»   » ആഗതന്റെ വരവിന് പിന്നില്‍

ആഗതന്റെ വരവിന് പിന്നില്‍

Posted By: Super
Subscribe to Filmibeat Malayalam
Agathan
ഒരു തീവ്രവാദി ആക്രമണമാണ് ഗൗതമിന് എല്ലാം നഷ്ടപ്പെടുത്തിയത്. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ട ഗൗതമിന് കരയാനല്ലാതെ ഒന്നും ചെയ്യാനില്ലായിരുന്നു.

ശ്രീനഗറില്‍ ബാങ്കുദ്യോഗസ്ഥനായിരുന്ന മുകുന്ദന്‍ മേനോനായിരുന്നു ഗൗതമിന്റെ അച്ഛന്‍. അമ്മ സുജാതയും ചേച്ചി അമൃതയുമെല്ലാം തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ അനാഥനായ ഗൗതമിന് തുണയായത് അവിടെയുണ്ടായിരുന്ന ഡോക്ടര്‍ ഉണ്ണിത്താനാണ്. പിന്നെ അദ്ദേഹമായിരുന്നു ഗൗതമിനെ വളര്‍ത്തിയത്.

പഠനം നല്ല നിലയില്‍ പൂര്‍ത്തിയാക്കി ബാംഗ്ലൂരിലെ ഐടി കമ്പനിയില്‍ ജോലിയ്ക്കായി എത്തിയതോടെ ഗൗതമിന്റെ ജീവിതത്തില്‍ ചില മാറ്റങ്ങളുണ്ടാവുകയാണ്. ഒരു നിര്‍ണായകഘട്ടത്തില്‍ അവിചാരിതമായി കണ്ടുമുട്ടിയ ശ്രേയയെ ബാംഗ്ലൂരില്‍ വെച്ച് വീണ്ടും അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു.

ശ്രേയ അടുക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അകന്ന് നില്‍ക്കാനായിരുന്നു ഗൗതമിന്റെ ശ്രമം. എന്നാല്‍ ആത്മസ്‌നേഹിതനായ സുധീര്‍ കൃഷ്ണയുടെ ബന്ധു കൂടിയായിരുന്നതിനാല്‍ ശ്രേയയുടെ മോഹങ്ങള്‍ക്ക് തടയിടാന്‍ ഗൗതമിന് കഴിയുന്നില്ല. ഒടുവില്‍ ആ ബന്ധം വിവാഹത്തിലേക്ക് നീങ്ങുകയാണ്.

ഗൗതം മേനോന്റെ വരവും ശ്രേയയുമായുള്ള വിവാഹനിശ്ചയവുമെല്ലാം ജനറല്‍ ഹരീന്ദ്ര വര്‍മ്മയുടെ കുടുംബത്തില്‍ സന്തോഷം പരത്തുകയാണ്. എന്നാല്‍ ശ്രേയയുടെ ഊട്ടിയിലുള്ള വസതിയിലേക്ക് ഗൗതം വരുന്നത് മറ്റു ചില ലക്ഷ്യങ്ങളും മനസ്സില്‍ ഒളിപ്പിച്ചാണ്. ഇതോടെ ഗൗതമിന്റെ ജീവിതം കുടുതല്‍ ദുരൂഹമാവുകയാണ്.

പ്രണയവും കുടുംബവും ഒക്കെ ചേര്‍ന്നൊരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രവുമായാണ് കമല്‍ ഇത്തവണ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ഗൗതം മേനോനായി ദിലീപ് അഭിനയിക്കുമ്പോള്‍ ശ്രേയുടെ വേഷം അവതരിപ്പിയ്ക്കുന്നത് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ചാര്‍മ്മിയാണ്. തമിഴ് നടന്‍ സത്യരാജാണ് ശ്രേയയുടെ പിതാവായ ജനറല്‍ ഹരീന്ദ്ര വര്‍മ്മയുടെ റോള്‍ അവതരിപ്പിയ്ക്കുന്നത്. സത്യരാജിന്റെ ആദ്യ മലയാള ചിത്രമാണിത്. കലണ്ടറിന് ശേഷം സറീന വഹാബ് വീണ്ടും മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ആഗതനുണ്ടാവും.

ഒട്ടേറെ വഴിത്തിരിവുകളുള്ള ചിത്രമെന്ന് കമലും തിരക്കഥാക്കൃത്ത് കലവൂര്‍ രവികുമാര്‍ വിശേഷിപ്പിയ്ക്കുന്ന ആഗതന്‍, കശ്മീര്‍, ഊട്ടി എന്നിങ്ങനെ വ്യത്യസ്ത ലൊക്കേഷനുകളിലായാണ് ചിത്രീകരിച്ചത്. ബിജുമേനോന്‍, ശില്‍പ ബാല, ഷബ്‌ന, ഇന്നസെന്റ് അംബികാ മോഹന്‍ എന്നിങ്ങനെ വന്‍താര തന്നെ ആഗതനില്‍ അണിനിരക്കുന്നുണ്ട്.

കൈതപ്രത്തിന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിയ്ക്കുന്നത്. അജയ് വിന്‍സന്റിന്റേതാണ് ക്യാമറ, മായ മീഡിയയുടെ ബാനറില്‍ നിര്‍മ്മിയ്ക്കുന്ന ആഗതന്‍ ഫെബ്രുവരി 11ന് തിയറ്ററുകളിലെത്തും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam