‌ ഒട്ടേറെ ദുരൂഹതകള്‍ നിലനില്‌ക്കുന്നുണ്ട്‌. യുദ്ധമുന്നണിയിലെ അതിദയനീയമായ ദ്യശ്യങ്ങള്‍ നേരിട്ട്‌ കാണുകയും ഇടപെടുകയും ചെയ്യേണ്ടി വന്നതിന്റെ പരിണിതഫലങ്ങളാണ്‌ അതെല്ലാം. ഇക്കാര്യങ്ങള്‍ മറച്ചുവെച്ചു കൊണ്ടാണ്‌ നന്ദന്‍ കല്യാണ വീട്ടിലെ സന്തോഷത്തില്‍ അലിഞ്ഞു ചേരുന്നത്‌.

എന്നാല്‍ തന്നെ ചൂഴ്‌ന്ന്‌ നില്‌ക്കുന്ന രഹസ്യങ്ങള്‍ ഒളിപ്പിയ്‌ക്കാനുള്ള നന്ദന്റെ ശ്രമങ്ങള്‍ പലപ്പോഴും വിജയിക്കുന്നില്ല. മറ്റുള്ളവരുടെ ആശങ്കകളും സംശയങ്ങളും ദുരീകരിയ്‌ക്കാന്‍ ശ്ര്‌മിയ്‌ക്കുന്നതിനിടെ അയാള്‍ സ്വയം നഷ്ടപ്പെടുകയാണ്‌.

ഏകാദശിയിലെ നന്ദന്‍ മേനോന്‍ എന്ന കഥാപാത്രം സുരേഷ്‌ ഗോപിയുടെ കരിയറില്‍ ഏറെ ശ്രദ്ധേയമാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. സഫലം, മിഴികള്‍ സാക്ഷി, ഡിസംബര്‍ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ അശോക്‌ ആര്‍ നാഥാണ്‌ ഏകാദശിയ്‌ക്ക്‌ സംവിധാനഭാഷ്യം ചമയ്‌ക്കുന്നത്‌.

നന്ദന്‍ മേനോന്റെ ഭാര്യയായ ഇന്ദുവെന്ന കഥാപാത്രത്തെ ജ്യോതിര്‍മയി അവതരിപ്പിയ്‌ക്കുമ്പോള്‍ സഹോദരിയായ അശ്വതിയായി നവ്യ നായരും അഭിനയിക്കുന്നു. ഇവര്‍ക്ക്‌ പുറമെ മനോജ്‌ കെ ജയന്‍, നെടുമുടി അനൂപ്‌ മേനോന്‍, കൊച്ചു പ്രേമന്‍, സുകുമാരി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്‌. ഒഎന്‍വിയുടെ വരികള്‍ക്ക്‌ സംഗീതം പകരുന്ന്‌ത അനില്‍ പോങ്ങുംമൂടാണ്‌.

നമ്പിയ്‌ക്കല്‍ ഫിലിംസിന്റെ ബാനറില്‍ സന്ദീപ്‌ നായര്‍ നിര്‍മ്മിയ്‌ക്കുന്ന ഏകാദശിയുടെ ഷൂട്ടിങ്‌ തിരുവനന്തപുരത്ത്‌ പുരോഗമിയ്‌ക്കുകയാണ്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam