»   » പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌ത്രീപക്ഷത

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌ത്രീപക്ഷത

Posted By:
Subscribe to Filmibeat Malayalam

ക്രിസ്‌തീയ പാശ്ചാത്തലത്തില്‍ ബൈബിള്‍ ഉയര്‍ത്തി പിടിക്കുന്ന ജീവിത മൂല്യങ്ങളുടെ പ്രമേയം സ്‌ത്രീപക്ഷ സിനിമയായി പുറത്തു വരികയാണ്‌ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്ന ചിത്രത്തിലൂടെ. ദീപേഷ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌ മറ്റ്‌ ചില പ്രത്യേകതകള്‍ കൂടിയുണ്ട്‌.

പ്രശസ്‌ത സംവിധായകന്‍ വികെ പ്രകാശ്‌ വികാരിയച്ഛന്റെ വേഷത്തില്‍ ക്യാമറയ്‌ക്ക്‌ മുമ്പിലെത്തുന്നു. ക്രിസ്‌തുവിന്‌ ജീവന്‍ നല്‌കികൊണ്ട്‌ പ്രത്യക്ഷപ്പെടുന്നതാകട്ടെ പ്രശസ്‌തനായ കലാസംവിധായകന്‍ സാബുസിറിളാണ്‌. കളിയാട്ടം, കര്‍മ്മയോഗി എന്നീ സിനിമകള്‍ക്കു തിരക്കഥയൊരുക്കിയ ബല്‍റാം മട്ടന്നൂരാണ്‌ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും.

മനസ്സും ശരീരവും കര്‍ത്താവിങ്കല്‍ സമര്‍പ്പിച്ച്‌ ആത്മീയതയിലൂടെ സന്യാസജീവിതം നയിക്കുന്ന സിസ്‌റര്‍ ജസീന്ത, സിസ്‌റര്‍ എന്‍സീറ്റ എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ധ്വനി, രാജശ്രീ പൊന്നപ്പ എന്നിവരാണ്‌ യഥാക്രമം ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

മദറിന്റെ വേഷത്തില്‍ ശാരിയും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രമാവുന്നു. ട്രാക്ക്‌ ആന്റ്‌ ട്രോളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുന്ദര്‍ ഇരിട്ടി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സത്താര്‍, സണ്ണി വെയ്‌ന്‍, വിജയകുമാരി, ശാന്തകുമാരി എന്നിവരാണ്‌ മറ്റ്‌ താരങ്ങള്‍.

ബല്‍റാം മട്ടന്നൂരിന്റെ വരികള്‍ക്ക്‌ മധു ഗോവിന്ദാണ്‌ ഈണം നല്‍കുന്നത്‌. അല്‍ഫോന്‍സ്‌, കൃഷ്‌ണകുമാര്‍ എന്നിവരാണ്‌ പാടുന്നത്‌. പ്രദീഷ്‌ വര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാമദാസ്‌ ഇരിട്ടി. കുട്ടിക്കാനത്ത്‌ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ചിത്രീകരണം തുടരുന്നു.

English summary
The forthcomimg movie Pithavinum Puthranum Parishuddhathmavinum is a story centers around Christian background. This movie has a feminist tone

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam