»   » മോഹന്‍ ശര്‍മ്മയുടെ ഗ്രാമം കാഴ്‌ചക്കാരിലേക്ക്‌

മോഹന്‍ ശര്‍മ്മയുടെ ഗ്രാമം കാഴ്‌ചക്കാരിലേക്ക്‌

Posted By:
Subscribe to Filmibeat Malayalam
Mohan Sharma
ചട്ടക്കാരി, നെല്ല്‌ തുടങ്ങി നിരവധി സിനിമകളില്‍ നായകനായ്‌ വേഷമിട്ട, പതിനേഴോളം ചിത്രങ്ങള്‍ നിര്‍മ്മിച്ച മോഹന്‍ ശര്‍മ്മയുടെ പ്രഥമ സംവിധാന സംരംഭമാണ്‌ ഗ്രാമം എന്ന ചിത്രം. കഥയും തിരക്കഥയും ഒരുക്കിയതും മോഹന്‍ ശര്‍മ്മ തന്നെ. മികച്ച കഥയ്‌ക്ക്‌ സംസ്ഥാന അവാര്‍ഡ്‌, വസ്‌ത്രാലങ്കാരത്തിന്‌ ഇന്ദ്രന്‍സ്‌ ജയനും, സഹനടനത്തിന്‌്‌ സുകുമാരിക്കും ദേശീയ അവാര്‍ഡുകള്‍ സമ്മാനിച്ച ഗ്രാമം വീണ്ടും എത്തുകയാണ്‌.

സ്വാതന്ത്ര്യത്തിന്റെ മുമ്പുള്ള സാമൂഹ്യജീവിതത്തിന്റെ പരിച്ഛേദമാണ്‌ ഈ സിനിമ. ബ്രിട്ടീഷ്‌ ഭരണകര്‍ത്താക്കളുടെ ഏറാന്‍ മൂളികളായ സവര്‍ണ്ണ മാടമ്പിമാരും അവരുടെ കുടുംബങ്ങളില്‍ അനാചാരങ്ങളുടെ നൂലാമാലകളില്‍ പെട്ടുഴലുന്ന മനുഷ്യരുടേയും കഥ. പഴയ ഇരുട്ടുവീണ ബ്രാഹ്മണ ഗൃഹങ്ങളിലേക്കു തുറക്കുന്ന കിളിവാതിലാവുകയാണ്‌ ഗ്രാമം.

ഇഷ്ടംപോലെ സംബന്ധം ചെയ്യാവുന്ന പുരുഷന്‍, വിധവയാക്കപ്പെടുന്ന പെണ്‍ജന്മങ്ങളുടെ ശാപഗ്രസ്‌തമായ അവസ്ഥ, ഇതിനോട്‌ എങ്ങിനെ എതിരിടണം എന്ന്‌ വെമ്പല്‍ കൊള്ളുന്ന ചെറുപ്പം. എത്ര പറഞ്ഞാലും പുതുമ വറ്റാത്ത ചില ഏടുകള്‍ നമ്മുടെ ഭൂതകാലത്ത്‌ ഇനിയും കിടപ്പുണ്ട്‌ എന്ന്‌ ഗ്രാമത്തിന്റെ കഥ ചൂണ്ടികാണിക്കുന്നു.

സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികളോട്‌ പൊരുതാന്‍ വെമ്പുന്ന മനഃസാക്ഷി എന്നും കാലത്തോടൊപ്പം സഞ്ചരിക്കുന്നുണ്ട്‌. 1947 ആഗസ്‌ത്‌്‌ പതിനഞ്ചിലെ സ്വാതന്ത്ര്യ ആഘോഷത്തില്‍ അവസാനിക്കുന്ന സിനിമ സ്വാതന്ത്ര്യത്തിന്റെ ചില പുതിയ പ്രതീക്ഷകള്‍ക്ക്‌ തുടക്കമിടുകയാണ്‌.

പാലക്കാടന്‍ അഗ്രഹാരത്തിന്റെ പാശ്ചാത്തലത്തില്‍ വികസിക്കുന്ന ഗ്രാമം പ്രേക്ഷകര്‍ക്ക്‌ പുതുമ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ്‌. ചിത്രത്തില്‍ മണിസാമിയുടെ വേഷത്തില്‍ പ്രത്യക്ഷപെടുന്നു സംവിധായകന്‍ മോഹന്‍ശര്‍മ്മ. നല്ല സിനിമകളോട്‌ മനസ്സില്‍ തോന്നിയ താല്‌പര്യം കെടാതെ സൂക്ഷിച്ച്‌ സ്വന്തം സംവിധാനത്തില്‍ പ്രേക്ഷകരോട്‌ പങ്കിടുകയാണ്‌ ഇദ്ദേഹം.

നെടുമുടിവേണു, നിഷാന്‍, സുകുമാരി, സംവൃത സുനില്‍, തമിഴ്‌താരം വൈ.ജി മഹേന്ദ്രന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിന്റെ പഴയ ഗ്രാമാന്തരീക്ഷം, വീടിന്റെ അകത്തളം ഇവയൊക്കെ മനോഹരമാക്കിയത്‌ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മധു അമ്പാട്ടാണ്‌. മലയാളസിനിമയുടെ പുതുവസന്തത്തില്‍ ഗ്രാമവും അവതരിപ്പിക്കുന്നത്‌ കാഴ്‌ചയുടെ പുതുമ തന്നെയാണ്‌.

English summary
Gramam is the first directorial debut of Mohan Sharma

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam