»   » പെണ്ണ്‌ ഇന്നും ഇവരുടെ വീക്ക്‌നെസ്സ്‌

പെണ്ണ്‌ ഇന്നും ഇവരുടെ വീക്ക്‌നെസ്സ്‌

Posted By: Super
Subscribe to Filmibeat Malayalam

വര്‍ഷം പതിനെട്ട്‌ കഴിഞ്ഞു. കാലം എല്ലാവരിലും മാറ്റം വരുത്തി(പെണ്ണ്‌ വിഷയത്തില്‍ ഒഴിച്ച്‌). മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്‍ കുട്ടിയും തോമസ്സ്‌ കുട്ടിയുമൊക്കെ ഇന്ന്‌ നല്ല നിലയില്‍ ജീവിയ്‌ക്കുന്നു.

ഭാര്യയും കുട്ടികളുമൊക്കെയായി നാട്ടിനകത്തും പുറത്തുമായി അവര്‍ സുഖമായി ജീവിയ്‌ക്കുന്നു. തോമസ്‌ കുട്ടിയൊഴികെ, വിവാഹാലോചനകള്‍ പലതും വന്നെങ്കിലും അതില്‍ നിന്ന്‌ ഒഴിഞ്ഞ്‌ നിന്നതാണ്‌ ഇദ്ദേഹത്തിന്റെ വിവാഹം മാത്രം നീണ്ടു പോകാന്‍ കാരണം‌. ഒടുവില്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി തോമസ്‌ കുട്ടി വിവാഹത്തിന്‌ സമ്മതിയ്‌ക്കുന്നു.

നാല്‍വര്‍ സംഘത്തിലെ പ്രധാനിയായ മഹാദേവന്‍ ഇന്ന്‌ ബിസ്സിനസുമായി ഗള്‍ഫിലാണ്‌. ഭാര്യ സുലു, ഏക മകള്‍ മീനു. ജോണ്‍ ഹോനായി പല്ല്‌ പറിച്ചെടുത്ത അപ്പുക്കുട്ടന്‍ ഇന്ന്‌ ബോംബെയില്‍ ഡെന്റിസ്റ്റാണ്‌. ഭാര്യ ജാനകിയും രണ്ട്‌ ഇരട്ടക്കുട്ടികളുമൊക്കെയായി ജീവിതം നീങ്ങുന്നു.
സംഘത്തിലെ മൂന്നാമന്‍ ഗോവിന്ദന്‍ കുട്ടി നാട്ടില്‍ തന്നെ ബിസ്സിനസ്സുമായി കഴിയുന്നു. ഭാര്യ പാര്‍വ്വതിയുമൊത്ത്‌ ഇപ്പോഴും ഹണിമൂണ്‍ ലൈഫിലാണ്‌. അതു കൊണ്ട്‌ കുട്ടികള്‍ വേണ്ടെന്നാണ്‌ ഇരുവരും തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

തോമസ് കുട്ടിയുടെ വിവാഹ നിശ്ചയത്തിനാണ്‌ പഴയ സ്‌നേഹിതര്‍ എത്തുന്നത്‌. വിവാഹം വരെ പഴയ പോലെ അടിച്ചു പൊളിയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചതോടെ ഇന്‍ഹരിഹറിലെ താമസക്കാരായി ഇവര്‍ വീണ്ടുമെത്തുന്നു.

ഇതിനിടയില്‍ അവര്‍ ഒരു സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടു മുട്ടി. ക്ലബ്‌ സിംഗര്‍ മായ. അവരുടെ വില്ലയ്‌ക്ക്‌ മുന്നില്‍ തന്നെയാണ്‌ മായയും താമസിയ്‌ക്കുന്നത്‌. പെണ്ണ്‌ ഇപ്പോഴും ബലഹീനതയായി കൊണ്ടുനടക്കുന്ന നാല്‍വര്‍ കൂട്ടം മായയുടെ പിന്നാലെ എല്ലാം മറന്ന്‌ പായുന്നു അതുണ്ടാക്കുന്ന കുഴപ്പങ്ങളും ഇവര്‍ ചെന്നു ചാടുന്ന പ്രശ്‌നങ്ങളുമാണ്‌ ടുഹരിഹര്‍ നഗറിലൂടെ ലാല്‍ പറയുന്നത്‌.

നാല്‍വര്‍ കൂട്ടത്തെ അവതരിപ്പിയ്‌ക്കുന്നത് മുകേഷ്‌, ജഗദീഷ്‌, സിദ്ദിഖ്‌, അശോകന്‍ എന്നിവര്‍ തന്നെയാണ്‌. മുകേഷ്‌ അവതരിപ്പിയ്‌ക്കുന്ന മഹാദേവന്റെ ഭാര്യയായ സുലുവായി രോഹിണി വേഷമിടുന്നു. ഏറെക്കാലത്തെ ഇടവേളയ്‌ക്ക്‌ ശേഷം 'റോക്ക്‌ എന്‍ റോളി'ലൂടെയാണ്‌ രോഹിണി വീണ്ടും മലയാളത്തിലെത്തിയത്‌.

ജഗദീഷ്‌ അവതരിപ്പിയ്‌ക്കുന്ന അപ്പുക്കുട്ടന്റെ ഭാര്യ ജാനകിയായെത്തുന്നത്‌ റീനാ ബഷീറാണ്‌. ലാല്‍ ജോസ്‌ ഒരുക്കിയ മുല്ലയാണ്‌ റീനാ ബഷീറിന്റെ ആദ്യ ചിത്രം. ലെനയാണ്‌ സിദ്ദിഖ്‌ വേഷമിടുന്ന ഗോവിന്ദന്‍കുട്ടിയുടെ ഭാര്യയായ പാര്‍വതിയെ അവതരിപ്പിയ്‌ക്കുന്നത്‌. തോമസ്സുകുട്ടി വിവാഹം ചെയ്യാന്‍ പോകുന്ന ജസീന്തയെ രാഖി അവതരിപ്പിയ്‌ക്കുന്നു. പൂവാലക്കൂട്ടത്തെ വട്ടം കറക്കുന്ന മായയായി വേഷമിടുന്നത് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ലക്ഷ്‌മി റായിയാണ്‌.

വന്‍ വിജയം നേടിയ ഇന്‍ഹരിഹര്‍നഗറിലെ പ്രധാന ഹൈലൈറ്റ്‌ ഉന്നം മറന്ന്‌ തെന്നി പറന്ന്‌ എന്ന ഹിറ്റ്‌ ഗാനവും തോമസ്സ്‌ കുട്ടി വിട്ടോടാ എന്ന നമ്പറുമായിരുന്നു. ടുഹരിഹര്‍ നഗറില്‍ ഇതേ ഗാനങ്ങള്‍ പുതിയ ഈണത്തിലും ഭാവത്തിലും അവതരിപ്പിയ്‌ക്കാന്‍ ലാല്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. ബിച്ചു തിരുമല-അലക്‌സ്‌ പോള്‍ ടീമിന്റെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായി മാറിയിട്ടുണ്ട്‌.

കൊച്ചു കൊച്ചു വിഡ്‌ഢിത്തരങ്ങളുമായി നാല്‍വര്‍ സംഘം ലോക വിഡ്‌ഢി ദിനമായ ഏപ്രില്‍ ഒന്നിന്‌ തിയറ്ററുകളിലെത്തുമ്പോള്‍ വിജയ ചരിത്രം ആവര്‍ത്തിയ്‌ക്കുമെന്ന്‌ തന്നെ പ്രതീക്ഷിയ്‌ക്കാം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam