»   » ഹസ്‌ബന്‍ഡ്‌സ്‌ അത്ര ഹാപ്പിയാണോ?

ഹസ്‌ബന്‍ഡ്‌സ്‌ അത്ര ഹാപ്പിയാണോ?

Posted By: Staff
Subscribe to Filmibeat Malayalam
മുകുന്ദന്‍, രാഹുല്‍, ജോണ്‍ മത്തായി ഉറ്റ സുഹൃത്തുക്കള്‍. വിവാഹിതരായ മൂന്ന്‌ പേരുടെയും സ്വഭാവം മൂന്ന് തരത്തിലാണ്. അവരുടെ ഭാര്യമാരും അതു പോലെ തന്നെ. മുകുന്ദന്റെ ഭാര്യ കൃഷ്‌ണേന്ദു ഒരു നാട്ടിന്‍പുറത്തുകാരിയാണ്‌. മറ്റു പെണ്ണുങ്ങളെ ഭര്‍ത്താവ്‌ ഒന്ന്‌ നോക്കുന്നത്‌ പോലും കൃഷ്‌ണേന്ദുവിന്‌ സഹിയ്‌ക്കില്ല. മുകുന്ദന്‍ എങ്ങോട്ടെങ്കിലും ഒന്നു തിരിഞ്ഞാല്‍ അതെന്തിനാണെന്ന്‌ സംശയത്തിന്റെ ഭൂതക്കണ്ണാടി വെച്ചവള്‍ നോക്കും. അത്രയ്‌ക്ക്‌ നല്ല വിശ്വാസമാണ്‌ ഭര്‍ത്താവിനെ. എന്തെങ്കിലും കുഴപ്പം കണ്ടുപിടിച്ചാല്‍ അന്നത്തെ കാര്യം പോക്കാണ്‌. ശരിയ്ക്കും പറഞ്ഞാല്‍ മുകുന്ദന്‍ വെറും പാവമാണ്‌. ഭാര്യയാണ് അയാളുടെ എല്ലാം‌. കൃഷ്‌ണേന്ദുവല്ലാതെ മറ്റൊരു സ്‌ത്രീ അയാളുടെ ജീവിതത്തിലില്ല.

എന്നാല്‍ രാഹുലിന്റെ കുടുംബത്തില്‍ കാര്യമെല്ലാം ഇതിന്റെ നേരെ തിരിച്ചാണ്‌. പഞ്ചാരവാക്കുകളില്‍ ഭാര്യ ശ്രേയയെ മയക്കിയിട്ടിരിയ്‌ക്കുകയാണ്‌ അയാള്‍. തരം കിട്ടുമ്പോഴൊക്കെ വേലി ചാടാനും രാഹുലിന്‌ മടിയില്ല. എന്നാല്‍ തന്റെ ഭര്‍ത്താവിനെ പോലൊരു ശുദ്ധന്‍ ലോകത്തില്ലെന്നാണ്‌ ശ്രേയയുടെ വിചാരം. ഹസ്‌ബന്‍ഡിനെ കണ്ണുമടച്ച്‌ വിശ്വസിയ്‌ക്കുന്ന ശ്രേയ അദ്ദേഹത്തിന്റെ മനസ്സില്‍ താന്‍ മാത്രമേ ഉള്ളൂവെന്നും കരുതുന്നു.

മൂന്നാമന്‍ ജോണിന്റെ ഭാര്യ സെറീനക്ക്‌ ഭര്‍ത്താവ്‌ കള്ളം പറയുന്നത്‌ മാപ്പില്ലാത്ത കുറ്റമാണ്‌. ജോണ്‍ സത്യസന്ധനാണെങ്കിലും മറ്റു രണ്ടു കൂട്ടുകാരെ രക്ഷിയ്‌ക്കാനായി ചില സത്യങ്ങള്‍ അയാള്‍ക്ക്‌ മറച്ചുവെയ്‌ക്കേണ്ടി വരുന്നു.

ഇങ്ങനെ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെയായി കഴിയുന്ന ഇവര്‍ക്കിടയിലേക്കാണ്‌ അവളെത്തുന്നത്‌. ബാര്‍ സിങര്‍ ഡയാന. ഇത്തിരി തരികിടയായ ഡയാന ഒപ്പിക്കുന്ന ചില നമ്പറുകളിലൂടെ മൂന്ന്‌ കുടുംബങ്ങളിലേയും ഹാപ്പി അങ്ങ്‌ തീരുന്നു. ഇവര്‍ വിവാഹിതരായാലിന്റെ സൂപ്പര്‍ വിജയത്തിന്‌ ശേഷം സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഹാപ്പി ഹസ്‌ബന്‍ഡ്‌സാണ്‌ ഇത്തരമൊരു രസകരമായ കഥ പറയുന്നത്‌.

ജയറാം മുകുന്ദനെ അവതരിപ്പിക്കുമ്പോള്‍ ഭാര്യ കൃഷ്‌ണേന്ദുവായി എത്തുന്ന്‌ ഭാവനയാണ്‌. ഇന്ദ്രജിത്ത്‌ രാഹുലിനെയും സംവൃത ശ്രേയേയും അവതരിപ്പിക്കുന്നു. മൂന്നാമന്‍ ജോണ്‍ മത്തായിയും ഭാര്യ സെറീനയുമായെത്തുന്നത്‌ ജയസൂര്യയും വന്ദനയുമാണ്‌. മൂന്ന് കുടുംബങ്ങളും കുളമാക്കാനെത്തുന്ന ഡയാനയായി അവതരിയ്ക്കുന്നത് റീമ കല്ലിങ്കലാണ്.

ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലല്‍ ജലീല്‍ നിര്‍മ്മിയ്‌ക്കുന്ന ഹാപ്പി ഹസ്‌ബന്‍ഡ്‌സിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്‌ കൃഷ്‌ണ പൂജപ്പുരയാണ്‌. ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികള്‍ക്ക്‌ ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. അനില്‍ നായരാണ്‌ ഹാപ്പി ഹസ്‌ബന്‍സ്‌ഡിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam