»   » കേരള കഫേയുടെ യാത്ര തുടരുന്നു

കേരള കഫേയുടെ യാത്ര തുടരുന്നു

Posted By:
Subscribe to Filmibeat Malayalam
Kerala Cafe
ദുരൂഹതകളുടെ ആവരണവുമായി ഒരു ഹൊറര്‍ മൂഡിലാണ്‌ ഉദയ്‌ അനന്തന്റെ മൃത്യുജ്ഞയം ഒരുക്കിയിരിക്കുന്നത്‌. പഴഞ്ചന്‍ ഇല്ലത്തെ കാരണവരെ തേടി ഒരു യുവപത്രപ്രവര്‍ത്തകന്‍ എത്തുന്നതോടെയാണ്‌ മൃത്യുജ്ഞയം ആരംഭിയ്‌ക്കുന്നത്‌. തിലകന്‍, ഫഹദ്‌ ഫാസില്‍, അനൂപ്‌ മേനോന്‍,സ മീര നന്ദന്‍, റീമ കല്ലിങ്കല്‍ എന്നിവരാണ്‌ ചിത്രത്തിലെ അഭിനേതാക്കള്‍. പാളിച്ചകളുണ്ടെങ്കിലും പ്രമേയത്തിന്റെ വ്യത്യസ്‌തത കൊണ്ട്‌ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മൃത്യുഞ്‌ജയത്തിന്‌ എളുപ്പം കഴിയുന്നുണ്ട്‌.

ഹാപ്പി ജേര്‍ണിയിലൂടെ പരിമിതമായ സമയത്തിനുള്ളില്‍ മികച്ചൊരു സിനിമയൊരുക്കാന്‍ അഞ്‌ജലി മേനോന്‌ കഴിഞ്ഞിട്ടുണ്ട്‌. കഴുകന്‍ കണ്ണുകളുമായി സ്‌ത്രീകളെ നോട്ടമിടുന്ന സാമൂഹ്യപശ്ചാത്തലത്തിലാണ് അഞ്‌ജലി മേനോന്റെ ശുഭയാത്ര മുന്നോട്ട് പോകുന്നത്. സുന്ദരിയായ പെണ്‍കുട്ടിയെ നോട്ടമിടുന്ന ഇന്‍ഷുറന്‍സ്‌ ഏജന്റായി ജഗതി ചിത്രത്തില്‍ തിളങ്ങുന്നു. നിത്യ മേനോനാണ്‌ ഹാപ്പി ജേണിയിലെ മറ്റൊരു പ്രധാന താരം.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ദാമ്പത്യ ബന്ധങ്ങളിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ വിശദീകരിയ്‌ക്കുന്ന ബി ഉണ്ണികൃഷ്‌ണന്റെ അവിരാമം പ്രേക്ഷകരെ അദ്‌ഭുതപ്പെടുത്തുമെന്നുറപ്പാണ്‌. സാമ്പത്തിക പ്രതിസന്ധി ഐടി മേഖലയിലുണ്ടാക്കുന്ന അലോസരങ്ങള്‍ കുടുംബബന്ധങ്ങളിലേക്കും വ്യാപിയ്‌ക്കുന്നതുമാണ്‌ അവിരാമത്തിന്റെ കഥാചുരുക്കം. ശ്വേതയും സിദ്ദിഖിന്റെയും മികച്ച പെര്‍ഫോമന്‍സ്‌ ചിത്രത്തിന്റെ നെടുംതൂണാവുന്നുണ്ട്‌.

ബ്രിഡ്‌ജ്‌ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയിലേക്ക്‌ അക്ഷരാര്‍ത്ഥത്തില്‍ പുതിയൊരു പാലമിടുകയാണ്‌ സംവിധായകന്‍ അന്‍വര്‍ റഷീദ്‌. പക്കാ കൊമേഴ്‌സ്യല്‍ ചിത്രങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ വാണിജ്യ സിനിമയുടെ അവിഭാജ്യഘടകമായി മാറിയ സംവിധായകനില്‍ നിന്ന ആരും പ്രതീക്ഷിക്കാത്ത ചിത്രമാണ്‌ പ്രേക്ഷകന്‌ ലഭിയ്‌ക്കുക. സമാന്തരമായ രണ്ട്‌ കഥകളിലൂടെയാണ്‌ ബ്രിഡ്‌ജ്‌ മുന്നോട്ട്‌ നീങ്ങുന്നത്‌. കഷ്ടപ്പാടുകള്‍ക്കിടെ ജീവിയ്‌ക്കുന്ന ഒരാള്‍ തന്റെ അമ്മയെ തെരുവില്‍ ഉപേക്ഷിയ്‌ക്കാന്‍ തീരുമാനിയ്‌ക്കുന്നതാണ്‌ ബ്രിഡ്‌ജിന്റെ പ്രമേയം. ശാന്താ ദേവിയും സലീം കുമാറുമാണ്‌ തങ്ങളുടെ റോളുകള്‍ മനോഹരാമാക്കിയിട്ടുണ്ട്‌.

