»   » കേരള കഫേ സംവിധായകരുടെ സിനിമ

കേരള കഫേ സംവിധായകരുടെ സിനിമ

Posted By:
Subscribe to Filmibeat Malayalam
Renjith
കച്ചവട സിനിമകളുടെ സമവാക്യങ്ങളില്‍ നിന്ന്‌ തെന്നിമാറാതെ ജനപ്രിയ സിനിമകള്‍ സൃഷ്ടിയ്‌ക്കാന്‍ കഴിവുള്ള സംവിധായകനാണ്‌ രഞ്‌ജിത്ത്‌. ഒരു നിര്‍മാതാവിന്റെ റോളില്‍ പത്ത്‌ സംവിധായകരെ അണിനിരത്തി മികച്ചൊരു ചിത്രം സൃഷ്ടിയ്‌ക്കാനുള്ള രഞ്‌ജിത്തിന്റെ ശ്രമം വ്യത്യസ്‌തമായൊരു അനുഭവവും പുതുമയേറിയ കാഴ്‌ചകളാണ്‌ പ്രേക്ഷകന്‌ സമ്മാനിയ്‌ക്കുന്നത്‌.

മലയാളത്തില്‍ ആദ്യത്തേതെന്ന്‌ പറയാമെങ്കിലും മറ്റു ഭാഷകളില്‍ പല തവണ ആവര്‍ത്തിച്ച ആഖ്യാനരീതിയിലൂടെയാണ്‌ കേരള കഫേ മുന്നോട്ട്‌ പോകുന്നത്‌. യാത്രയെന്ന ചരടില്‍ കോര്‍ത്ത്‌ നില്‍ക്കുമ്പോഴും വ്യത്യസ്‌തമായ ജീവിതാനുഭവങ്ങളും ചിന്തകളും കാഴ്‌ചകളുമൊക്കെയായാണ്‌ കേരള കഫേയിലെത്തുന്ന പ്രേക്ഷകന്‌ കാണാനാവുക.

വാണിജ്യ ചിത്രങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിപ്പോയ ഒരു കൂട്ടം സംവിധായകര്‍ക്ക്‌ അവരുടെ കഴിവുകള്‍ വെളിപ്പെടുത്താനും പരസ്‌പരം മാറ്റുരയ്‌ക്കാനും വേദിയൊരുക്കിയ രഞ്‌ജിത്ത്‌ തീര്‍ച്ചയായും അഭിനന്ദം അര്‍ഹിയ്‌ക്കുന്നുണ്ട്‌. എന്നാല്‍ വ്യത്യസ്‌തമായ കഥകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വന്നു ചേരുന്ന പാളിച്ചകളും അതിനെ സംയോജിപ്പിയ്‌ക്കുന്നതിലുള്ള പാളിച്ചകളുമൊക്കെ ചിത്രത്തിന്റെ ഗതിയെ സാരമായി ബാധിയ്‌ക്കുന്നുണ്ട്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

അഞ്‌ജലി മേനോന്‍, ലാല്‍ ജോസ്‌, അന്‍വര്‍ റഷീദ്‌, ഷാജി കൈലാസ്‌, ബി ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ പ്രേക്ഷകരെ വിസ്‌മയിപ്പിക്കുകയാണെന്ന്‌ വേണമെങ്കില്‍ പറയാം. ഇവരില്‍ പലരുടെയും വേറിട്ട മുഖങ്ങളാണ്‌ സിനിമയില്‍ പ്രേക്ഷകന്‌ അനുഭവവേദ്യമാവുക. എന്നാല്‍ പദ്‌മകുമാര്‍, ശ്യാമപ്രസാദ്‌, ഉദയ്‌ അനന്തന്‍, ശങ്കര്‍ രാമകൃഷ്‌ണന്‍ എന്നിവരുടെ ചിത്രങ്ങള്‍ പ്രേക്ഷകരില്‍ നിരാശ മാത്രമാണ്‌ നല്‍കുന്നത്‌.

ആര്‍ വേണുഗോപാലിന്റെ നാട്ടുവഴികള്‍ എന്ന കവിതയെ അതിജീവിച്ച്‌ എം പത്മകുമാര്‍ ഒരുക്കിയ നൊസ്‌റ്റാള്‍ജിയയിലൂടെയാണ്‌ കേരള കഫെയുടെ ആരംഭം. ദിലീപും നവ്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഈ ഹ്രസ്വചിത്രം ഒരു പ്രവാസിയുടെ വീക്ഷണ കോണുകളിലൂടെയാണ്‌ അവതരിപ്പിയ്‌ക്കപ്പെടുന്നത്‌. ദുബായില്‍ നിന്ന്‌ കേരളത്തിലെത്തുന്ന ജോണിയെന്ന കഥാപാത്രമായി ദിലീപും അദ്ദേഹത്തിന്റെ ഭാര്യയായി നവ്യയും വേഷമിടുന്ന ചിത്രത്തിന്‌ പറയത്തക്ക പ്രത്യേകതകളൊന്നുമില്ല. കണ്ടുമടുത്ത കഥയും കഥാപാത്രങ്ങളും ആഖ്യാന ശൈലിയുമെല്ലാം പ്രേക്ഷകരില്‍ മടുപ്പുണ്ടാക്കുന്നു.

നവാഗതനായ ശങ്കര്‍ രാമകൃഷ്ണന്റെ ഐലന്റ്‌ എക്‌സ്‌പ്രസാണ്‌ കേരള കഫെയിലെ യാത്രയില്‍ നാം രണ്ടാമതായി കാണുന്നത്‌. പൃഥ്വിരാജ്‌, ജയസൂര്യ, മണിയന്‍ പിള്ള രാജു, റഹ്മാന്‍, സുകുമാരി എന്നിങ്ങനെ വന്‍താര നിര തന്നെ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. 1988ല്‍ കേരളത്തെ ഞെട്ടിച്ച പെരുമണ്‍ ദുരന്തം ഒരു എഴുത്തുകാരന്റെ ജീവിതത്തില്‍ സൃഷ്ടിച്ച മാറ്റങ്ങളാണ്‌ ഐലന്റ്‌ എക്‌സ്‌പ്രസ്‌ അനാവരണം ചെയ്യുന്നത്‌. അഭിനേതാക്കളുടെ ശൈലിയും അവരുടെ പെര്‍ഫോമന്‍സും എടുത്തുപറയത്തക്കതാണെങ്കിലും ചിത്രത്തിന്റെ കഥാസാരവും അവതരണവും പ്രേക്ഷകരില്‍ ചലനം സൃഷ്ടിയ്‌ക്കാന്‍ കഴിയുന്നില്ല.

നിരാശപ്പെടുത്തുന്ന കാഴ്‌ചകള്‍ക്ക്‌ ശേഷമെത്തുന്ന ഷാജി കൈലാസിന്റെ ലളിതം ഹിരണ്‍മയം പ്രേക്ഷകനെ തൃപ്‌തിപ്പെടുത്തും. കഥയില്‍ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും സ്റ്റൈലന്‍ അവതരണത്തിലൂടെ തന്റെ സൃഷ്ടിയെ മികച്ചതാക്കാന്‍ സംവിധായകന്‌ കഴിഞ്ഞു. കുടുംബസ്ഥനായ ഒരാളുടെ അവിഹിത ബന്ധങ്ങളും അയാള്‍ നേരിടേണ്ടി വരുന്ന വിഷമതകളുമാണ്‌ ഷാജി പ്രമേയമാക്കിയിരിക്കുന്നത്‌. ഭര്‍ത്താവിന്റെ മരണത്തിന്‌ ശേഷം അയാള്‍ അവിഹിതബന്ധം പുലര്‍ത്തിയിരുന്ന പെണ്‍കുട്ടിയെ ഭാര്യ തന്നെ ഏറ്റെടുക്കുന്നതാണ്‌ ഈ സിനിമയുടെ പ്രമേയം. സുരേഷ്‌ ഗോപിയും ജ്യോതിമര്‍മയി, ധന്യ എന്നിവര്‍ ചിത്രവുമായി ഇണങ്ങി ചേര്‍ന്ന്‌ അഭിനയിച്ചിരിയ്‌ക്കുന്നു.


അടുത്ത പേജില്‍
യാത്ര തുടരുന്നു

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam