twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടു ഹരിഹര്‍ നഗര്‍ ലാലിന്റെ സിനിമ

    By Super
    |

    ചിത്രത്തിന്റെ ആദ്യ പകുതിയില്‍ തമാശയുടെ വേലിയേറ്റം തന്നെ സൃഷ്ടിയ്‌ക്കുന്ന സംവിധായകന്‍ ഇടവേളയ്‌ക്ക്‌ ശേഷം ഒട്ടും പ്രതീക്ഷിയ്‌ക്കാത്ത ദിശയിലേക്ക്‌ കഥയെ തിരിച്ചുവിടുന്നു. റാംജിറാവു മുതല്‍ കാബൂളിവാല വരെയുള്ള സിദ്ദിഖ്‌ ലാല്‍ ചിത്രങ്ങളുടെ ശൈലിയും ഇത്‌ തന്നെയായിരുന്നു.

    കാലമേറെ കഴിഞ്ഞിട്ടും നാല്‍വര്‍ സംഘത്തെ ഇന്‍ ഹരിഹര്‍ നഗറിലെ അതേ ഫ്രെഷ്‌നസ്സോടെ വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിയ്‌ക്കുന്നതില്‍ അസാമാന്യമായ കഴിവാണ്‌ ലാല്‍ കാഴ്‌ചവച്ചിരിയ്‌ക്കുന്നത്‌. രൂപത്തിലും ഭാവത്തിലും ഏറെ മാറ്റങ്ങള്‍ വന്നെങ്കിലും ആദ്യ സിനിമയിലെ അതേ സ്വഭാവവിശേഷങ്ങള്‍ കഥാപാത്രങ്ങള്‍ക്ക്‌ നല്‌കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. ടു ഹരിഹര്‍ നഗര്‍ ഒരുക്കുന്നതില്‍ കാണിച്ച മികവും സൂക്ഷ്മതയും കണക്കിലെടുത്താല്‍ പ്രിയ സുഹൃത്ത്‌ സിദ്ദിഖിനൊപ്പം നില്‌ക്കുന്നയാളാണ് ലാലെന്ന് നിസംശയം പറയാം.

    തങ്ങളുടെ കഥപാത്രങ്ങള്‍ പണ്ടത്തെ പോലെ അനായാസമായി അവതരിപ്പിയ്ക്കാന്‍ നാല് നടന്‍മാര്‍ക്കും കഴിഞ്ഞത് സംവിധായകന്റെ ജോലി പകുതി കുറച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നാല്‌ പേരും പ്രത്യേക അഭിനന്ദനം അര്‍ഹിയ്ക്കുന്നു. പ്രത്യേകിച്ച്‌ അപ്പുക്കുട്ടനെ അവതരിപ്പിച്ച ജഗദീഷിന്‌. വളരെ സൂക്ഷ്‌മമായാണ്‌ ജഗദീഷ്‌ അപ്പുക്കുട്ടനെന്ന കഥാപാത്രമായി മാറിയതെന്ന്‌ നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

    എങ്കിലും ചിത്രത്തിന്റെ ആദ്യ പകുതിയിലെ രസച്ചരട് അതേപടി നിലനിര്‍ത്താന്‍ രണ്ടാം പകുതിയില്‍ ലാലിന് കഴിയുന്നുണ്ടോയെന്ന് സംശയിക്കണം. ഇവിടെ ലാലെന്ന സംവിധായകനല്ല, മറിച്ച് ലാലെന്ന തിരക്കഥാകൃത്താണ് ചോദ്യം ചെയ്യപ്പെടുന്നത്. കഥയിലുണ്ടാകുന്ന ചില ട്വിസ്റ്റുകളും യുക്തിയെ ചോദ്യം ചെയ്യുന്ന സംഭവങ്ങളും ചെറുതായെങ്കിലും കല്ലുകടിയാകുന്നുണ്ട്.

    എന്നാല്‍ ചിത്രത്തിന്റെ മൊത്തം പ്രകടനം കണക്കിലെടുക്കുകയാണെങ്കില്‍ ഇതൊന്നും ഒരു വിഷയമേയല്ല. ഉന്നം മറന്ന്‌ തെന്നിപ്പറന്ന്‌, ചന്ദ്രികേ എന്നീ ഗാനങ്ങള്‍ പുതിയ ഈണത്തിലും ഭാവത്തിലും ടു ഹരിഹര്‍ നഗറില്‍ കേള്‍ക്കാം. അലക്‌സ്‌ പോളിന്റെ സംഗീതത്തില്‍ വീനിത്‌ ശ്രീനിവാസനും ജാസി ഗിഫ്റ്റും പാടുന്നത് പുതിയ ചിത്രത്തിന്റെ അന്തരീക്ഷത്തിന്‌ നന്നായി ഇണങ്ങുന്നുണ്ട്‌.

    ഇതിന്‌ മുമ്പും രണ്ടാം ഭാഗ ചിത്രങ്ങള്‍ മലയാളത്തില്‍ വന്നിട്ടുണ്ടെങ്കിലും ഒന്നാം ഭാഗത്തിനോട്‌ കിട പിടിയ്‌ക്കുന്ന ചിത്രങ്ങള്‍ ഏറെയുണ്ടായിട്ടില്ല. എച്ച്യൂസ് മീ.....ആദ്യ ഭാഗവുമായി ഈ ചിത്രത്തെ താരതമ്യം ചെയ്യേണ്ട കാര്യമില്ല. ഈ അവധിക്കാലത്ത് കുട്ടികള്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പം ചിരിയ്ക്കാനാഗ്രഹിയ്ക്കുന്നുവെങ്കില്‍ ധൈര്യസസമേതം ഹരിഹര്‍ നഗറിലേക്ക് നിങ്ങള്‍ക്ക് ഒരിയ്ക്കല്‍ കൂടി പോകാം. അവിടെ അവര്‍ നിങ്ങളെ കാത്തിരിയ്ക്കുന്നു. പുതിയ ഗുലുമാലുകളും മണ്ടത്തരങ്ങളും ഒക്കെയായി.

    മുന്‍ പേജില്‍
    അവരിപ്പോഴും പണ്ടത്തെ പോലെ

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X