മികച്ചൊരു സൃഷ്ടി പ്രതീക്ഷിച്ചെത്തുന്ന കാണികളെ നിരാശപ്പെടുത്തുന്ന പ്രകടനമാണ്‌ ഓഫ്‌ സീസണിലൂടെ ശ്യാമപ്രസാദ്‌ നടത്തിയിരിക്കുന്നത്‌. സുരാജിന്റെ ചില നര്‍മ്മ മുഹൂര്‍ത്തങ്ങളല്ലാതെ പ്രേക്ഷകന്‌ ഒന്നും ഈ സിനിമ നല്‍കുന്നില്ല. കോവളത്തെത്തുന്ന ടൂറിസ്‌റ്റുകളായ പോര്‍ച്ചുഗീസ്‌ ദമ്പതികളെ സഹായിക്കാനായി ഒരു ഗൈഡ്‌ എത്തുന്നതും പിന്നീട്‌ അവരുടെ ഇല്ലായ്‌മകള്‍ അയാള്‍ തിരിച്ചറിയുന്നതും സഹായിക്കുന്നതുമാണ്‌ ഓഫ്‌ സീസണ്‍ പറയുന്നത്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

ദത്തെടുക്കലിന്റെ മറവില്‍ നടക്കുന്ന പെണ്‍വാണിഭമാണ് രേവതി സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രത്തിന്‌റെ പ്രമേയം. പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും മികച്ച രീതിയില്‍ മകള്‍ പൂര്‍ത്തിയ്ക്കാന്‍ രേവതിയ്ക്കായിട്ടുണ്ട്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ സോന നായരും ശ്രീനാഥും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.

കേരള കഫേയിലെ ഏറ്റവും രുചികരമായ വിഭവങ്ങളിലൊന്ന് ലാല്‍ ജോസ് ഒരുക്കിയ പുറം കാഴ്ചകള്‍ എന്ന ചിത്രം തന്നെയാണ്. സിവി ശ്രീരാമന്റെ 'പുറം കാഴ്ചകള്‍' എന്ന ചെറുകഥയെ മനോഹരമായാണ് സംവിധായകന്‍ അഭ്രപാളികളിലേക്ക് പകര്‍ത്തിയിരിക്കുന്നത്. ഒരു ബസ് യാത്രയുടെ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന പുറം കാഴ്ചകളിലെ യാത്രക്കാര്‍ മമ്മൂട്ടിയും ശ്രീനിവാസനും പുതുമുഖം ശ്രീലേഖയുമാണ്. മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന പരുക്കനായ യാത്രക്കാരന്റെ വേഷം താരത്തിന്റെ പതിവ് കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്.

മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും കാഴ്ചവെയ്ക്കുന്ന മികച്ച പെര്‍ഫോമന്‍സ് തന്നെയാണ് കേരള കഫേയുടെ ജീവന്‍. ചിത്രത്തിന്റെ സാങ്കേതികവശങ്ങളും ഏറെ നിലവാരം പുലര്‍ത്തുന്നു. ഇതുപോലൊരു വ്യത്യസ്ത ദൃശ്യാനുഭവം പ്രേക്ഷകരിലേക്കെത്തിയ്ക്കാന്‍ കഴിഞ്ഞതില്‍ രഞ്ജിത്തിന് തീര്‍ച്ചയായും അഭിമാനിയ്ക്കാം.

മുന്‍ പേജില്‍
കഫേയിലെ വിഭവങ്ങള്‍ രുചികരം

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam