»   » അവരിപ്പോഴും പണ്ടത്തെ പോലെ

അവരിപ്പോഴും പണ്ടത്തെ പോലെ

Posted By: Staff
Subscribe to Filmibeat Malayalam

ആദ്യ ഭാഗത്ത്‌ പറയാന്‍ മറന്നു പോയ അല്ലെങ്കില്‍ ഒഴിവാക്കിയ നാല്‍വര്‍ കൂട്ടത്തിന്റെ സൗഹൃദത്തിന്റെ തുടക്കം പറഞ്ഞു കൊണ്ടാണ്‌ ഹരിഹര്‍ നഗറിലേക്ക്‌ ലാല്‍ നമ്മെ വീണ്ടും കൂട്ടിക്കൊണ്ടു പോകുന്നത്‌. ഈ സംഘത്തിന്റെ ബാല്യകാലം രസകരമായി ആവിഷ്‌ക്കരിച്ചതിലൂടെ സിനിമയുടെ തുടക്കത്തില്‍ തന്നെ സംവിധായകന്‌ പ്രേക്ഷകരെ കൈയിലെടുക്കാന്‍ കഴിഞ്ഞു.

ഒരു ഓര്‍മ്മപ്പെടുത്തലിന്റെ ആവശ്യമില്ലെങ്കിലും ടൈറ്റിലിനൊപ്പം ആദ്യ ചിത്രത്തിലെ രംഗങ്ങള്‍ കാണുന്നതോടെ 18 വര്‍ഷം മുമ്പത്തെ അതേ ആവേശം പ്രേക്ഷകരില്‍ വീണ്ടും നിറയുന്നു.

ഹരിഹര്‍ നഗറിലെ അന്തേവാസികളെ പ്രേക്ഷകര്‍ക്ക്‌ വീണ്ടും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അപ്പുക്കുട്ടന്‍(ജഗദീഷ്‌), മഹാദേവന്‍ (മുകേഷ്‌), ഗോവിന്ദന്‍കുട്ടി(സിദ്ധിഖ്‌), തോമസ്‌ കുട്ടി(അശോകന്‍) എല്ലാവരെയും ഇന്നലെയും കണ്ട പോലെ. കാലം ഈ നാല്‍വര്‍ കൂട്ടത്തിന്റെ രൂപ ഭാവങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്‌. എന്നാല്‍ പന്തീരാണ്ട് കാലം കുഴലിലിട്ടാലും നിവരാത്ത വാല്‌ പോലെയാണ്‌‌ ഇവരുടെ സ്വഭാവം. പഴയ വായ്‌നോട്ടവും മണ്ടത്തരങ്ങളും അബദ്ധങ്ങളും ഇപ്പോഴും അവര്‍ക്കൊപ്പമുണ്ട്.

പണ്ട്‌ അപ്പുക്കുട്ടന്‍ പറഞ്ഞ പോലെ കൂട്ടത്തിലെ ഏക ക്രിസ്‌ത്യാനിയായ തോമസു കുട്ടിയുടെ വിവാഹത്തിനാണ്‌ ഇവര്‍ വീണ്ടും ഹരിഹര്‍ നഗറില്‍ എത്തിയിരിക്കുന്നത്‌. സംഘത്തില്‍ തോമസ്‌ കുട്ടിയൊഴികെ ബാക്കിയെല്ലാവരും വിവാഹിതര്‍.

ഗള്‍ഫില്‍ ഭേദപ്പെട്ടൊരു ബിസിനസ്‌ ചെയ്യുകയാണ്‌ മഹാദേവന്‍. ഭാര്യയും മകളുമുണ്ട്‌. പണ്ടൊരു പല്ല്‌ പോയത്‌ കൊണ്ടോ എന്തോ അപ്പുക്കുട്ടന്‍ ഡെന്റിസ്റ്റിന്റെ വഴിയാണ്‌ തിരഞ്ഞെടുത്തത്‌. മുംബൈയില്‍ ഭാര്യയുമൊത്ത്‌ ഇരട്ടക്കുട്ടികളുടെ അച്ഛനായി സസുഖം ജീവിയ്‌ക്കുന്നു. കൂട്ടത്തില്‍ ചുള്ളനായ ഗോവിന്ദന്‍ കുട്ടിയ്‌ക്ക്‌ നാട്ടില്‍ ചെറിയ ബിസിനസ്സുണ്ട്‌. ഇപ്പോഴും ഹണിമൂണ്‍ മൂഡിലാണ്‌ ഗോവിന്ദന്‍കുട്ടി. അത്‌ കൊണ്ട്‌ തന്നെ തത്‌കാലം കുട്ടികളെന്ന ശല്യം വേണ്ടെന്നാണ്‌ തീരുമാനം.

തോമസ് കുട്ടിയുടെ കല്യാണത്തിന്‌ പത്ത്‌ ദിവസം മുമ്പേ എത്തുന്ന കൂട്ടുകാര്‍ ബാക്കിയുള്ള ദിവസങ്ങള്‍ അടിച്ച്‌ പൊളിയ്‌ക്കാന്‍ തന്നെ തീരുമാനിയ്‌ക്കുന്നു.

പണ്ടത്തെ പോലെ പൂവാലക്കൂട്ടത്തിന്റെ ലീഡര്‍ മഹാദേവന്‍. കുതന്ത്രങ്ങള്‍ മെനയുന്നതും ഒടുവില്‍ സംഭവം പാളുമ്പോള്‍ 'തോമസ്‌ കുട്ടി വിട്ടോടാ... ' എന്ന സിഗ്നല്‍ നല്‌കുന്നതും മഹാദേവന്‍ തന്നെ. വലിയ ഡെന്റിസ്റ്റാണെങ്കിലും അപ്പുക്കുട്ടന്റെ വായില്‍ നിന്ന്‌ വീഴുന്ന വിഡ്‌ഢിത്തരങ്ങള്‍ക്ക്‌ യാതൊരു കുറവുമില്ല. ഗോവിന്ദന്‍കുട്ടിയും തോമസ്‌ കുട്ടിയും ഇത്തിരി തടിച്ചിട്ടുണ്ടെങ്കിലും ഇന്നും ഇവര്‍ സുന്ദരക്കുട്ടപ്പന്‍മാര്‍ തന്നെയാണ്.

ഹരിഹര്‍ നഗറിലെ ഗോവിന്ദന്‍ കുട്ടിയുടെ വില്ലയാണ്‌ ഇവര്‍ താമസത്തിനായി തെരഞ്ഞെടുക്കുന്നത്‌. അവിടത്തെ അയല്‍വാസി ഒരു മായയാണെന്നറിയുമ്പോള്‍ പഴയ ഓര്‍മ്മകള്‍ നാല്‍വര്‍ സംഘത്തിന്റെ മനസ്സിലെത്തുന്നു. എന്നാലിത്‌ പഴയ മായ(ലക്ഷ്മി റായി)യല്ലെന്ന് അധികം വൈകാതെ ഇവര്‍ തിരിച്ചറിയുന്നു. പെണ്ണ്‌ ഇപ്പോഴും ഒരു വീക്ക്‌നെസ്സ്‌ ആയി കൊണ്ടു നടക്കുന്ന നാല്‍വര്‍ സംഘത്തിന്‌ അത്‌ പ്രശ്‌നമായില്ല. പുതിയ മായയെ വളയ്‌ക്കാന്‍ ഒരുങ്ങിയിറങ്ങിയതോടെ വീണ്ടും വലിയ ഗുലുമാലുകളില്‍ ചെന്നു ചാടുകയാണ്‌ നാല്‍വര്‍ സംഘം.

ഇന്‍ ഹരിഹര്‍ നഗറിലെ കൊടും വില്ലനായ ജോണ്‍ ഹോനായി മറ്റൊരു വിധത്തില്‍ പുതിയ ചിത്രത്തിലുണ്ടാകുമെന്ന ഒരു സൂചന നേരത്തെ തന്നെ ലാല്‍ തന്നിരുന്നു. എന്നാല്‍ മകന്‍ ഫ്രെഡിയിലൂടെയാണ്‌ ഹോനായി ടു ഹരിഹര്‍ നഗറില്‍ തന്റെ സാന്നിധ്യമറിയിക്കുന്നത്‌.

അങ്ങനെ മരണ ശേഷവും ഹോനായി ബാധ പിന്തുടരുന്നതോടെ നാല്‍വര്‍ കൂട്ടം വീണ്ടും കുഴപ്പങ്ങളിലേക്ക്‌ നീങ്ങുകയാണ്‌. ഇന്‍ഹരിഹര്‍ നഗറിലെ മറ്റു ചില കഥാപാത്രങ്ങള്‍ക്കും ലാല്‍ പുതിയ സിനിമയില്‍ ഇടം നല്‌കിയിട്ടുണ്ട്‌. ആദ്യ ഭാഗത്തില്‍ മായയുടെ മുമ്പില്‍ ആള്‌ ചമയാന്‍ ഇവര്‍ ബൈക്കില്‍ കാറ്റൂതിപ്പിയ്ക്കുന്ന അപ്പാ ഹാജ ഒരു ഇന്‍സ്‌പെക്ടര്‍ വേഷത്തിലാണ്‌ വീണ്ടുമെത്തുന്നത്. ഇതെല്ലാം പ്രേക്ഷകരെ ഒരുപാട് രസിപ്പിയ്ക്കുന്നുണ്ട്. ഒടുവില്‍ പതിവ്‌ സിദ്ധിഖ്‌-ലാല്‍ ചിത്രങ്ങളുടെ ശൈലിയില്‍ ഒരു കൂട്ടപ്പൊരിച്ചിലിലൂടെ ടു ഹരിഹര്‍ നഗറിന് ലാല്‍ ശുഭാന്ത്യം നല്കുന്നു.

അടുത്ത പേജില്‍
ഇത് സംവിധായകന്റെ സിനിമ

മുന്‍ പേജില്‍
ഉന്നം മറക്കാതെ ലാല്‍

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam